ചോരയുടെയും മാംസത്തിന്റെയും
മണമില്ലാത്ത ചിതലുതിന്നാത്ത
പഴയ കവിതകൾ തിരയുകയാണ്…!
എഴുതിവച്ച കടലാസ്സുകളും
അന്നത്തെ ചിന്തകളും കൈമോശം വന്നിരിക്കുന്നു!.
ഓർമകളിൽ ചികഞ്ഞ്
ചിതലുതിന്നാത്തവമാത്രം
തപ്പിയെടുത്ത്‌
പകർത്തിയെഴുതുമ്പോഴെല്ലാം
ഓരോ പുതിയ കവിത ജനിക്കുന്നു
ഇന്നത്തെ കവിതകൾ!!
ചോരയൊലിയ്ക്കുന്ന ദുരന്തങ്ങളുടെ-
ഭാണ്ഡങ്ങൾ കയറ്റി കിതയ്ക്കുന്ന
കവിതകൾ….!
ജീവനില്ലാത്ത ജീവികൾ പെറ്റുപെരുകി അസ്വസ്ഥമാക്കുന്ന
ജീവിതങ്ങളുടെ കവിതകൾ….!
ആറടിമണ്ണും സ്വന്തമില്ലെന്നറിഞ്ഞ്
ആകാശത്തിനുകീഴെ
ഭൂമി എവിടെയെന്നന്വേഷിച്ചിറങ്ങിയ
ആയിരങ്ങളുടെ വെയിൽകത്തുന്ന കണ്ണുകളുടെ കവിതകൾ
പലായനത്തിന്റെ കവിതകൾ….!
എനിക്കുവേണ്ടത് മനസ്സുകരിയുന്ന
ഈ കവിതകളല്ല!;
മരിക്കാത്ത ഓർമകളിൽ
തെളിഞ്ഞുനിൽക്കുന്ന
ചിതലുതിന്നാത്ത
എന്റെ പഴയ കവിതകളാണ്;
നെൽവയലുകലും, തോടുകളും
കുളങ്ങളും ഇടവഴികളും
ആൽമരതണലുകളും ചെടികളും
പൂക്കളും മാവിൻതോപ്പുകളും..
തുലാവർഷവും വൃശ്ചികകാറ്റും
മകരമഞ്ഞും ശരണം വിളികളുമുള്ള
എന്റെ നാടിന്റെ
ചിരിയ്ക്കുന്ന കവിതകൾ;
സ്നേഹം തുളുമ്പുന്നകവിതകൾ!!!.
എങ്ങിനെ എഴുതും ഞാൻ
ഇന്നിന്റെ കാഴ്ചകളിൽ ഇല്ലാത്ത,
ചിന്തകളിൽ മരിച്ചുകഴിഞ്ഞ,
ചിതലുതിന്നാത്തയാ പഴയകവിതകൾ!!.
~~
വി.ജി മുകുന്ദൻ (vgm)

By ivayana