പറഞ്ഞു തുടങ്ങുന്ന പാഠമാണ് കഥ.
കഥയിൽ കഥ ഇരിക്കുന്നിടത്തേയ്ക്ക് വായനക്കാരനെക്കൂട്ടിക്കൊണ്ട് വരുന്നവനാണ് കഥാകാരൻ.
”സെന്റ് ക്രോയക്സ് നദിയുടെ മുകളിൽ നിന്നു കൊണ്ട് ഓഹിയോയ്ക്കു തിരിച്ചു പോകുന്നതിനു മുമ്പത്തെ രാത്രിയിൽ ഞാനവളെ ചുംബിച്ചു.ഞങ്ങളുടെ ചുറ്റും നിശബ്ദത തളംകെട്ടി നിന്നിരുന്നു.കാറിനുനേരേ നടക്കുമ്പോൾ അവൾ എന്റെ അരക്കെട്ടുചുറ്റിപ്പിടിച്ചു നിർത്തി മന്ത്രിച്ചു;”ഞാൻ കന്യകയാണ് അതോർമ്മയിരിക്കട്ടെ” പി.പത്മരാജന്റെ ‘ലോല’യെന്ന കഥയിലേതാണ് ഈ വരികൾ.
ഒരു കഥ അതിന്റെ കാമ്പിലേയ്ക്കുള്ള യാത്രയ്ക്കായുള്ള മുന്നൊരുക്കമാണിത്.പ്രണയത്തിന്റെ ഭാവതരളിതമായ ഒരു മനോഹാരിതയിൽ ഉരുത്തിരിഞ്ഞു വരുന്നൊരു സന്ദേഹമാണത്.ലോലാ മിൽഫോർഡ് എന്ന അമേരിക്കൻ സുന്ദരിയുടെ വാക്കുകളാണിതെന്നുള്ളതാണ് സന്ദേഹ ഹേതു! കഥയുടെ തുടക്കം തന്നെ സന്ദേഹമാണ്. അതും,പേരിൽത്തന്നെ! സംസ്കൃതത്തിലുള്ളൊരു പേരോയെന്ന അതിശയോക്തിയുടെ അതിപ്രസരമുള്ളൊരു സന്ദേഹം.
സംസ്കൃതത്തിലുള്ള പേരുപറയുന്നത് മലയാളത്തിലാണ്.”താമരയുടെ രാജാവ്” വായനക്കാരൻ ചിന്തിച്ചു പോകാതിരിക്കുന്നതെങ്ങനെ! മുൻപേ സൂചിപ്പിച്ച ലോലയുടെ വാക്കുകളിലൂടെ കഥയുടെ ഒരു കറങ്ങിത്തിരിയലുണ്ട്.നാലുമാസത്തെ അമേരിക്കൻ ജീവിതത്തിനിടയിൽ ലജ്ജിച്ചുകണ്ട ആദ്യത്തെ അമേരിക്കക്കാരിയായിരുന്നു അവൾ എന്ന് കഥ തന്നെ പറയുന്നുണ്ട്.(അമേരിക്കക്കാരികൾക്ക് ലജ്ജയുണ്ടായിക്കൂടായെന്നില്ല) ആ അവൾ,അതേ,അമേരിക്കക്കാരി തന്നെയാണു പറയുന്നത് ”ഞാൻ കന്യകയാണ് അതോർമ്മയിരിക്കട്ടെ”യെന്ന്.
തനി നാടൻ സങ്കല്പങ്ങൾക്കിത് അവിശ്വസനീയമാവാം.അല്ലെങ്കിൽ;ആണ്.മാർക്ട്വെയിനിനെക്കുറിച്ച് വാചാലയാകുന്നവളാണ് ലോലയെന്നത് മറ്റൊരുകാര്യം.പി.പത്മരാജന്റെ ‘ലോല’യിൽ പ്രണയം പ്രധാന കഥാപാത്രമായിത്തീരുന്നതിന്റെ കാരണങ്ങൾ ഇതൊക്കെത്തന്നെയാണ്.പ്രണയം പ്രമേയത്തിനുമപ്പുറം പ്രതീകവൽക്കരിക്കപ്പെടുന്നൊരു കാഴ്ചയല്ല ‘ലോല ‘യിൽ കാണുന്നത്.എന്തെന്നാൽ,പ്രണയമിവിടെ പ്രത്യക്ഷ വസ്തുവാണ്.പ്രണയത്തിന്റെ പ്രഥമ ചൂണ്ടുപലകയായ കണ്ണിന് കഥയിലുള്ള സ്ഥാനം അത് വ്യക്തമാക്കിത്തരുന്നുമുണ്ട്.താമര അതിന്റെ മറ്റൊരു രൂപമാണ്.കാരണം;ഭാരതീയ പുരാണങ്ങളെ അടിസ്ഥാനമാക്കിച്ചിന്തിച്ചാൽ കാമദേവന്റെ അസ്ത്രങ്ങളിലൊന്നാണത്.
”പെണ്ണിനൊരാണിലൊരു പ്രേമ താമരയ്ക്കിന്നു കന്ദർപ്പൻ വേണമല്ലോ കന്ദംസമർപ്പയിതും ”എന്ന് ഉണ്ണായിവാര്യർ (‘നളചരിതം’)പറഞ്ഞുവച്ചതും ഇവിടെയോർക്കാൻ മികച്ച ഉദാഹരണമാണ്.ജല രൂപങ്ങളായി നദികളുടെ പേരുകൾ നനവു പടർത്തുന്നത് കഥയിൽ പ്രണയത്തിന്റെ കുളിർമ്മ അനുഭവവേദ്യമാക്കുന്നുണ്ട്.തടാകങ്ങളിലെ നിശ്ചലതയും നദികളിലെ ഒഴുക്കും പ്രണയത്തിന്റെ നൈർമല്യം,ആഴം,അനർഗളത എന്നിവ വെളിവാക്കുന്നതായിച്ചിന്തിച്ചാലും അതിൽ തെറ്റൊന്നുമില്ല.”കഥയിൽ ചോദ്യമില്ല” എന്ന ന്യായവാദ പ്രകാരം അത്തരം ചിന്തകളും ശരിയാവുക തന്നെ വേണം.
ലോലാ മിൽഫോർഡിന്റെ പൂർവ്വ കഥ പ്രണയത്തിരികൾക്ക് പ്രഭകൂട്ടുകയാണു ചെയ്യുന്നത്.ഭൂഖണ്ഡങ്ങൾ തമ്മിലുള്ള അന്തരം,മതം എന്നിവ കെട്ടുപാടുകൾ തീർത്ത നിസ്സഹായതയ്ക്കുവേണ്ടി രക്ഷപ്പെടാനുള്ള ഉപകരണങ്ങളാക്കുമ്പോൾ പൗരത്വവും മതപരിവർത്തനവും പ്രത്യുപകരണങ്ങളാവുന്നത് പ്രണയം പ്രതിഷ്ഠിതമായിപ്പോയതിന്റെ സമസ്യാ പൂരണങ്ങളായാണ്.അതൊരു കടുത്ത മത്സരമാണ്.
ഉറപ്പിച്ചുനിർത്താനുള്ള അഭിവാഞ്ചയും മനസ്സോടെയല്ലെങ്കിലും ഉപേക്ഷിക്കാതെ നിവൃത്തിയില്ലെന്ന നിസ്സഹായതയും തമ്മിലുള്ള മത്സരം.രക്ഷപ്പെടലിനു വേണ്ടി എടുത്തുപയോഗിക്കുന്ന ”ദാരിദ്ര്യം” എന്ന വാക്ക് കഥയിൽ യഥാർത്ഥത്തിൽ അലോസരമാണ്. പ്രണയികളുടെ വാക്കുകൾ ഒരു തരത്തിലും വഴി പിഴയ്ക്കുന്നില്ല എന്നതാണ് ‘ലോല’യിലെ പ്രണയത്തിന്റെ ഏറ്റവും വലിയ സുതാര്യത.കാമനകളുടെ യാതൊരമിതാഭിനിവേശവും ‘ലോല’ കാട്ടിത്തരുന്നില്ല.നീറ്റലാണ് ഈ കഥയുടെ ആത്മാവ്.
നാട്ടിലേക്കു മടങ്ങിപ്പോവുന്ന തിനുമുമ്പുള്ള അവസാനത്തെ ഒരാഴ്ചയാണ് നമ്മുടെ മധുവിധു എന്ന് ലോല പറയുന്നിടത്തു നിന്നുമാണ് കഥ പൂർണ്ണതയിലേയ്ക്ക് നടന്നടുക്കുന്നത്.ഇവിടെയൊന്നും തൃഷ്ണകൾ പൊട്ടിത്തെറിക്കുന്നതേയില്ല.പക്വതയാർജ്ജിച്ച രണ്ടു മനസ്സുകളുടെ വിവേക പൂർണ്ണമായ ഇടപെടൽ മാത്രമാണിവിടെയുള്ളത്.ക്ലൈമാക്സ് കഥയ്ക്ക് നൽകുന്നൊരു താളം പരസ്പരമുള്ളനൊമ്പരപ്പെടലിന്റെ ആലേഖനമാണ്.
മനസ്സുകൾ തമ്മിലുള്ള അടുപ്പം മറവിയാകില്ലെന്നു ചിന്തിക്കുന്ന രണ്ടുമനസ്സുകൾ കൊരുത്തെടുക്കുന്ന പരിശുദ്ധ പ്രണയത്തിന് വിഘാതങ്ങൾ സമ്മാനിക്കുന്ന ഗാഢമായ തീവ്രത തന്നെയാണ് ‘ലോല ‘യിലെ പ്രണയത്തിന്റെ പരമാധികാരം.”നീ മരിച്ചതായിഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക” എന്നു പറഞ്ഞു തീർക്കുന്നതും അതുകൊണ്ടു തന്നെയാണ്.