“സീറോകടവിൽ നിന്ന് വടക്കോട്ട് പോകുമ്പോഴാണ് മെമ്പർ പവിഴപ്പന്റെ വിളി വരുന്നത്”
“വടക്കോട്ട് നീ എവിടെ പോയതാണ്?”
ഇടത്കൈയ്യുടെ ചൂണ്ടുവിരൽ കൊണ്ട് തന്റെ വലതു ചെവിയുടെ പിന്നിലായുള്ള മുടിയിഴകളിൽ ചൊറിഞ്ഞു നാണം കലർന്ന ഒരു ചെറുചിരിയോടെ പഞ്ചമൻ മറുപടി നല്കി,
” അത് സാറെ ഞാൻ ഇടയ്ക്കിടെ വിലാസിനിയുടെ അടുത്ത് പോകാറുണ്ട് “
പക്ഷേ പവിഴപ്പൻ മെമ്പറുടെ വിളി വന്നതോടെ ഇന്നലത്തെ വിലാസിനിദർശനം ക്യാൻസൽ ചെയ്ത താൻ, മെമ്പറും ശിങ്കിടികളും ഒത്തുചേരുന്ന കയർ ഗോഡൗണിലേക്ക് പോയെന്ന് പഞ്ചമൻ,
“നീയും പവിഴപ്പനുമായുള്ള ഇരിപ്പ് വശം എങ്ങനെയാണ് “
വീണ്ടും ചോദ്യം ഉയർന്നു,
“നേരുത്തേ പവിഴപ്പന്റെ ഗോഡൗണിൽ കയറുപണിക്ക് പോകാറുണ്ടായിരുന്നു”
“ഇപ്പോൾ പോകാറില്ലേ?”
“ഇപ്പോൾ കരകമ്പി ചാനലിന്റെ ഓഫീസിൽ സഹായി ആയി നിൽക്കുകയാണ് “
“നിനക്ക് അവിടെ എങ്ങനെ ജോലി ലഭിച്ചു? “
” നമ്മുടെ വടക്കേലെ ഉത്തമണ്ണന്റെ മോൾ അവിടെ വാർത്തവായിക്കുന്നുണ്ട്, സന്ധ്യഉത്തമൻ, അവർ മുഖേന ലഭിച്ച ജോലിയാണ് “
#### #### #####
കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽ എങ്ങും കാണാത്ത ഒരു സവിശേഷത സീറോകടവും, മീത്തലയും, കരേറ്റയും, ആടുതൻമുക്കും, കാടഞ്ചേരിയുമൊക്കെ അടങ്ങുന്ന എന്ന ആ പ്രദേശത്തിനുണ്ട്,
ഈ ഭാഗങ്ങൾ കേന്ദ്രികരിച്ചു ഇപ്പോൾ രണ്ട് പ്രാദേശിക വാർത്താ ചാനലുകൾ പ്രവർത്തിക്കുന്നുണ്ട്,
ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പ്
” സത്യത്തോടെ, ഭയമില്ലാതെ, എപ്പോഴും” എന്ന മുദ്രാവാക്യം മുഖമുദ്രയാക്കി ആരംഭിച്ച ‘കരകമ്പി’ ചാനലാണ് ആ നാട്ടിലെ ആദ്യത്തെ ചാനൽ,
നാട്ടിലാകെ ചൂട് വാർത്തകൾ വിളമ്പി കരകമ്പിചാനൽ മുന്നോട്ട് പോകുന്നതിനിടയിലാണ് കരകമ്പിയിലെ ചില കമ്പികൾ ഇളകിതുടങ്ങിയത്,
വൈകാതെ തന്നെ അങ്ങനെ ഇളകിയ കമ്പികൾ ചേർന്ന് “എപ്പോഴും വാർത്ത” എന്ന പുതിയ ചാനലിന് രൂപം കൊടുത്തത്,
സെൻസേഷണൽ വാർത്തകൾക്കായി ‘കരകമ്പിയും’, ‘എപ്പോഴും വാർത്തയും’ തമ്മിലുള്ള കടിപിടി നിത്യസംഭവമായി മാറി ,
###### #####
“ഞാൻ ഗോഡൗണിൽ ചെല്ലുമ്പോൾ, മെമ്പറും, കാക്കസരസനും അവിടെയുണ്ടായിരുന്നു, കാക്ക സരസൻ ഒരു പെരുംപാമ്പിനെയും കൊണ്ടാണ് വന്നത്, അതിനെ കറിയാക്കുക എന്നതായിരുന്നു എന്റെ ജോലി”
“പെരുംപാമ്പോ?”
“അതേ സാറെ സരസൻ ഇങ്ങനെ ഉള്ള കൊസറാവള്ളികൾ എവിടുന്നേലുമൊക്കെ ഒപ്പിച്ചു കൊണ്ട് വരും, കാക്കയെ വരെ പൊരിച്ചു ചാരായത്തിനൊപ്പം കുടിക്കുന്നവനാണ് സരസൻ, അതല്ലേ അവനെ കാക്കസരസൻ എന്ന് വിളിക്കുന്നത് തന്നെ “
പഞ്ചമന്റെ സംസാരം അപ്പോഴേക്കും ടോപ്പ് ഗിയറിലെത്തിയിരുന്നു,
” കളറും, നാടനുമായി കുടിവെള്ളം ഒരുപാട് ഉണ്ടായിരുന്നു സാറെ,
ഞാൻ കട്ടിക്ക് രണ്ട് നാടൻ അകത്താക്കി പെരുമ്പാമ്പിനെ മെരുക്കാൻ ആരംഭിച്ചു, അപ്പോഴും അവരുടെ സംസാരം ജാനകി മെമ്പറുടെ അഹങ്കാരത്തെ കുറിച്ച് തന്നെയായിരുന്നു, തലേദിവസം ജാനകി മെമ്പർ ‘എപ്പോഴും വാർത്ത’ ചാനലിൽ പോയി പവിഴപ്പൻ മെമ്പർക്കെതിരെ ആരോപണം ഉന്നയിച്ചതും, മെമ്പറുടെ മോളും പവിഴപ്പൻ മെമ്പറുടെ മോനും തമ്മിലുള്ള പ്രേമവുമൊക്കെ അവർ സംസാരിക്കുന്നുണ്ടായിരുന്നു.”
അല്പസമയം മൗനം പാലിച്ച ശേഷം ശബ്ദം താഴ്ത്തി പഞ്ചമൻ പറഞ്ഞു,
“ജാനകി മെമ്പറുടെ നെഗളിപ്പ് ഉടനെ തീർത്തുകൊടുക്കുമെന്നും പവിഴപ്പൻ പറയുന്നുണ്ടായിരുന്നു”
###### #######
ആ പ്രദേശത്തെ പഞ്ചായത്ത് മെമ്പർ സ്ഥാനം വർഷങ്ങളോളം വഹിച്ച വ്യക്തിയാണ്, കയർപവിഴപ്പൻ എന്ന പവിഴപ്പൻ, നിലവിലെ മെമ്പർ ജാനകിയാണ്,
ഇരുവരും തമ്മിൽ അത്ര അടുപ്പത്തിലല്ല എന്ന് മാത്രമല്ല രണ്ടുപേരും ഒരേ പാർട്ടിക്കാരാണെങ്കിലും പരസ്പരം ശീതയുദ്ധത്തിലാണ്,
“പവിഴപ്പ-ജാനകി തർക്കത്തിന് കാരണം കയറോ? പ്രണയമോ?”
എന്ന തലക്കെട്ടിൽ കരകമ്പി ചാനൽ അര മണിക്കൂർ നീളുന്ന സ്‌പെഷ്യൽ പ്രോഗ്രാം തന്നെ ഈ വിഷയത്തിൽ സംഘടിപ്പിച്ചിരുന്നു,
പഞ്ചായത്തിന്റെ തനത് പ്രൊജക്റ്റുകൾക്കായി വർഷങ്ങളായി പവിഴപ്പന്റെ കയറാണ് പഞ്ചായത്ത് ഭരണസമിതി വാങ്ങിയിരുന്നത്, എന്നാൽ ജാനകി സ്ഥാനമേറ്റെടുത്തതോടെ പവിഴപ്പന്റെ കയറിനെ കണ്ടില്ലന്നു നടിച്ചു മറ്റൊരു വ്യക്തിയിൽ നിന്ന് കയർ വാങ്ങുവാൻ തുടങ്ങി, ഇതാണ് ഇരുവരും തമ്മിലുള്ള പൊരുത്തകേടിന്റെ ഒരു കാരണമായി കരകമ്പി ചൂണ്ടികാട്ടിയത്
, മറ്റൊരു കാരണമായി പറയുന്നത്, ജാനകി മകൾ ഉർവ്വശിയും, പവിഴപ്പൻ മകൻ പവിഴകുമാറും തമ്മിലുള്ള പ്രണയമാണ്,പവിഴകുമാർ-ഉർവ്വശി പ്രണയത്തെ ഏറ്റവും കൂടുതൽ എതിർക്കുന്നത് ജാനകിയാണ്,
സംഭവങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കികൊണ്ടാണ് “എപ്പോഴും വാർത്ത” ചാനലിൽ കനലേഷ് നടത്തുന്ന “വാക്കും നാക്കു” മെന്ന മുഖാമുഖ പരിപാടിയിൽ പങ്കെടുത്ത ജാനകി പവിഴപ്പൻ കള്ളനാണെന്നും മകൻ പവിഴകുമാർ പെണ്ണ് പിടിയൻ ആണെന്നുമുള്ള ആരോപണം ഉന്നയിച്ചത്.
ഇതിനിടയിലാണ് ഇന്നലെ രാത്രി മുതൽ ജാനകി പുത്രി ഉർവ്വശിയുടെ തിരോധാനം, അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് ഉദ്യോഗസ്ഥർ പഞ്ചമന്റെ മൊഴിയെടുക്കുന്നത്,
ഉർവ്വശിയെ കാണാനില്ല എന്ന വാർത്ത ആദ്യം നല്കിയത് “എപ്പോഴുംവാർത്ത” എന്ന ചാനലുകാരാണ്,
” ഇന്നലെ അത്താഴം കഴിക്കുമ്പോൾ ഉർവ്വശിയേക്കാൾ പൊരിച്ചമത്തി ഒരെണ്ണം കൂടുതൽ അനുജന് കൊടുത്തു എന്ന കാരണത്താൽ പിണങ്ങി മുറിയിൽ കയറി കതകടച്ചതാണ് “
ചാനലുകാർക്ക് മുന്നിൽ ജാനകി നടന്ന സംഭവം വിശദീകരിച്ചു,
അപ്പോഴേക്കും ‘എപ്പോഴും വാർത്തയിൽ’ ബ്രേക്കിങ്ങ് ന്യൂസ് വന്നു കഴിഞ്ഞിരുന്നു,
” ഉർവ്വശിയുടെ തിരോധാനത്തിന് പിന്നിൽ പൊരിച്ചമത്തി “
ഉർവ്വശിയെ കാണാതായിട്ടും പവിഴകുമാർ സ്ഥലത്ത് തന്നെ ഉള്ളതിനാൽ ഒളിച്ചോട്ടസാധ്യതയും ഒളിമങ്ങി,
ഉർവ്വശിയുടെ തിരോധാനം “എപ്പോഴുംവാർത്ത” ഉത്സവമാക്കുമ്പോൾ ബ്രെക്കിങ് ന്യൂസ് കിട്ടാത്തതിന്റെ പരുങ്ങലിലായിരുന്നു “കരകമ്പി” ചാനൽ,
അവർ ഉർവ്വശിയുടെ പ്രണയവും, ജാനകി – പവിഴപ്പൻ ശീതസമരവും മുതൽ തലേദിവസം പകൽ ഉർവ്വശിയിട്ട അടിയുടുപ്പിന്റെ പ്രത്യേകതവരെ പ്രക്ഷേപണം ചെയ്‌തെങ്കിലും “എപ്പോഴുംവാർത്തയുടെ” പൊരിച്ചമത്തിക്ക് മുന്നിൽ അവയൊക്കെ നിഷ്ഭ്രമമായി,
അപ്പോഴാണ് കരക്കമ്പി സീനിയർ ന്യൂസ് റീഡറായ സന്ധ്യഉത്തമന്റെ തലയിൽ ആ ബുദ്ധിഉദിച്ചത്, സന്ധ്യയുടെ നിർദേശപ്രകാരമാണ് പഞ്ചമൻ പൊലീസിന് മൊഴി നൽകുന്നത്,
##### ##### ##### ####
” എന്നിട്ട് നീ കയർ ഗോഡൗണിൽ നിന്ന് എപ്പോൾ മടങ്ങി “
“പാമ്പിനെ പൊരിക്കുകയും,കറിവെക്കുകയും ചെയ്തിട്ട്, മൂന്നെണ്ണം കൂടി പിടിപ്പിച്ചു പത്തു മണിയോടെ ഞാൻ വീട്ടിലേക്ക് മടങ്ങി സാറെ”
“ശരി ഇപ്പോൾ നീ പൊക്കോ, എന്തേലും ഉണ്ടേൽ വിളിപ്പിക്കാം”
സ്റ്റേഷന്റെ പുറത്തേക്ക് ഇറങ്ങുവാൻ നേരമാണ് പഞ്ചമന്റെ ഓർമ്മയിലേക്ക് സന്ധ്യ പറഞ്ഞ കാര്യങ്ങൾ ഓടിയെത്തിയത്,
” ഉറപ്പിച്ചു പറയേണ്ട, അങ്ങനെ ഒന്ന് തോന്നിയതായ് പറഞ്ഞാൽ മതി, തോന്നൽ ശരിയാകാം, തെറ്റാകാം, പക്ഷേ നമുക്ക് അത്രയും മതി “
തിരികെയെത്തിയ പഞ്ചമൻ ശബ്ദം താഴ്ത്തി പൊലീസുകാരെ അറിയിച്ചു,
” സർ, ആ ഗോഡൗണിന്റെ അകത്തെ മുറിയിൽ ഒരു പെണ്ണിന്റെ ഞരക്കം കേട്ടത് പോലെ ഓർക്കുന്നു “
പഞ്ചമൻ മൊഴി നല്കിയ അതേ നേരം തന്നെ കരകമ്പി ചാനലിൽ ബ്രേക്കിംഗ് ന്യൂസുകൾ നിരവധി നിരന്നു
” ഉർവ്വശിയുടെ തിരോധാനത്തിന് പിന്നിൽ പവിഴപ്പൻ,
ഇന്നലെ രാത്രി ഉർവ്വശിയെ ഗോഡൗണിൽ തടവിലിട്ടതായ് സംശയം,
പവിഴപ്പനെയും,മകനെയും അറസ്റ്റ് ചെയ്യുവാൻ നീക്കം,
കയർഗോഡൗണിൽ പോലീസ് റെയ്ഡ് “
ഉർവ്വശിതിരോധാനത്തിൽ പുതിയ വഴിതിരിവ് ‘കരകമ്പി’ പുറത്തുവിട്ടതോടെ,
“എപ്പോഴും വാർത്ത” യുടെ പൊരിച്ചമത്തിയുടെ ചൂടാറി.
ഗോഡൗൺ റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും, പവിഴപ്പനെയും, മകൻ പവിഴകുമാറിനെയും, കൂട്ടത്തിൽ കാക്കസരസനേയും പോലീസ് ചോദ്യംചെയ്യുവാനായി കസ്റ്റഡിയിലെടുത്തു,അതോടെ കരകമ്പിയുടെയും, എപ്പോഴും വാർത്തയുടെയും ഒരു താൽക്കാലിക ഓഫീസ് തന്നെ പോലീസ് സ്റ്റേഷൻ പരിസരത്ത് തുറന്നു എന്ന് പറയാം,
ചില പോലീസുകാരുടെ കൈത്തരിപ്പിനും പവിഴപ്പനും പുത്രനും വിധേയമായി,
അന്നത്തെ പകലിന്റെ അവസാനം നാട്ടാരെയെല്ലാം ഞെട്ടിച്ചു കൊണ്ട് ഉർവ്വശി പ്രത്യക്ഷപെട്ടു,
“ഉയിർത്തെഴുന്നേറ്റ” ഉർവ്വശിയെ തേടി ചോദ്യങ്ങളുമായി ചാനലുകൾ ഓടിയെത്തി,
” ചില സവിശേഷ സാഹചര്യങ്ങളിൽ നിങ്ങൾ മാധ്യമങ്ങൾ എങ്ങനെ വാർത്തനൽകുമെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് മനസിലാക്കുവാനായി മാറി നിന്നതാണ്, എന്നെ കാണാതായതിന്റെ പേരിൽ എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത ബുദ്ധിമുട്ടാണ് നിങ്ങൾ കാട്ടിയത്, അവർ എവിടെയും പരാതി നൽകിയതുമില്ല, പക്ഷേ നിങ്ങൾ വാർത്തകൾ ചമച്ചതിന്റെ പേരിൽ ചിലർ പോലീസ് കസ്റ്റഡിയിലാണ് അതിന്റെ ഉത്തരവാദിത്തം നിങ്ങൾ തന്നെ ഏറ്റെടുത്തോണം “
ചാനലുകൾക്ക് മറുപടി നൽകി ഉർവ്വശി വീടിനുള്ളിലേക്കും , ചാനലുകാർ തിരികെ പോലീസ് സ്റ്റേഷനിലേക്കും മടങ്ങി,
ചോദ്യം ചെയ്യലിന്റെ പേരിൽ ഒരു പകൽ മുഴുവൻ പോലീസ് സ്റ്റേഷനിൽ ചിലവഴിക്കേണ്ടി വന്ന പവിഴപ്പനും സംഘവും പുറത്തിറങ്ങിയ സമയം ഇരു ചാനലുകാരും ചോദ്യങ്ങളുമായി അവരെ വളഞ്ഞു,
” യാതൊരു തെറ്റും ചെയ്യാത്ത നിങ്ങളെ കേവലം സംശയത്തിന്റെ പേരിൽ ഇത്രയും നേരം പോലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചതിനെ കുറിച്ച് എന്താണ് അഭിപ്രായം? “
“കൃത്യമായ മനുഷ്യാവകാശലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്,മെമ്പർ ജാനകി, ഉർവ്വശി, പോലീസ് ഉദ്യോസ്ഥർ തുടങ്ങിയവർക്കെതിരെ നിങ്ങൾ നിയമനടപടികൾ സ്വീകരിക്കുമോ? “
ഒരുപാട് ചോദ്യങ്ങൾ ഒരേ സമയം ഉയർന്നപ്പോൾ പവിഴപ്പസംഘത്തിന്റെ മറുപടിയുടെ ബാക്കിപത്രമെന്നോണം, കരകമ്പിയുടെയും എപ്പോഴുംവർത്തയുടെയും ക്യാമറകളും മൈക്കുകളും പോലീസ് സ്റ്റേഷൻ പരിസരത്ത് അന്തരീക്ഷത്തിൽ നൃത്തം ചെയ്യുന്നുണ്ടായിരുന്നു,
അന്ന് വൈകിട്ട് ഇരു ചാനലുകളും ആദ്യമായ് അന്തിചർച്ചക്ക് ഒരേ വിഷയം തന്നെ തിരഞ്ഞെടുത്തു,
പോലീസ് സ്റ്റേഷൻ പരിസരത്ത് മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റതായിരുന്നു അന്നത്തെ ചർച്ചാവിഷയം,
കെ.ആർ.രാജേഷ്