ഇന്നെന്‍റെ മനസ്സില്‍ അക്ഷരങ്ങളുടെ ഉപരിതല തിരയിളക്കങ്ങള്‍ ഇല്ല. അടിത്തട്ടില്‍ അടിഞ്ഞു കൂടുന്ന അക്ഷരങ്ങള്‍ തിങ്ങിഞെരിയുമ്പോള്‍ പ്രതിഫലിപ്പിക്കാനാവാതെ ചിന്തയിലൂടെ, വിരല്‍ തുമ്പിലൂടെ ഒഴുകി ഇറങ്ങാനാവാതെ മനസ്സിന്‍റെ ഉള്ളറയില്‍ അമര്‍ന്നമ്മരുമ്പോള്‍ നിസ്സഹായനായി നില്‍ക്കാനെ എനിക്കു കഴിയുന്നുള്ളൂ. അപ്പോള്‍ കുറച്ചു നാളത്തെയ്ക്ക് അരങ്ങൊഴിഞ്ഞാലോ എന്നാലോചനയില്‍ ഇപ്പോള്‍.
ഒരു ജീവിത കാലഘട്ടത്തിന്‍റെ മുഴുവന്‍ അനുഭവ പാഠം മുന്നില്‍ നിരത്തി വെയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ചിറകു വിടർത്തി പറന്നുതുടങ്ങി. എവിടെ നിന്നാണു തിരിഞ്ഞു നടക്കേണ്ടത്. എവിടെയാണു ചികയേണ്ടത്.ഉറക്ക ചടവുള്ള കണ്ണുകള്‍ വഴിയുടെ അങ്ങേയറ്റവുമായി സംവേദിച്ചപ്പോള്‍ മിഴികളില്‍ ഒരു രൂപം വളര്‍ന്നു. വലുതായി പുരാണങ്ങളിലെ ബ്രാമണ ബാലനെ പോലെ ജീവിതത്തിലെ മൂന്നു ലോകവും അളന്നെടുക്കാന്‍. പിന്നെ കിട്ടുന്ന സൗജന്യം വല്ലപ്പോഴും ഓര്‍മ്മകളിലൂടെ കടന്നു വരുന്നയൊരു വിരുന്നു പോകല്‍.
ഓര്‍മ്മകളില്‍ ഊഞ്ഞാലാടി ഉമ്മറത്തിണ്ണയില്‍ ചാരു കസേരയില്‍ കണ്ണുകള്‍ അടച്ചു കിടന്നപ്പോള്‍ ഇടവഴിയിലെ പ്ലാവും പാലയും കടന്നു പടിപ്പുര വാതില്‍ ചാരി നിന്ന് ചിരിച്ചു. കുടുംബ വീട്ടിലെ സര്‍പ്പകുളത്തിനു അരികില്‍ നിന്ന വലിയ നാട്ടുമാവിന്റെ ചുവട്ടില്‍ പിന്നെ അടുത്തു നില്‍ക്കുന്ന പേരമരമായി സർപ്പകുളക്കരയിൽ നില്കുന്ന കടമ്പുമരമായി ആർത്തു പിടിച്ചു നിൽക്കുന്ന ദര്‍ഭയായി കാവിലെ വളര്‍ന്ന കാഞ്ഞരമയി കുടപിടിച്ചു നിൽക്കുന്ന കരിമ്പനയായ് കവിനുള്ളിലെ സര്‍പ്പ രൂപങ്ങളായി കല്‍വിളയ്ക്കായി ഓര്‍മ്മകളില്‍ ഒരു നീലാംബരി പൂത്തു നിന്നു.
ഒന്‍പതാം ക്ലാസ്സ് വരെ പഠിച്ചു വളര്‍ന്ന അമ്മവീടിന്റെ പച്ചപ്പിന്റെ നീലാംബരി.ഇവിടെ മുതല്‍ ആണ് ജീവിതത്തിന്റെ നാഷ്ടങ്ങള്‍ സ്വരുക്കൂട്ടാന്‍ തുടങ്ങയത്. വേര്‍പാടുകളുടെ ആഴങ്ങള്‍ മനസ്സിലാക്കിയത്. പഴമയുടെ നന്മകള്‍ പടിയിറങ്ങിയത്. ബന്ധങ്ങളില്‍ പണത്തിന്റെ നിഴല്‍ മൂടി തുടങ്ങിയത്. അമ്മ എന്ന സ്നേഹത്തിന്റെ മുന്നില്‍ ആ ആത്മ ശാന്തിയ്ക്കായ് അന്നുവരെ വായ് മൂടി നിന്നു കാരണവന്മാരുടെ ആജ്ഞകൾ അനുസരിച്ച ഒരു പെണ്ണിന്റെ നാവില്‍ നിന്നും ശക്തിയുള്ള വാക്കുകള്‍ കേട്ടത് .
അതില്‍ പതറി വീണ ഉഗ്രശാസനങ്ങള്‍ അലിഞ്ഞു തീരുന്നതു നേര്‍കാഴ്ചയായത്.രാത്രിയിലെ അവസാന വണ്ടിയില്‍ ജോലിയും കഴിഞ്ഞു വന്നിറങ്ങുന്ന സീത ചേച്ചിയെ കളികൂട്ടുകാരനായ രമേഷിന്റെ കുഞ്ഞമ്മയെ കൂട്ടി കൊണ്ട് വരാന്‍ പോകുന്നതും അവരുടെ കഷ്ടപ്പാടില്‍ ജീവശ്വാസം നേടുന്ന അവന്റെ വീടും ഓര്‍മ്മയില്‍.
ഒരുപാടു ജീവിതങ്ങൾ അന്തിയുറകുന്ന നാടുവിലപ്പറമ്പ് എന്ന പ്രേതഭൂമിയിലെ ചിതാസ്ഥാനങ്ങളിൽ അർദ്ധരാത്രി ഉറക്കമുണരുന്ന പ്രേതാത്മാക്കളുടെ നിലവിളികളും ആക്രോശങ്ങളും കുഞ്ഞുമനസ്സിലെ പേടിസ്വപ്നമായി മാറുന്ന രാത്രികളുടെ ഓർമ്മ ഇതെല്ലാം എന്റെ ജീവിതത്തിലെ പച്ചപിടിച്ചു നിൽക്കുന്ന നീലംബരിയില്‍ ഇതള്‍ വിടര്‍ത്തി നിൽക്കുന്ന ഓര്‍മ്മ പൂക്കള്‍. ഇനിയും ഒരുപാട്.