ദുർവ്വാസാവിൻ ക്ഷിപ്രകോപശാപമേറ്റുവോ
ദുർവ്വിധിയോ അഞ്ചൽപ്പേടകവൃന്ദമേ!
അഞ്ചുകുന്നിൽ പതനാസന്നയായ് പൂപ്പലിൻ
കഞ്ചുകമണിഞ്ഞിരിപ്പുണ്ടൊരഞ്ചൽപ്പെട്ടിയാൾ!
ഗ്രാമാന്തരേ നവരസങ്ങൾ വിരിയിച്ച
കാക്കിസന്ദേശവാഹകരെങ്ങുപോയ്?
മേഘമായ് ഹംസമായവർ ദൂതുമായെത്തവേ
മതിമറന്നിട്ടുണ്ട് യക്ഷദമയന്തിമാരെത്രയോ!
തകർത്താടി പലദശകങ്ങളവ‐
രഞ്ചൽക്കാർ സേവനം ജീവിതമാക്കിയോർ
വിവാഹനാൾ ആശംസാക്കെട്ടുമായെത്തും
വിരളമായേ ക്ഷണിക്കാറുള്ളുവെങ്കിലും
ജീവൻ പലവുരു രക്ഷിച്ചവരുണ്ട് ഭിഷഗ്വരർ
അവരെയോർപ്പവരപൂർവ്വമല്ലോ?
അഞ്ചാംതരക്കാരനാമെന്നെ
അഞ്ചുനേരനിസ്ക്കാരക്കാരിയാം താത്ത
കൊഞ്ചി സോപ്പിട്ടു തൻമാരന്
പിഞ്ചുകയ്യാൽ കത്തെഴുതിച്ചതോർപ്പു ഞാൻ!
മൈലാഞ്ചിമൊഞ്ചത്തിയാം താത്തയോതും
മഞ്ചാടിനഖവിരലുകളിലിൻലാൻഡുമായ്
സഞ്ചൂട്ടാ! എയ്തണമഞ്ചാറു വരികൾ
അഞ്ചലാപ്പീസുതിണ്ണ നിരങ്ങുകയാവുമെന്നിക്ക!
കുഞ്ഞായിശത്താത്ത മെല്ലെ തുറക്കുമേ
ഖല്ബെന്ന ചെല്ലം പ്രണയം വിശേഷം
കരിഞ്ചായയെത്തും ഊതിക്കുടിക്കവേ
കയ്പിന് നക്കാനൊരു തുണ്ടുവെല്ലം
അൽസയുന്നക്കാ പത്തിരിയങ്ങിനെ
സഞ്ജുവിനൊരുപങ്കില്ലാതവരുണ്ടതില്ല!
എയ്തണം താത്തക്ക് ബായിച്ചുകേക്കണം
ബറ്റിട്ടൊട്ടിച്ച് പായണം പോസ്റ്റുവാൻ!
കാത്തിരിപ്പാണുപിന്നെത്രയോ നാളുകൾ
കാക്കവിളിക്കും നാൾ കത്തുകിട്ടും
മാറോടടുക്കിയ സന്ദേശക്കെട്ടുമായ്
വരുമെന്നും പോസ്റ്റുമാൻ കുഞ്ചുവേട്ടൻ!
പൊരിവെയിലിലൊരുതന്തക്കുടയുമേന്തി!
അഞ്ചലകങ്ങളേ പേടകവൃന്ദമേ!
ചരിത്രപഥങ്ങളിൽ ചാർത്തി നിങ്ങളും
ചരമരഹിതമാം രജതപദമുദ്രണം!!!

By ivayana