നിഷാ നാരായണൻ

പുതു കവിത പുതിയ ഭാവനയാണ്.പുതു കവിത പുതിയ ഭാഷയല്ല,അത്;പുതുക്കപ്പെട്ട ഭാഷയാണ്.പരക്കെയുള്ള ജനകീയത ഒരു പക്ഷേ അതിനന്യമാണെങ്കിലും,പുതു കവിത അതിഗൗരവ തരമായ വായനകൾക്ക് വിധേയമാകുന്നുണ്ട്.

വിഷയ വൈവിധ്യം,പ്രത്യക്ഷത്തിൽ തന്നെ ചർച്ച ചെയ്യുന്ന രാഷ്ട്രീയം,സാമൂഹിക മാനം തുടങ്ങിയ വിഷയങ്ങളിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത സാധ്യതകളാണ് പുതു കവിത കാട്ടിത്തരുന്നത്.സ്ത്രീ പക്ഷ ചിന്തകളുടെ കാലികമായ വരച്ചിടലുകൾ പുതു കവിതയുടെ വാതായനങ്ങളിൽ ഇന്ന് പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്‌.ഇതിനു കാരണക്കാരായവരുടെ കൂട്ടത്തിൽ ഭാഷ ഏറ്റവും അനായാസമായി ഉപയോഗിക്കുന്ന കവികളിലൊരാളാണ് ശ്രീമതി.നിഷാ നാരായണൻ.

കവിതയുടെ ചട്ടക്കൂടൊരുക്കുന്നതിനായി ഇന്നു നിലനിൽക്കുന്ന ഏകദേശമെല്ലാ വ്യവസ്ഥിതികളും ഈ കവിക്ക് സ്വായത്തമാണ്.വൃത്തബദ്ധമായും ശുദ്ധ ഗദ്യത്തിലും ചൊൽക്കേളികൾക്കിണങ്ങുന്ന വൃത്തേതര സങ്കേതങ്ങളിലുമൊക്കെത്തന്നെ ഇവർ കവിതകളെഴുതുന്നുണ്ട്.കവിതയെഴുതാനുള്ള നൈസർഗ്ഗികമായ സിദ്ധിക്കൊപ്പം സാഹിത്യ-സാഹിത്യേതര വിഷയങ്ങളിൽ ഇവർക്കുള്ള അറിവ്,അവരുടെ കവിതകളുടെ അവയവങ്ങൾക്ക് വല്ലാത്ത കരുത്ത് പകരുന്നുണ്ട്.

വീണ്ടെടുപ്പിൻ്റെയും വീട്ടുവീഴ്ചകളുടെയും ധാരാളം മുഖങ്ങൾ കാണാവുന്ന കവിതകളാണ് നിഷാ നാരായണൻ്റേത്.അതുകൊണ്ടു തന്നെ പ്രതിഷേധിക്കാനുള്ള അവസരങ്ങളിൽ കവിതയെ ശക്തമായ പ്രതികരണമാക്കി മാറ്റുന്ന കവിയാണവർ.അതിനുള്ള മികച്ച ഉദാഹരണമാണ് അവരുടെ ആദ്യ കവിതാസമാഹാരമായ ‘പ്രസാധകരില്ലാത്ത കവിതകൾ.

‘പ്രസാധകരില്ലാത്ത കവിതകൾ’ ആ പേരു തന്നെ മികച്ച ഒരു പ്രതികരണമാണ്.അതിൻ്റെ വിശദാംശങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല.ഈ സമാഹാരത്തിലെ ആദ്യ കവിതയായ ‘ശുഭം’ വിയോഗിനിയിൽ വിടർന്ന ഒന്നാണ്.
”അഴലാറ്റിയടുക്കളപ്പുറ-
ക്കരിയിൽ പയ്യെമുഖം പതുക്കവേ, ”
എന്നുപറയുന്ന കവി പെണ്ണിണക്കങ്ങളിലൂടെത്തന്നെയാണ് മറ്റു കവിതകളിലേയ്ക്ക് കൂടുമാറുന്നത്.പരിസ്ഥിതിയുടെ രാഷ്ട്രീയം പുഴയെക്കൊണ്ട് പറയിക്കുന്ന കവിതയാണ് ‘പൊഴേ’ ഭാഷയുടെ വശ്യതയാണ് ഈ കവിതയുടെ സൗന്ദര്യം.

സിംബോളിക് എന്ന് തീർത്തും വിളിക്കാവുന്ന ഒരു അകത്തളം ഈ കവിതയ്ക്കുണ്ട്.പുഴ തന്നെ അത് നേരിട്ടു കാട്ടിത്തരുന്നിടത്താണ് കവിത പറയുന്ന രാഷ്ട്രീയം സാർവ്വലൗകികമായി പ്രതിഫലിക്കുന്നത്.ഫാൻ്റസിയുടെ ഒരു പ്രത്യേക തലത്തിൽ നിന്നു കൊണ്ട് പ്രണയത്തിൻ്റെ ഏറ്റവും സുന്ദരമായ വശങ്ങളെ മനോഹരമായവതരിപ്പിക്കുന്ന ‘മി റാഷ്’ ചുളിവു വീഴാത്ത പ്രണയം പറയുന്ന കവിതയാണ്.പ്രതീകങ്ങളായി അല്ലാതെ തന്നെ മഴ,സംഗീതം,മുടിയിഴകൾ എന്തിനേറെ; കൈലേസു പോലും കഥാപാത്രമാകുന്നിടത്താണ്, പ്രണയം അതിൻ്റെ നിലപാട് കവിതയിൽ വ്യക്തമാക്കുന്നത്. ‘ഒരു നിയമാവലി’ എന്ന കവിത ഒരർത്ഥത്തിൽ സ്വകാര്യതയുടെ പരസ്യപ്പെടുത്തലാണ്.

കവിതയ്ക്കു പുറത്തു നിന്നുകൊണ്ട് അതിലെ വിഷയത്തെക്കുറിച്ച് മാത്രം ചിന്തിച്ചാൽ അധിനിവേശത്തിൻ്റെ രാഷ്ട്രീയം കൂടി ഈ കവിത ശക്തമായി ചർച്ച ചെയ്യുന്നതായി മനസ്സിലാക്കാം.ഗദ്യ കവിതയുടെ ഒരു നല്ല രൂപം കൂടി കാട്ടിത്തരുന്ന കവിതയാണിത്. ‘ഡീഗ്രഡേഷൻ ‘ പേരിലൂടെത്തന്നെ മികച്ച കവിതയായി മാറുന്ന ഒന്നാണ്.പെണ്ണകങ്ങളുടെ പുറം മോടികൾ കവിതകളിൽ വിളക്കിച്ചേർക്കാറുണ്ട് നിഷാ നാരായണനെങ്കിലും കവിതയുടെ പരിതഃസ്ഥിതികളിൽ അവ സഗൗരവമായി തന്നെയാണ് ഇടപെടുന്നത്.

ഉറച്ച വർത്തമാനങ്ങളായിത്തന്നെയാണ് ഇവിടെ പെൺ ശബ്ദം പ്രതിദ്ധ്വനിക്കുന്നത്. ‘അതെ,സഹൃദയരെ’ എന്ന ഒറ്റ കവിത കൊണ്ട് തന്നെ ഇത് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.റിയലിസ്റ്റിക് സ്വഭാവം ഈ കവിതയെ കൂടുതൽ ശബ്ദ മുഖരിതമാക്കുന്നുണ്ട്.കഥപറയുന്ന കവിതകളും കവിത പറയുന്ന കഥകളും ‘പ്രസാധകരില്ലാത്ത കവിതകളി’ൽ കവിതകളായിത്തന്നെ വായിക്കാം. ‘സഹജാ’ പോലെയുള്ള ഒന്നു രണ്ടു കവിതകളെ ദുർഗ്രഹത എന്ന ദുർഭൂതം പിടികൂടിയിട്ടുണ്ടെന്നു പറയാതിരിക്കാനും വയ്യ.

ഉടലിൻ്റെ ലഹരിയെ ഉത്തരവാദിത്ത ബോധം കൊണ്ടു മറികടക്കുന്ന പെൺ ശരികളാണ് ‘പ്രസാധകരില്ലാത്ത കവിതകൾ’. ‘പ്രരോദനം’ എന്ന കവിത ഒരു പെണ്ണിൻ്റെ ശരി പല തരത്തിലാണ് വ്യാഖ്യാനിക്കുന്നത്.കവിതയിലെ വ്യാഖ്യാതാവ് പെണ്ണല്ല എന്നിടത്തുകൂടിയാണ് ജിവിതത്തിലെ പെൺ സ്ഥാനവില ഈ കവിതയിൽ ജീവിക്കുന്നത്.സ്വന്തം നിലപാടിൻ്റെ സ്വതന്ത്രമായ ആവിഷ്കാര രേഖയും നയപ്രഖ്യാപനവുമാണ് ‘ഇൻട്രോസ്പെക്ഷൻ’ എന്ന കവിത. ‘അടുത്ത ബെല്ലോടുകൂടി’ പുതു കവിതയിലൊരു പക്ഷേ, ഒരു വേറിട്ട വഴി തന്നെയാണ്.അകത്തൊരു താളവും പുറത്തൊരു താളവുമായി ഈ കവിത രണ്ടു തരത്തിലാണ് സംവദിക്കുന്നത്.കവന ഭംഗി, പദശില്പങ്ങൾ എന്നിവയാണ് ഈ കവിതയുടെ ഊടും പാവും.

”അത്രയും തമോവൃത-
മാകുമീ നിശീഥത്തിൽ
ഇത്രമേൽ ധ്യാനാത്മകം
മൂളുന്ന സ്വരമേതോ ? ”
എന്നിങ്ങനെ,ഏകാന്തമായ ഒരു ലയം കവിതയിൽ കേൾക്കുമ്പോൾ ‘ഏതു രാഗം’ എന്ന കവിത ആവർത്തിച്ചു വായിക്കാൻ തോന്നിയാൽ അദ്ഭുതപ്പെടാനൊന്നുമില്ല.കവിയുടെ സംഗീത ബോധം ഈ കവിതയ്ക്ക് ഒരു ഭാവ തലം തന്നെയാണ്.കവിതയുടെ കാര്യത്തിൽ വളരെ മുമ്പേ തന്നെ നിലനിന്നിരുന്ന ഒരു സാമ്പ്രദായിക രചനാ രീതിയും ഭാഷയുമാണ് ഇതിൻ്റെ ശരീര രൂപമെങ്കിലും കവിതാ ഗുണം,വിഷയബലം എന്നിവകൊണ്ടിത് പുതു കവിതയോട് ചേർന്നു നില്ക്കുന്നു.ഗൃഹാതുരത,വർത്തമാന കാലത്തിൻ്റെ പ്രസന്നഭാവം,സാഹിത്യാവബോധം,രാഷ്ട്രീയം എന്നിവ ഒരുപോലെ പ്രകടിപ്പിക്കുന്ന കവിതയാണ് ‘സന്മാർഗം’ .

അപഗ്രഥനത്തിൻ്റെ ആത്മകഥയെന്നു തോന്നിപ്പോകുന്ന കവിതയാണ് ‘പത്തൊമ്പതില് ‘ അമ്മയും അച്ഛനും അമ്മുമ്മയും മറ്റുള്ളവരും പെണ്ണിൻ്റെ പത്തൊമ്പതിനെ അവരുടെ രീതിയിൽ വിലയിരുത്തുമ്പോൾ ആ വിലയിയിരുത്തലുകളെ അവധാനതയോടെ അപഗ്രഥിക്കുകയാണ് കവി.അപ്പോൾ അവിടെ വ്യക്തമായൊരു കാഴ്ചപ്പാട് രൂപപ്പെടുകയാണ് ചെയ്യുന്നത്.ആ കാഴ്ചപ്പാട് മറ്റുള്ളവരുടെ വിലയിരുത്തലുകൾക്കപ്പുറത്തുള്ള ഒരു പെണ്ണിൻ്റെ തനതായ വ്യക്തിത്വമാണ്.വ്യത്യസ്തമായ ഒരു ശൈലിയിൽ തന്നെ വ്യക്തമായ ഒരു വ്യത്യസ്തത സൃഷ്ടിക്കുന്ന കവിതയാണ് ‘പ്രഥമം’ .കവിതയ്ക്ക് കവിയുണ്ടാക്കുന്നതാണ്,അതിൻ്റെ രുപമെന്ന പുതു കവിതയുടെ ഒരു ഉറച്ച പ്രഖ്യാപനമാണത്.

പൊതുവായി പരിശോധിക്കുമ്പോൾ ‘പ്രസാധകരില്ലാത്ത കവിതകൾ’ എന്ന കവിതാ സമാഹാരം പുതു കവിതയുടെ പരിസരത്തിൽ ചില ചോദ്യങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.കവിതയിൽ കവിയുടെ സ്വാതന്ത്ര്യം,കവിതയിൽ കവിയുടെ സ്ഥാനം എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.അവയ്ക്കുള്ള ഉത്തരങ്ങൾ പുസ്തകത്തിൽ നിന്നു തന്നെ കണ്ടെത്തുന്നിടത്താണ് ഈ പുസ്തകത്തിൻ്റെ വായന യഥാർത്ഥമായും പൂർണ്ണമാകുന്നത്.എഴതപ്പെട്ടു കഴിഞ്ഞ ഒരു കവിത വായനക്കാരൻ്റേതു മാത്രമാണെന്ന വാദത്തെ നിരാകരിക്കുന്ന കവിതാ സമാഹാരമാണ് ‘പ്രസാധകരില്ലാത്ത കവിതകൾ’ ഒരു സങ്കര ഭാഷാ സംസ്കാരം ഇതിലെ ഏറെക്കുറേ കവിതകളിൽ നിഷാ നാരായണൻ ഉപയോഗിക്കുന്നുണ്ട്.

അതൊരിക്കലും ”ഭാഷാ സംസ്കൃത യോഗോ” പോലെയുള്ള അറു പഴഞ്ചൻ രീതികളുടെ പിൻതുടർച്ചയല്ല.ഇതിലെകവിതകൾക്ക് അത്യന്താപേക്ഷിതങ്ങളായ പദച്ചേർച്ചകളാണത്.പുതു കവിതയുടെ ലോകത്ത് ഇത്തരം പരീക്ഷണങ്ങളും സാധ്യതകളും ചർച്ച ചെയ്യപ്പെടുക തന്നെ വേണം.
സന്തോഷ്.എസ്.ചെറുമൂട്.

By ivayana