എഞ്ചിനിയറിംഗ് പഠിച്ചിറങ്ങി പത്തുവർഷത്തിനിടയിൽ ഗൾഫിലെ അഞ്ചാമത്തെ കമ്പനിയിലാണ് ഗംഗാദാസ് എന്ന ഗംഗ ജോലിക്ക് ചേരുന്നത്,

രണ്ടു വർഷത്തിൽ കൂടുതൽ ഇതിന് മുമ്പ് ഒരു കമ്പനിയിലും ഗംഗ തുടർച്ചയായി ജോലി ചെയ്തിട്ടില്ല.

പുതിയതായി ജോയിൻ ചെയ്ത കമ്പനിയുടെ ഹെഡ് ഓഫീസിൽ അപ്പോയ്ന്മെന്റ് ലെറ്ററും കാത്തിരിക്കവെയാണ് സോജന്റെ കടന്നുവരവ്.

” ഡാ കാളിയുടെ സൈറ്റിൽ തന്നെയാണ് നിനക്ക് ജോലി, ശ്രദ്ധിക്കണം ഒരു പ്രത്യേക ഇനമാണ് , ആയിരത്തിൽ ഒന്നേ കാണു ഇത്തരം ഐറ്റംസ്,

ഇണങ്ങിയാലും, പിണങ്ങിയാലും കുഴപ്പമാണ്, മറ്റു സ്റ്റാഫുകൾ ഒരുപാട് നാൾ അങ്ങേരുടെ സൈറ്റിൽ നിൽക്കാറില്ല,

നിന്റെ സാഹചര്യങ്ങൾ ഓർത്ത് വേണം അങ്ങേരുടെ കൂടെ നിൽക്കാൻ “

ഗംഗയും സോജനും മുമ്പ് ഗൾഫിൽ ഒരേ കമ്പനിയിൽ ജോലിചെയ്തിട്ടുള്ളതാണ്, സോജൻ മുഖേനയാണ് ഗംഗ പുതിയ കമ്പനിയിൽ ഇപ്പോൾ ജോലിക്ക് കയറിയത്,

ജോലിയിൽ വരാൻ പോകുന്ന വൈതരണികളെ ക്കുറിച്ച് വിശദമായി തന്നെ ഗംഗയ്ക്ക് സോജൻ ക്ലാസ്സ് നൽകി, ഒപ്പം കാളിദാസൻ എന്ന തിരുവനന്തപുരത്ത്കാരൻ സൈറ്റ് മാനേജരുടെ സ്വഭാവഗുണങ്ങളും സോജൻ ഗംഗക്ക് വിശദീകരിച്ചു.

ആദ്യ ദിവസം സൈറ്റ് ഓഫീസിലെത്തി റിപ്പോർട്ട് ചെയ്ത ഗംഗക്ക് മുന്നിൽ, കമ്പനിയിൽ ഏവരും കാളി എന്ന് വിശേഷിപ്പിക്കുന്ന കാളിദാസൻ ജോലിയെക്കുറിച്ച് വാചാലമായി,

” സിവിൽ എഞ്ചിനിയറിംഗ് ഇസ് ദി മദർ ഓഫ് എഞ്ചിനിയറിംഗ് “

എന്ന ആപ്തവാക്യത്തിൽ തുടങ്ങി,

സൈറ്റിന്റെ സ്വഭാവത്തെക്കുറിച്ചും, പ്രോഗ്രസ്സിനെക്കുറിച്ചും, വീക്കിലി, മന്ത്‌ലി പ്ലാനിങ്ങുകളെക്കുറിച്ചും ദീർഘമായ വിശദീകരണം.

” എന്ത് നല്ല പെരുമാറ്റം, ചുമ്മാ സോജൻ എന്നെ കളിയാക്കാൻ പറഞ്ഞതാവും “

അടുത്ത ദിവസം മുതൽ റെഗുലർ ഡ്യുട്ടിക്ക് കയറാം എന്ന ധാരണയിൽ സൈറ്റ് മാനേജരുടെ ക്യാബിനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കാളിയെ കുറിച്ച് ഗംഗയുടെ മനസ്സിൽ വിരിഞ്ഞരൂപം മറ്റൊന്നായിരുന്നു,

” കമ്പനിയിൽ പുതുതായി ജോയിൻ ചെയ്ത സാറിനെ എന്തിനാണ് ഇങ്ങേരുടെ സൈറ്റിൽ തന്നെ ഇട്ടത് എന്ന് മനസിലാകുന്നില്ല,

നാറിയാണ് സാറേ വെറും നാറി,

പഴയ മാടമ്പി സ്വഭാവം ആണ്, കമ്പനിയിൽ ഒരുപാട് വർഷം സർവീസ് ഉള്ള ആളാണ്,

മറ്റ് എഞ്ചിനിയേർസ് ആരും ഇങ്ങേരുടെ സൈറ്റിൽ അധികനാൾ നില്ക്കില്ല, ഒന്നുകിൽ അവർ ജോലി ഇട്ടിട്ട് പോകും, അല്ലേൽ ഇങ്ങേരു റിപ്പോർട്ട് ചെയ്തു ടെർമിനേറ്റ് ചെയ്യിക്കും,

കമ്പനിയിലെ ഉന്നതമാനേജർമാർക്കിടയിൽ
‘ ടെർമിനേഷൻ കാളി ‘ എന്ന ഒരു വിളിപ്പേര് കൂടി ഇങ്ങേർക്കുണ്ട് “

ഞാൻ മൂന്ന് വർഷമായി ഇങ്ങേരുടെ സൈറ്റിൽ തന്നെ ജോലിചെയ്യുന്നു , ഗതികേട് കൊണ്ടാണ് സാറേ, നാട്ടിലെ ഒരു പഴയ പ്രീഡിഗ്രിക്കാരന് ഇതിനേക്കാൾ നല്ലൊരു ജോലി എളുപ്പമല്ലാത്തത് കൊണ്ട്, പലതും കണ്ടില്ല, കേട്ടില്ല എന്ന ഭാവത്തിൽ പിടിച്ചു നില്ക്കുന്നു, “

അറ്റൻഡൻസ് ബുക്കിൽ ഒപ്പ് വെക്കാൻ ടൈം കീപ്പറുടെ ക്യാബിനിലെത്തിയപ്പോൾ, മലയാളിയായ ടൈം കീപ്പർ നൗഷാദ് വക കാളിയുടെ സവിശേഷതകളെ കുറിച്ചുള്ള ജാഗ്രതാനിർദ്ദേശം,

അല്പ്പം മുമ്പ് സൈറ്റ് മാനേജരുടെ ക്യാബിനിൽ തന്നോട് ചിരിച്ചു സംസാരിച്ചപ്പോൾ പുറത്ത് കണ്ട കറുത്തകാളിയുടെ വെളുത്തപല്ലിനിടയിലെ, കോമ്പല്ലുകൾ നൗഷാദിന്റെ വാക്കുകളിലൂടെ ഗംഗയുടെ മനസ്സിൽ പതിഞ്ഞു,

##### ##### ##### ##########

അവസാനം ജോലിചെയ്ത കമ്പനിയിൽ നിന്നും ജോലി ഉപേക്ഷിച്ചു നാട്ടിൽ പോയതിന് ശേഷം ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ ഗംഗയുടെ ഗൾഫിലേക്കുള്ള മടങ്ങിവരവ്,

ആ രാത്രി കമ്പനിവക ഫ്ളാറ്റിലെ തന്റെ മുറിയിൽ, പുതിയ സാഹചര്യങ്ങളോടും, താമസസ്ഥലത്തോടും പൊരുത്തപ്പെടുവാൻ മടികാണിക്കുന്ന മനസ്സിനെ വരുതിയിലാക്കുവാൻ, തനിക്കേറെ പ്രിയപ്പെട്ട ബെക്കാഡി റമ്മിന്റെ രണ്ടാമത്തെ പെഗ്ഗിനെ ഗംഗ അകത്താക്കിയ നേരത്ത് തന്നെയാണ്, ഗംഗയുടെ താമസസ്ഥലത്ത് നിന്ന് ഏറെ അകലെയല്ലാതെ താമസിക്കുന്ന സോജൻ മുറിയിലേക്ക് കടന്നുവന്നത്,

തുടർന്ന് ഇരുവരുടെയും സംഭാഷണം നാട്ടിലും, വീട്ടിലും കറങ്ങി, പുതിയ കമ്പനിയിലും, കാളിയിലും തന്നെ എത്തിചേരാൻ അധികസമയം വേണ്ടിവന്നില്ല,

” അങ്ങേര് എന്റെ നേർക്ക് മര്യാദകെട്ട് പെരുമാറിയാൽ, ഞാൻ പ്രതികരിക്കും “

സംഭാഷണത്തിനിടയിൽ എപ്പോഴോ ഗംഗ, പഴയഗംഗയിലേക്ക് മാറുന്നതിന്റെ സൂചന വാക്കുകളിൽ നിന്ന് വായിച്ചെടുക്കാൻ സോജന് കഴിഞ്ഞു,

” പ്രതികരണ ശേഷി കൂടിയത് കൊണ്ടല്ലേ ഇത് ഗൾഫിൽ നിന്റെ അഞ്ചാമത്തെ തട്ടകം ആകുന്നത്, അത് കൊണ്ട് തന്നെയാണ് നിന്നോട് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്,

എന്തിനും മുമ്പ് നിന്റെ നിലവിലെ സാഹചര്യങ്ങൾ ഓർക്കുക “

ഉപദേശത്തിന്റെയും, താക്കീതിന്റേയും, സൗഹൃദം കലർന്ന ശബ്ദമായിരുന്നു സോജന്റെ വാക്കുകളിൽ,

” എന്തോ ആ കാളി മനസ്സിൽ വല്ലാത്ത അസ്വസ്ഥ ഉളവാക്കുന്ന ചിത്രമായി കിടക്കുന്നു, ഒപ്പം ഇവിടെ ഈ മുറിയിൽ ഒറ്റക്ക് കിടക്കുമ്പോൾ വല്ലാത്ത വീർപ്പ്മുട്ടലും “

മടങ്ങാനൊരുങ്ങിയ സോജന് മുന്നിൽ ഗംഗയുടെ വാക്കുകൾ ഒരു ചെറുബാല്യക്കാരന്റെ പരിഭവം പോലെ ഉയർന്നു,

” എന്തുവാടെ ഇതൊക്കെ, മാവേലിക്കര സബ്ജയിലിൽ വിചാരണതടവുകാരനായി മാസങ്ങൾ കഴിഞ്ഞവന്, ഇവിടെ വീർപ്പുമുട്ടൽ പോലും, കളിയെടുക്കാതെ കിടന്നുറങ്ങാൻ നോക്കടെ “

സോജൻ മുറിവിട്ട് പിന്നെയും ഏറെ സമയത്തിന് ശേഷം, ഏറെക്കാലത്തെ കാത്തിരിപ്പിന് അറുതിവരുത്തി മുന്ന് മാസത്തിനുള്ളിൽ കടന്നുവരാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള ഓർമ്മകളെ തലോടി, മനസ്സിന്റെ വാതിൽ ഉറക്കത്തിനായി തുറന്നിട്ട്‌ കിടക്കയിലേക്ക് ചാഞ്ഞെങ്കിലും ഗംഗയുടെ മനസ്സിലേക്ക് ഇടവിട്ട് കടന്നുവന്ന കാളിയും, റൂമിലെ ഏകാന്തതയും ഉറക്കത്തിനു വിഘാതമായി, ഒടുവിൽ വീണ്ടും ഒരു പെഗ്ഗ് ബെക്കാഡി റമ്മിനെ സേവിച്ചു രാത്രിയിലെപ്പോഴോ ഉറക്കത്തിലേക്ക്,

തൊട്ടടുത്തുള്ള ദിവസങ്ങളിൽ തന്നെ കാളിയുടെ തനിരൂപം സൈറ്റിൽ വെച്ചും ഓഫീസിൽ വെച്ചും ഗംഗ നേരിൽകണ്ടു,

എന്തിനോടും പുച്ഛവും, മേധാവിത്വവും കാട്ടുന്ന തനി മൂരാച്ചി, അരഗൻസിയുടെ അപ്പോസ്തലൻ,

ഗംഗ തന്റെ മനസ്സിൽ കാളിക്ക് മാർക്കിട്ടു,

തുടർന്നുള്ള ഗംഗയുടെ രാത്രികളും പതിവ് പോലെ അസ്വസ്ഥത നിറഞ്ഞത് തന്നെയായിരുന്നു,

ജോലിക്ക് കയറിയതിന്റെ ആദ്യ ആഴ്ച്ചയുടെ അവസാന ദിവസത്തെ ഒരു ഉച്ച നേരത്ത് സൈറ്റിൽ സകലരുടെയും മുന്നിൽ വെച്ച് കാളി ഗംഗക്ക് നേരേ കാളിയനെപ്പോൽ പത്തിനിവർത്തിയാടി,

” വാട്ട്‌ ആർ ദി ഫക്കിങ് ജോബ് ആർ യു ഡൂയിങ്‌ ഹിയർ “

കാളിയുടെ നാവിൽ നിന്ന് ആംഗലേയം തെറിയുടെ കെട്ടഴിഞ്ഞു വീണപ്പോൾ,

ചിലക്കാതിരിയെടാ നായിന്റെ മോനെ……… യെന്ന് പച്ചമലയാളത്തിൽ മറുപടി പറയുവാൻ തുനിഞ്ഞ നേരത്ത് തന്നെ ഗംഗയുടെ മനസിലേക്ക്, ഗർഭിണിയായ ഭാര്യയും, വർഷങ്ങളായി തളർന്ന് കിടക്കുന്ന അമ്മയുടെയും മുഖം കടന്നു വന്നതോടെ,

“സോറി സർ”

എന്ന രണ്ടു വാക്കിൽ ഗംഗ മറുപടിയൊതുക്കി,

” പറ്റില്ലെടെ, അങ്ങേരുടെ കൂടെ പറ്റില്ല, മിക്കവാറും ഞാൻ പിടിച്ചു പൊട്ടിക്കും
അങ്ങേരെ “

ആ രാത്രിയിൽ സോജന് മുന്നിൽ ഗംഗ വീണ്ടും പരിഭവങ്ങളുടെ മടിശീല അഴിച്ചു,

ഇന്നത്തെ സാഹചര്യത്തിൽ നാട്ടിൽ ഇപ്പോൾ ഒരു എഞ്ചിനിയർക്ക് ലഭിക്കാവുന്ന ശമ്പളത്തിന്റെ പരിമിതികളൊക്കെ സോജൻ പതിവ് പോലെ ഉരുവിട്ടു, ഒപ്പം മുറിയിൽ നിന്ന് മടങ്ങാൻ നേരം തമാശ രൂപേണ ഗംഗയോടായി ഒരോർമ്മപ്പെടുത്തലും,

” പണ്ട് കാളി ആദ്യമായ് ഈ കമ്പനിയിൽ വരുമ്പോൾ, താമസിച്ചത് ഈ റൂമിൽ ആയിരുന്നു,
നീ മനസ്സ് വെച്ചാൽ നിനക്കും കാളിയുടെ പൊസിഷനിൽ എത്താം,

മനഃസാക്ഷിയും, വൈകാരികതയുമൊക്കെ മാറ്റിവെക്കണമെന്ന് മാത്രം “

സോജന്റെ വാക്കുകൾക്ക് ഒരു ചിരി മാത്രമായിരുന്നു ഗംഗയുടെ മറുപടി,

##### ##### ###### ###### ######

സൈറ്റിലെ സകല ജോലിക്കാരെയും തള്ളക്കും പെങ്ങൾക്കും ചേർത്ത് രാഷ്ട്രഭാഷയിൽ തെറിവിളിക്കുന്ന കാളിയെ ഗതികേട് കൊണ്ട് മാത്രമാണ് ആരും കൈവെക്കാത്തത് എന്ന യാഥാർഥ്യം ഗംഗക്ക് അപ്പോഴേക്കും മനസിലായി കഴിഞ്ഞിരുന്നു,

കമ്പനിയുടെ തന്നെ മറ്റ് സൈറ്റുകളിൽ പ്രശ്നം ഉണ്ടാക്കുന്നവരെ നല്ലനടപ്പിന് കൊണ്ടിടുന്നതും കാളിയുടെ സൈറ്റിൽ ആണ്.

ഗംഗ കമ്പനിയിൽ ജോയിൻ ചെയ്തു ഏകദേശം ഒരു മാസം പിന്നിട്ടിരിക്കുന്നു,

പതിവ് സൈറ്റ് വിസിറ്റിംഗ് നടത്തുന്ന കാളി, കൂടെ ഗംഗയും,

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ എമർജൻസി സ്റ്റെയർകെയ്‌സിന്റെ ഒരു മൂലക്കായ് നിന്ന് ഫോൺ ചെയ്യുന്ന ഏകദേശം അറുപതു വയസ്സ് അടുപ്പിച്ചു പ്രായമുള്ള ഷമീം ഇഖ്ബാൽ എന്ന ഉത്തർപ്രദേശ്കാരനെ കാളിയുടെ കണ്ണുകളിൽ തടഞ്ഞു,

ഷമീം ഫോണിൽ സംസാരിക്കുകയല്ല, കരയുകയാണ്, ഗംഗയെയും കാളിയെയും കണ്ട് കണ്ണീരോടെ അവർക്കരികിലേക്ക് വന്ന ഷമീമിനെ കാളി വരവേറ്റത് തന്റെ തിരുവായിൽ നിന്ന് തടസ്സമില്ലാതെ ഒഴുകുന്ന അശ്ലീലം ചേർത്താണ്,

” സാലെ ചൂ…….യ, തും ഇദർ കൊണാ മേം ആകെ, കിസ്‌കോ ഗാ………മാർരേ “

ഇറ്റുവീഴുന്ന കണ്ണീരിനൊപ്പം ഷമീമിൽ നിന്ന് പുറത്തേക്ക് വന്ന വാക്കുകൾക്ക് ചെവി കൊടുക്കാതെ, അയാളുടെ മൊബൈൽ വാങ്ങി നാലാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ശേഷം,കാളി മുന്നോട്ട് നീങ്ങുമ്പഴും ഷമീമിന്റെ വാക്കുകൾ പാതിവഴിയിൽ നിലച്ചു പോയിരുന്നു,

” സാറേ ഈ കാണിക്കുന്നത് തെമ്മാടിത്തരമാണ്, അയാൾക്ക് പറയാനുള്ളത് എങ്കിലും കേൾക്കണ്ടേ “

മനസ്സിൽ തോന്നിയ രോഷവും എതിർപ്പും കാളിക്ക് മുന്നിൽ തുറന്നു പറയാൻ തുടങ്ങിയപ്പോഴേക്കും, ഗംഗയുടെ മനസ്സിലേക്ക് സഹകരണബാങ്കിൽ നിന്ന് വിരുന്ന് വന്ന വീടിന്റെ ജപ്തിനോട്ടീസ് തെളിഞ്ഞു,

ഒപ്പം ഓർമ്മകൾ പഴയ ഗംഗയിലേക്ക്,

ഇതുപോലെ ഒരു തെമ്മാടിത്തരം കാണിച്ചതിന് ആണല്ലോ, ഷാനവാസിനെ അവന്റെ കടയിൽ കയറി താനുൾപ്പടെയുള്ളവർ വെട്ടിയത്,

എഞ്ചിനിയറിങ് പഠിച്ചിറങ്ങിയ കാലം, നാട്ടിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന കാലം,

നാട്ടിലെ പലചരക്ക് കടക്കാരൻ ഹനീഫയുടെ മകൻ ഷാനവാസ്‌, മരിച്ചു പോയ ചെത്തുതൊഴിലാളി സഖാവ് ബാലന്റെ ഭാര്യ രാധ ചേച്ചിയെ, കടയിലെ പറ്റ് കാശ് കൊടുക്കാൻ വൈകിയതിന് നാട്ടാരുടെ മുന്നിൽ വെച്ച് കൈക്ക് കയറിപിടിച്ചപ്പോൾ, മണിക്കൂറുകൾക്കുള്ളിൽ കടയിൽ കയറി ഷാനവാസിന്റെ വലതുകൈ വെട്ടിനുറുക്കിയ വിപ്ലവവീര്യം, ഇന്നിപ്പോൾ അറബ് നാട്ടിൽ പരാധീനതകളുടെ പകിടകളിക്ക് മുന്നിൽ ഒലിച്ചുപോയെന്ന യാഥാർഥ്യം ഉൾക്കൊണ്ട് ഓഫീസിൽ തന്റെ ക്യാബിനിലിരിക്കുന്ന ഗംഗയെ തേടി, ടൈം കീപ്പർ നൗഷാദും, ഷമീമും കടന്നു വന്നു,

ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഉത്തർപ്രദേശിലെ ഏതോ ഗ്രാമത്തിൽ നിന്നും ഷമീമിനെ തേടിയെത്തിയ ഫോൺകാൾ, അദ്ദേഹത്തിന്റെ മകൻ മരണപെട്ടു എന്ന വാർത്തയായിരുന്നു, എമർജൻസി ലീവിനുള്ള അപേക്ഷയുമായി വിറയാർന്ന കൈകളുമായി നിൽക്കുന്ന ഷമീമിന് മുന്നിൽ തലകുനിച്ചു നിൽക്കാനേ ഗംഗക്ക് കഴിഞ്ഞുള്ളു.

####### ####### ######## ######

ഗംഗ ഏകദേശം മുന്ന് മാസം കാളിക്കൊപ്പം ആ സൈറ്റിൽ പിന്നിട്ടിരിക്കുന്നു, നിശ്ശബ്ദമായ നാവും, അടഞ്ഞ കണ്ണുകളുമായി, മാസത്തിന്റെ തുടക്കത്തിൽ അകൗണ്ടിൽ വീഴുന്ന അറേബ്യൻ കറൻസിയിൽ മാത്രം ശ്രദ്ധിച്ചു മുന്ന് മാസക്കാലം,

അന്നത്തെ പുലരിക്കൊപ്പം ഗംഗയെ തേടിയെത്തിയത്, പ്രസവത്തിനായി ഭാര്യയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്ന വാർത്തയാണ്, രാവിലേതന്നെ വീട്ടിലേക്ക് വിളിച്ചു, വിവരങ്ങൾ അന്വേഷിച്ചും, നിർദേശങ്ങൾ നൽകിയും ഏറെ നേരം,

പതിവിലും വൈകിയാണ് ഗംഗ ജോലിക്കായി ഇറങ്ങിയത്,

പാതിവഴിയിൽ എത്തിയപ്പോൾ തന്നെ കാളിയുടെ കാൾ ഗംഗയെ തേടിയെത്തി,

” നീ ആരുടെ അമ്മേ കെട്ടിക്കാൻ പോയേക്കുവാ…….. “

കാളിയുടെ കാൾ പാതിവഴിയിൽ കട്ട് ചെയ്തശേഷം ഗംഗ സകലദേഷ്യവും കാറിന്റെ ബ്രേക്കിലമർത്തി,
റോഡിന്റെ സൈഡ് ചേർന്ന് നിർത്തിയ കാറിൽ നിന്ന് പുറത്തിറങ്ങി, ഒരു സിഗരറ്റിനു തീ കൊളുത്തി, തന്റെ ഉള്ളിലെ വൈകാരികതയെ പുകക്കൊപ്പം അന്തരീക്ഷത്തിലേക്ക് ഊതി വിട്ട ശേഷം, വീണ്ടും ഗംഗ യാത്ര തുടർന്നു,

സൈറ്റിലെത്തിയ ഗംഗയെ കാത്ത് കാളിക്കൊപ്പം, ആ പ്രൊജക്റ്റിന്റെ കൺസൽട്ടിഗ് വിഭാഗത്തിലെ രണ്ട് ജർമ്മൻ എഞ്ചിനിയേഴ്സും ഉണ്ടായിരുന്നു,

വൈകിയെത്തിയ ഗംഗയെ നോക്കി കാളി തൊലിവെളുത്ത സായിപ്പിനോടുള്ള സകലവിധേയത്വവും പ്രകടമാക്കികൊണ്ട് പറഞ്ഞു,

” ഇതുപോലെയുള്ള ഇറെസ്പോണ്സിബിൾ ഇഡിയറ്റ്സ് ആണ് ഈ പ്രൊജക്റ്റിന്റെ ശാപം “

കാളിയുടെ വാക്കുകൾ സായിപ്പന്മാരിലും പരിഹാസചിരി പടർത്തി, എന്നാൽ ആ ചിരിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല….

തന്റെ ഇടത്കൈ കൊണ്ട് കാളിയുടെ കഴുത്തിൽ കുത്തിപിടിച്ച ഗംഗ, വലതു കൈകൊണ്ട് കാളിയുടെ ഇരു കരണത്തും മാറി മാറി തല്ലി, ഒപ്പം തന്റെ കലിയടങ്ങുവോളം കാളിയുടെ മുഖം കെട്ടിടത്തിന്റെ ഭിത്തിയിൽചേർത്ത് ഊക്കോടെ ഇടിച്ചു, തറയിൽ വീണ കാളിയുടെ കഴുത്തിലേക്ക് വലതുകാൽ വെച്ച് ഗംഗ, മലയാളഭാഷയിൽ അതുവരെ കണ്ടെത്തിയ മുഴുവൻ തെറികളും മനസറിഞ്ഞു വിളിച്ചു, അപ്പോഴേക്കും കാളിയുടെ മുഖത്ത് നിറയെ ചോരതുള്ളികൾ കൊണ്ട് ചുവന്ന ചിത്രപ്പണികൾ തെളിഞ്ഞിരുന്നു,

ഈ കാഴ്ച്ചകണ്ട്കൂടിയ സൈറ്റിലെ ജോലിക്കാരുടെ പുഞ്ചിരിയെയും, വീണു കിടക്കുന്ന കാളിയെയും, കാര്യം എന്തെന്ന് അറിയാതെ പകച്ചു നിൽക്കുന്ന ജർമ്മൻ സായിപ്പന്മാരെയും മറികടന്ന് ഗംഗ തിരികെ തന്റെ മുറിയിലേക്ക് മടങ്ങി,

#### ##### ##### #### #######

” ഒരുപാട് പേര് ചെയ്യുവാൻ ആഗ്രഹിച്ച കാര്യമാണ്, ഗംഗ നീ ചെയ്തത് , പക്ഷേ ഇനി നിനക്ക് ഈ കമ്പനിയിൽ നിന്റെ ജോലിക്ക് ആയുസ്സ് ഉണ്ടാകുമെന്ന് തോന്നുന്നില്ല “

വിവരങ്ങൾ അറിഞ്ഞ സോജൻ ഗംഗയോട് സാഹചര്യങ്ങൾ വ്യക്തമാക്കി,

ആ രാത്രി യാതൊരു അസ്വസ്ഥതയും ഗംഗക്ക് അനുഭവപ്പെട്ടില്ല, ആ കമ്പനിയിൽ വന്നതിന് ശേഷം ആദ്യമായ് ബെക്കാഡി റമ്മിന്റെ ലഹരിയില്ലാതെ ഗംഗക്ക് സുഖമായി ഉറങ്ങുവാൻ കഴിഞ്ഞു,

നാളെ ഒരുപക്ഷേ തന്നെ തേടിയെത്താവുന്ന കമ്പനിയുടെ ടെർമിനേഷൻ ലെറ്ററിനെയും, തന്റെ രക്തത്തിന്റെ പങ്കായി പിറക്കുവാൻ പോകുന്ന കുഞ്ഞിനേയും കാത്ത്, സുഖകരമായ ഉറക്കത്തിലേക്ക് ആ രാത്രിയിൽ ഗംഗ വഴുതിവീണു.

കെ.ആർ.രാജേഷ്

By ivayana