പുറത്ത് ആറാട്ട് എഴുന്നള്ളത്തിന്റെ വാദ്യഘോഷം കടന്ന് പോകുന്നതിനാൽ എല്ലാവരും ദേവിക്ക് നേർച്ചപ്പറയിടുന്നതിന്റെ തിരക്കിലായിരുന്നു…. ഒന്നോ, രണ്ടോ ആനകളെ മാത്രമാണ് ഇപ്പോൾ എഴുന്നള്ളത്തിന് കൊണ്ട് വരുന്നത് !ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ഒരുപാട് ചിലവ് വന്നത് കൊണ്ട് ഉത്സവം പേരിന് മാത്രമായി മാറിയിട്ട് കൊല്ലം അഞ്ച് കഴിഞ്ഞു..
പണ്ടൊക്കെ ഉത്സവം ഈ നാടിന്റെ ഉണർവിന്റെ നാളുകളായിരുന്നു.. ഏതെല്ലാം ദേശത്തു നിന്നാണ് ഉത്സവകച്ചവടത്തിന് ആളുകൾ വന്നിരുന്നത് !അങ്ങ് മലബാറിൽ നിന്ന്വരെ ഈന്തപ്പഴം കച്ചവടക്കാർ വന്നിരുന്നു.. പത്തു ദിവസത്തെ ഉത്സവത്തിന് കൊടിയേറ്റ് കഴിഞ്ഞാൽ പിന്നെ പൂരം തലയിൽ കയറും, സ്കൂളിൽ പോയാലും പഠിക്കുന്നതൊന്നും മനസ്സിലോട്ട് എത്തില്ല. ഒന്ന് സന്ധ്യയായി കിട്ടാൻ പ്രാർത്ഥിച്ചിരിപ്പാണ്.. അച്ഛന്റെ കൂടെ ക്ഷേത്രത്തിൽ പോയി കറങ്ങി നടക്കും, കപ്പലണ്ടിയും, കടലയും, പൊരിയുണ്ടയുമൊക്ക ഇടയ്ക്കിടെ വാങ്ങി തരും..
ഓലകൊണ്ട് തല്ക്കാലികമായി കെട്ടിയ സ്റ്റേജിലാണ് കലാപരിപാടികളൊക്കെ നടക്കുന്നത് !കൂടുതലും പുരാണകഥകൾ പറയുന്ന ബാലെകളാണ് !അത് കാണാൻ അമ്മയും, ചേച്ചിയും കൂടെയുണ്ടാകും, അച്ഛന് ഏറ്റവും ഇഷ്ടം കഥപ്രസംഗവും, ഗാനമേളയുമാണെന്ന് എനിക്കറിയാം.. അന്ന് തീരുന്നത് വരെ അവിടെ നില്കും..ഉറക്കം കണ്ണ്കളെ ബലമായി പിടിച്ചടച്ചു കളഞ്ഞാലും ഞാൻ പാതിയുറക്കത്തിൽ അച്ഛന്റെ ചുമലിൽ ചാരിയിരുന്നു കാണും.. മഞ്ഞു തലയിൽ വീഴാതെ തോർത്തു കൊണ്ട് അച്ഛൻ എന്റെ തല മറയ്ക്കും..
ഒരുദിവസം ഉത്സവം കണ്ട് മടങ്ങുമ്പോഴാണ് അച്ഛന് കലാശലായ നെഞ്ച് വേദന ഉണ്ടായത്.. കട്ട പിടിച്ച ഇരുട്ടിൽ ചൂട്ടു വെളിച്ചത്തിൽ ആരൊക്കയോ ചേർന്ന് അച്ഛനെ ആശുപത്രിയിൽ എത്തിച്ചു… അല്പം കഴിഞ്ഞപ്പോൾ കൊച്ചുമാമനൊപ്പം അമ്മയും, ചേച്ചിയും, കരഞ്ഞു വിളിച്ചു അവിടെഎത്തി… രാത്രിയിൽ ആയതിനാൽ ആശുപത്രിയിൽ കിടപ്പു രോഗികളും, അവരുടെ കൂട്ടിരുപ്പുകാരും മാത്രമേ ഉള്ളു.. അല്ലാതെ തിരക്കൊന്നും ഇല്ല.. അവിടെ ആകെയുള്ളത് ഒരു ഡോക്ടർ ആണെന്ന്തോന്നുന്നു.. അദ്ദേഹം അച്ഛന്റെ നെഞ്ചിൽ ശക്തിയായി അമർത്തുന്നുണ്ട്.. കൂടെ നില്കുന്ന നഴ്സുമാർ, ഈ സി ജി ഒക്കെ നോക്കുന്നു..
അച്ഛൻ യാതൊരു ചലനവുമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ കൊച്ചു മാമൻ അകത്തു കയറി ഡോക്ടറോട് എന്തോ ചോദിച്ചു.. തിരിച്ചു വന്ന് അമ്മയോട് പറഞ്ഞു.. മറ്റെവിടെയെങ്കിലും കൊണ്ട് പോകാൻ പറ്റിയ അവസ്ഥയല്ലെന്ന് ഡോക്ടർ പറഞ്ഞു.. പരമാവധി ശ്രമിക്കാം എന്ന് പറയുന്നു. ” നിങ്ങൾ വീട്ടിൽ പൊയ്ക്കോളൂ ഞാൻ ഇവിടെ നില്‌കാം “കൊച്ചുമാമൻ പറഞ്ഞു. അമ്മ അതിന് മറുപടിയൊന്നും പറയാതെ അവിടെ കിടന്ന ബഞ്ചിൽ തല കുമ്പിട്ടിരുന്നു.. ആരും രാത്രിയിൽ ഉറങ്ങിയില്ല.. അച്ഛൻ ബോധം വരാതെ കിടക്കുന്നത് കൂടെ, കൂടെ ഞാൻ ജനലിൽ കൂടി നോക്കിയിരുന്നു… നേരം പുലരാത്ത പോലെ എനിക്ക് തോന്നി.
രാത്രിക്ക് വല്ലാത്തൊരു ദൈർഘ്യം ഉണ്ടായത് പോലെ… അപ്പോൾ നേഴ്സ് വന്ന് മാമനെ വിളിച്ചു അകത്തു കൊണ്ട് പോയി.. ഡോക്ടർ എന്തോ പറഞ്ഞതും കൊച്ചു മാമൻ തളർന്നു അവിടെ ഇരുന്നു.. ഇപ്പോഴും കരഞ്ഞു കലങ്ങിയ അമ്മയുടെയും, ചേച്ചിയുടെയും മുഖം മനസ്സിൽ മായാതെ നിൽപ്പുണ്ട്.. അച്ഛന്റെ വേർപാടിന്റെ ദുരന്തം എന്റെ പഠിത്തം പാതിവഴിയിൽ മുടക്കി.. ഉറയ്ക്കാത്ത തോളിൽ ഭാരം താങ്ങാതെ നിവർത്തിയില്ലായിരുന്നു.. മഴയും, വെയിലും ഒരുപാട് കടന്ന് പോയി, മാന്തളിർ വീഴുകയും, മാവ് പൂക്കുകയും, ചെയ്തു കാലം കടന്ന് പോകുന്നത് അമ്മ അറിഞ്ഞു. ചേച്ചിയുടെ വിവാഹം നടത്താൻ ആകെയുള്ള പത്തു സെന്റിൽ നിന്നും അഞ്ച് സെന്റ് വിൽക്കേണ്ടി വരുമെന്നാണ് അമ്മ പറഞ്ഞത് !പിന്നെയുള്ള ദിവസങ്ങളിൽ അമ്മ ചേച്ചിയുടെ വിവാഹം താമസിയാതെ നടത്തുവാൻ കൊച്ചു മാമനെ ചട്ടം കെട്ടി….
ഒത്തിരി പേർക്ക് ചായ കൊണ്ട് കൊടുത്തു ഒന്നും ശരിയായി വന്നില്ല.. പലപ്പോഴും വരുന്നവരുടെ ഡിമാൻഡ്കൾ അംഗീകരിക്കുവാൻ കഴിയാത്ത സാമ്പത്തികാവസ്ഥ ആയതിനാൽ നമ്മൾ പിന്നോക്കം മാറിയിട്ടുണ്ട്.. അമ്മയുടെ മുഖത്തെ ഉത്കണ്ഠ കൂടി വരുന്നത് ഞാൻ കണ്ടു.. അച്ഛനുണ്ടായിരുന്നെങ്കിൽ അമ്മയ്ക്ക് ഈ പ്രയാസത്തിനു വഴി വരില്ലായിരുന്നു…. ഉച്ചക്ക് ചോറുണ്ണാൻ ഇരുന്നപ്പോൾ അമ്മ അടുത്ത് വന്നിരുന്നു.. സാധാരണ എന്തെങ്കിലും കാര്യമായി സംസാരിക്കാൻ ഉള്ളപ്പോഴേ അമ്മ ഇങ്ങനെ വന്നിരിക്കാറുള്ളൂ.. ഞാൻ അമ്മയെ നോക്കി..
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. “മോനെ അമ്മ ഒരു കാര്യം പറഞ്ഞാൽ മോൻ അതിന് ആലോചിച്ചു മറുപടി പിന്നെ പറഞ്ഞാൽ മതി “അമ്മ എന്തിനാ ഇങ്ങനെ ഒരു മുഖവുരയോടെ എന്ന് ഞാൻ ചിന്തിച്ചു. എന്നാലും മറുത്തൊന്നും ചോദിക്കണ്ടാന്ന് കരുതി.. “ഒരാലോചന ഇന്നലെ വന്നിട്ടുണ്ട്, വലിയ കുഴപ്പമില്ല എന്നാണ് നിന്റെ മാമൻ പറഞ്ഞത് !എന്നാൽ ഒരു മാറ്റക്കല്യാണമാണ് അവർ ആവശ്യപ്പെടുന്നത് !അവിടെ ഒരു പെൺകുട്ടിയുള്ളതിനെ നീ കെട്ടിയാൽ, ഇവളെ അവരും കെട്ടാം എന്നാ പറഞ്ഞത് !”നീ പോയി ആ കുട്ടിയെ ഒന്ന് കണ്ടിട്ട് മറുപടി പറഞ്ഞാൽ മതി… “ഞാൻ അമ്മയെ നോക്കി, ആ ദൈന്യത, നിസ്സഹായത, എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി..
എന്നാലും ഞാൻ എന്റെ വിയോജിപ്പ് പറഞ്ഞു.. “അതൊന്നും ശരിയാവില്ല.. പിന്നീട് ഒരിടത്തു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ രണ്ടിടത്തും ബാധിക്കും, അതിനാൽ ആ ആലോചന നമുക്ക് വേണ്ട “”സമയമാകുമ്പോൾ അവൾക്ക് വിവാഹം നടക്കും, നമുക്ക് നടത്താം.. “എന്റെ അഭിപ്രായം അമ്മയ്ക്ക് നിരാശയുണ്ടാക്കിയെന്ന് എനിക്ക് തോന്നിയില്ല.. വെള്ളപ്പൂശിയ ചുമരുകളിൽ മഴ ഊർന്നിറങ്ങിയ ചിത്രങ്ങൾ നോക്കി അമ്മയിരുന്നു..
ഞാൻ ഊണ് കഴിച്ചു എഴുന്നേറ്റു മുറിയിലേക്ക് പോകും വരെ വല്ലാത്തൊരു മൗനം അവിടെ നിറഞ്ഞു നിന്നു.. മനസ്സിൽ എവിടെയോ ചെറുനീറ്റൽ പോലെ.. പുറത്ത് കൊച്ചു മാമന്റെ ശബ്ദം കേട്ടാണ് ഞാൻ ഇറങ്ങി ചെന്നത് !എന്നെ കണ്ടതും മാമ്മൻ പറഞ്ഞു.. “നീ പോയി റെഡിയായി വാ ഒരിടത്തുവരെ പോകണം “എന്റെ ഉള്ളൊന്ന് ഞടുങ്ങി…ഇനിയിപ്പോൾ അമ്മ പറഞ്ഞത് പോലെ ആ കുട്ടിയെ കാണാനാണോ? അമ്മയുടെ മറുപടി കേട്ടപ്പോൾ,മക്കളുടെ മനസ്സ് അച്ഛനും അമ്മയ്ക്കും മനസ്സിലാകുമ്പോലെ മറ്റാർക്കും മനസ്സിലാകില്ലായെന്നു പറയുന്നത് ശരിയാണെന്നു തോന്നി.. “നീ പേടിക്കണ്ട, നിനക്ക് ഇഷ്ടമില്ലാത്ത ഒന്നും വേണ്ട, ഇതിപ്പോൾ മറ്റൊരു നല്ല കാര്യത്തിന്പോകാനാ!.നിനക്ക് പുറത്ത് പോകാൻ ഒരു വിസ ശരിയാക്കിയിട്ടാ ഇവൻ വന്നിരിക്കുന്നത്..
നീ പെട്ടെന്ന് ചെല്ല് മറ്റാരെങ്കിലുംകൊണ്ട് പോകുമുൻപ് !.എല്ലാവരുടെയും മുഖത്തു പ്രതീക്ഷയുടെ പൊൻകിരണങ്ങൾ വിടരുന്നത് കണ്ട് എന്റെ മനസ്സിലും സന്തോഷം നിറഞ്ഞു.. കൊച്ചുമാമൻ തിടുക്കം കാട്ടി, ഞാൻ പെട്ടെന്ന് റെഡിയായി മാമ്മനൊപ്പം പോയി… മാമ്മൻ പറഞ്ഞു “നീ ടെൻഷൻ അടിക്കേണ്ട !അവൻ എന്റെ കൂടെ പഠിച്ചതാ !നല്ല സ്വഭാവമാ !കഴിഞ്ഞ പ്രാവശ്യം അവൻ അവധിക്ക് വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നതാ !ശരിയായിട്ട് നിങ്ങളോട് പറയാമെന്നു കരുതി “..”കൊച്ചുമാമാ അതിന് ഒത്തിരി ചിലവ് വരില്ലേ “? “നീ അതിനെക്കുറിച്ചൊന്നും വേവലാതി പ്പെടേണ്ട !അവിടെ ചെല്ലുമ്പോൾ അവൻ എല്ലാം പറയും “പുതിയതായി പണിത വലിയൊരു വീട്ടിന്റെ ഗേറ്റ് കടന്ന് ഞങ്ങൾ ചെല്ലുമ്പോൾ മുറ്റത്ത് വിശാലമായ പുൽത്തകിടിയിൽ ഇരിക്കുകയായിരുന്ന മാമന്റെ കൂട്ടുകാരൻ, ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ചു…
“വാ പ്രകാശ്.. ഇതാണോ നിന്റെ അനന്തിരവൻ”?. മാമൻ എന്റെ തോളത്തു തട്ടി ചേർത്ത് നിർത്തി പറഞ്ഞു.. “ഇവൻ തന്നെ “!.”പാസ്പോർട്ട് ഉണ്ടോ “!.അയാളുടെ ചോദ്യത്തിന് മമ്മാനാണ് മറുപടി പറഞ്ഞത് !”നിന്നോട് കഴിഞ്ഞ തവണ പറഞ്ഞപ്പോൾ തന്നെ ഞാൻ ഇവനെകൊണ്ട് അതൊക്കെ എടുപ്പിച്ചു “എന്താ നിന്റെ പേര്? “സുധീഷ് “..ഞാൻ പറഞ്ഞു.. “സുധീഷ്… ഗൾഫിൽ പോകുമ്പോൾ നമുക്ക് വേണ്ടത് ആത്മവിശ്വാസമാണ് !ജീവിതം പച്ചപിടിപ്പിക്കുവാനുള്ള ആത്മവിശ്വാസം “.”ഞാനും നിന്നെപ്പോലെ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിആയിരുന്നു”. !”ഇതിപ്പോൾ വിസയ്ക്ക് പൈസയൊന്നും വേണ്ട !പിന്നെ ടിക്കറ്റ് കമ്പനി തരും അതിന്റെ കാശ് കുറേച്ചേ ശമ്പളത്തിൽ നിന്നും കമ്പനി പിടിയ്ക്കും. “എനിക്ക് സന്തോഷം കൊണ്ട് ആ മനുഷ്യനെ കെട്ടിപിടിച്ചു കരയണമെന്ന് തോന്നി.. പ്രതീക്ഷയുടെ കൈനീട്ടിയ അദ്ദേഹത്തിന്റെ കാൽക്കൽ ഞാൻ മനസ്സ് കൊണ്ട് പ്രണമിച്ചു…
“അടുത്ത മാസം ആദ്യം എന്നോടൊപ്പം വരാൻ റെഡിയായികൊള്ളൂ, പ്രകാശ് പേടിക്കണ്ട ഇവനെ നമുക്ക് കരകയറ്റാം “!അദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിൽ ആലിപ്പഴം പോലെ കുളിരോടെ പൊഴിഞ്ഞു വീഴുകയായിരുന്നു.. പെട്ടെന്ന് ജീവതത്തിന് ചിറകുകൾ ഉണ്ടായത് പോലെ.. വീട്ടിൽ എത്തുന്നവരെ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അത്രയ്ക്ക് സന്തോഷം നിറഞ്ഞിരുന്നു.. കൊച്ചുമാമ്മൻ എല്ലാം വിശദമായി പറഞ്ഞപ്പോൾ അമ്മയ്ക്കും, ചേച്ചിക്കും ഉണ്ടായ ആഹ്ലാദം കണ്ട് എന്റെ കണ്ണ് നിറഞ്ഞു.. പിന്നെ ഒരുക്കങ്ങൾ തന്നെയായിരുന്നു.. അമ്മയുടെ കാൽ തൊട്ട് വണങ്ങി യാത്രപറഞ്ഞിറങ്ങുമ്പോൾ, ചേച്ചി എന്നെ തന്നെ നോക്കി നിന്നു.. എയർപോർട്ടിൽ എത്തുമ്പോൾ പുറത്ത് മാമന്റെ കൂട്ട്കാരൻ നമ്മളെക്കാത്തു നിൽപ്പുണ്ടായിരുന്നു.. കൊച്ചുമാമനോട് ഒന്ന് കൂടി യാത്രപറഞ്ഞു എയർപോർട്ടിനുള്ളിലേക്ക് കടന്നപ്പോൾ, ഏതോ സ്വപ്നലോകത്ത് എത്തിയ പോലെ എനിക്ക് തോന്നി..
ഗൾഫിൽ എത്തിയപ്പോൾ അദ്ദേഹം എന്നെ ഒരു റൂമിൽ കൊണ്ട് പരിചയപ്പെടുത്തി.. അത് പഴയ കെട്ടിടമായിരുന്നു.. പണ്ട് അറബികൾ താമസിച്ചതാവം എന്ന് തോന്നി.. അന്ന് വെള്ളിയാഴ്ച ആയതിനാൽ എല്ലാവരും റൂമിൽ ഉണ്ടായിരുന്നു.. റൂമിൽ ഒരു കട്ടിൽ ചൂണ്ടി കാട്ടി അദ്ദേഹം പറഞ്ഞു.. “അതാ നിന്റെ ബെഡ്.. നാളെ രാവിലേ വണ്ടി വരുമ്പോൾ ഇവരോടൊപ്പം കയറി സൈറ്റിൽ വന്നോളൂ “!അദ്ദേഹം എന്നോട് യാത്രപറഞ്ഞു പോയി.. റൂമിൽ എല്ലാവരും വന്നു പരിചയപ്പെട്ടു.. കോട്ടയം, ചങ്ങനാശ്ശേരി ഭാഗത്തു ഉള്ളവരാണ് കൂടുതൽ, ഒരാൾ കൊല്ലത്തു ഉള്ളത് !മലയാളവും, മലയാളിയും തോളോട് തോൾ ചേരുന്നത്കൂടുതലും പ്രവാസത്തിലാണെന്നു തോന്നുന്നു..
മാസങ്ങൾ കഴിഞ്ഞപ്പോൾ ജീവിതം ശരിക്കും താളം കണ്ടെത്തി തുടങ്ങി.. ചൂടും, തണുപ്പും ഒരു പോലെ കഠിനമായിരുന്നെങ്കിലും ഇന്നിപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ അഭിമാനം തോന്നുന്നു.. ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോൾ അല്പം സാമ്പത്തിക ബാധ്യത വന്നു.. എന്നാലും അച്ഛനുറങ്ങുന്ന മണ്ണ് കൈവിടാതെ സൂക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷംഎല്ലാത്തിനും മുകളിലായിരുന്നു..തകർന്ന സാമ്പ്രാജ്യം വീണ്ടും കെട്ടിപടുത്ത രാജാവിന്റെ ഒരു തലയെടുപ്പ് എനിക്കുണ്ടായത് പോലെ.. ഓർമ്മകളുടെ ആട്ടവിളക്കിൽ തിരി താഴ്ത്തുമ്പോൾ ആറാട്ട് ഘോഷയാത്രയുടെ ആരവങ്ങൾ അകന്ന് പൊയ്ക്കൊണ്ടിരുന്നു… .മോഹൻദാസ് എവർഷൈൻ