തരം തിരിയും തരം
ദിക്ക് തിരിയാത്ത പ്രായം!
ഉദയസൂര്യനെ നോക്കി നിൽകുമ്പോൾ
അമ്മ പറഞ്ഞു;
സൂര്യൻ ഉള്ള ദിക്ക് കിഴക്ക്,
വലതു വശം തെക്ക്,
പിൻവശം പടിഞ്ഞാറ്,
ഇടതു വശം വടക്ക്!
തലക്കു മുകളിൽ വന്ന മധ്യാഹ്നസൂര്യനെ
നോക്കി നിൽകുമ്പോൾ സംശയം തീർക്കാൻ
അമ്മ അടുത്തില്ലായിരുന്നു!
അസ്തമയ സൂര്യനെ നോക്കി നിന്ന്,
അമ്മ ചൊല്ലി തന്നപടി, ഒട്ടും തെറ്റാതെ
പറഞ്ഞൊപ്പിച്ചു, ഞാനമ്മയെ നോക്കി!
അമ്മ പറഞ്ഞു;
‘തല തിരിഞ്ഞവൻ’ -എന്ന്!
പാഠം ചൊല്ലി തരുമ്പോൾ മാഷ് പറഞ്ഞു:
ഭൂമി സ്വയം കറങ്ങി തിരിഞ്ഞു കൊണ്ട്
സൂര്യനെ ചുറ്റി വരുന്ന ഒരു ഗോളമാണ്
സൂര്യൻ കിഴക്കു ഉദിക്കുന്നു
പടിഞ്ഞാറ് അസ്തമിക്കുന്നു!
സ്വയം കറങ്ങി തിരിയുന്ന ഗോളത്തിന്റെ
വശങ്ങൾ എങ്ങിനെ നിർണയിക്കും-സാർ?
എന്റെ സംശയത്തിന് മറുപടി ആയി
മാഷ് പറഞ്ഞു;
‘കുരുത്തം കെട്ടവൻ’ – എന്ന്!
നഖവും ദശയുമായി,
നാക്കും വാക്കുമായി,
മലരും മണവുമായി,
ഉടലും ഉയിരുമായി,
മനസ്സിണങ്ങിയ തുണയെ കൈ പിടിച്ചു
പടി കയറിയപ്പോൾ അച്ഛൻ പറഞ്ഞു:
‘വഴി പിഴച്ചവൻ’ – എന്ന്!
നിലനില്പിന്റെ നിഴൽപ്പാടുകളിൽ
സാങ്കല്പിക പരിണയ രൂപതകളാൽ
മുദ്ര കുത്തപ്പെട്ട്‌
തല തിരിഞ്ഞു,
കുരുത്തം കെട്ടു
വഴി പിഴച്ചു പോകുന്ന
നിമിഷാർത്ഥങ്ങൾ
നിറം തേടുന്ന മയിൽ പീലികളായി
മനസ്സിന്റെ താളുകൾക്കിടയിൽ
അടയിരുന്നു!…
പുനർജനി കാത്ത്!!

By ivayana