അരീക്കര വീട്ടില്‍ പട്ടിണിയോ പരിവട്ടമോ ഒന്നും ഇല്ലാതിരുന്നിട്ടും രണ്ടാമത്തെ മകന്‍ അങ്ങേതിലും ഇങ്ങേതിലും കേറിയിറങ്ങി കയ്യില്‍ കിട്ടുന്നതൊക്കെ വാങ്ങി തിന്നുന്നത് എന്റെ അമ്മയെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയിട്ടുള്ളത് . മറ്റു കുട്ടികള്‍ക്കൊന്നും ഇല്ലാതിരുന്ന ആ ആര്‍ത്തി എങ്ങിനെ ഉണ്ടായി എന്ന് അമ്മ തന്നെ പറഞ്ഞു തന്ന വിശദീകരണം ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട് .

തീരെ കുഞ്ഞായിരുന്ന എനിക്ക് കുടിക്കാന്‍ പാല് ഏല്‍പ്പിച്ചു സ്കൂളില്‍ ജോലിക്ക് അമ്മ പോയിക്കഴിഞ്ഞാല്‍ അടുക്കളയില്‍ സഹായത്തിനു നിന്നിരുന്ന സ്ത്രീ ആ പാല് മുഴുവന്‍ കുടിച്ചു തീര്‍ക്കുകയും പകരം കുപ്പിയില്‍ ചെറു ചൂടുള്ള കഞ്ഞിവെള്ളം നിറച്ചു നിപ്പിളുമായി എനിക്ക് കുടിക്കാന്‍ തരികയും ആയിരുന്നു പതിവ് പോലും. വളരെ നാളുകള്‍ ചെന്നതിനു ശേഷമാണ് ഈ കള്ളത്തരം പിടികിട്ടിയത്. അങ്ങിനെ അമ്മയുടെ മുലപ്പാലോ കുപ്പിപ്പാലോ കുടിക്കാതെ ചൂട് കഞ്ഞിവെള്ളം മാത്രം കുടിച്ചു വളര്‍ന്ന കുട്ടിയായിരുന്നു ഞാന്‍ .

അമ്മയുടെ പാല് കുടിച്ചിട്ടില്ലാത്ത കുട്ടികള്‍ ഒക്കെ ഇങ്ങനെ വലിയ ആര്‍ത്തി പണ്ടാരങ്ങള്‍ ആയി വളരുമത്രേ ! അടുക്കളയിലെ കരിയോ പുകയോ ശീലിച്ചിട്ടില്ലാത്ത അമ്മക്ക് രണ്ടാമത്തെ കുട്ടിയുടെ എന്ത് കിട്ടിയാലും വെട്ടി വിഴുങ്ങി പിന്നെയും നോക്കി ഇരിക്കുന്ന സ്വഭാവം കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത് . അതിനേക്കാള്‍ വിഷമിപ്പിച്ചത് മറ്റുള്ളവരുടെ കൈയ്യില്‍ നിന്നും നാണമോ മാനമോ ഇല്ലാതെ ഭക്ഷണം വാങ്ങി തിന്നുന്നതാണ് . “ ഇങ്ങനെ തെണ്ടിത്തിരിഞ്ഞു ആരെങ്കിലും നാക്കേല്‍ തേക്കാന്‍ കൊടുക്കുന്നത് വാങ്ങി തിന്നുന്ന ഒരു ചെറുക്കനെ “ അമ്മക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . ആരെങ്കിലും കൈവിഷം കൊടുത്തതാണോ കൂടോത്രം ചെയ്തതാണോ എന്നൊക്കെ അമ്മ പലവട്ടം കാണിയാനോടും പൂജാരിയോടും ചോദിച്ചു എന്റെ അരയിലും കൈയ്യിലും കെട്ടിയ തകിടുകളുടെ എണ്ണം കൂടുന്നതല്ലാതെ ഭക്ഷണത്തോടുള്ള ആര്‍ത്തിയോ കൊതിയോ അല്‍പ്പം പോലും കുറയുന്നുമില്ല .

അച്ഛന്റെ അര്‍ദ്ധസഹോദരങ്ങള്‍ താമസിക്കുന്ന അങ്ങേതിലെ വീടാണ് എനിക്ക് ഏറ്റവും എളുപ്പം കേറിയിറങ്ങി ഭക്ഷണം കഴിക്കാന്‍ കണ്ടു വെച്ചിരുന്നത് . എപ്പോഴും അങ്ങോട്ടോടാന്‍ കാരണം ഏറ്റവും ഇളയ അപ്പച്ചി ,ഞങ്ങള്‍ കൊച്ചപ്പച്ചി എന്ന് വിളിക്കുന്ന വിലാസിനി അപ്പച്ചി ഉണ്ടാക്കുന്ന നാവില്‍ വെള്ളമൂറുന്ന നാടന്‍ വിഭവങ്ങള്‍ ആണ് . അങ്ങേതിലെ വീട്ടില്‍ പ്രധാനമായും അടുക്കള കൈകാര്യം ചെയ്തിരുന്നത് എന്നെക്കാള്‍ കഷ്ടിച്ച് പത്തുവയസ്സിനു മൂപ്പുള്ള കൊച്ചപ്പച്ചിയാണ്, എട്ടിലോ ഒന്‍പതിലോ പഠിക്കുന്ന ഹാഫ് സാരിക്കാരി കൊച്ചപ്പച്ചിയെ എനിക്കിന്നും ഒരു നേരിയ ഓര്‍മയുണ്ട് . പറമ്പില്‍ മുഴുവന്‍ നടന്നു ശേഖരിക്കുന്ന കരിയിലയാണ് അന്ന് അവിടുത്തെ പ്രധാന ഇന്ധനം .

അതുകൊണ്ട് വന്നു വേണം നെല്ല് പുഴുങ്ങുന്ന കുട്ടകം മുതല്‍ കാപ്പി ഇടുന്ന ചെറിയ കാലം വരെ അടുപ്പില്‍ വെക്കാന്‍ . പിന്നെ ഉണങ്ങിയ ഓലക്കാലും ചൂട്ടും കൊതുമ്പും മടലും ചെറിയ വിറകു കൊള്ളികളും എല്ലാം കെട്ടിപ്പെറുക്കി വീട്ടില്‍ കൊണ്ടുവന്നു വേണം തീ കത്തിക്കാന്‍ .മുളക്കുഴ സ്കൂള്‍ വിട്ടു വീട്ടില്‍ എത്തിയാലുടന്‍ കൊച്ചപ്പച്ചി തന്നെ ഇതെല്ലം പെറുക്കിക്കെട്ടി അങ്ങേതിലെ മുറ്റത്ത് കൊണ്ടുവന്നിടും . മുറ്റത്തെ അടുപ്പിലാണ് കുട്ടകത്തില്‍ നെല്ല് പുഴുങ്ങുക . അമ്മയുടെ കണ്ണ് വെട്ടിച്ചു ഞാനും കൊച്ചപ്പച്ചിയുടെ കൂടെ കൂടും . വേറെ ഒന്നിനുംഅല്ല , ആ കരിയിലയുടെ കൂടെ തീയില്‍ എനിക്ക് ഏറ്റവും രുചി തോന്നുന്ന എന്തെങ്കിലും ഒന്ന് ചുടാന്‍ ഇടും .

അത് വെന്തോ വെന്തോ എന്ന് നോക്കി ഞാന്‍ കൊച്ചപ്പച്ചിയുടെ കൂടെ കഥകള്‍ കേട്ടിരിക്കും . ചുട്ടെടുക്കുന്ന ഭക്ഷണത്തിന്റെ രുചി എന്താണ് എന്ന് എന്നെ പഠിപ്പിച്ചത് കൊച്ചപ്പച്ചിയാണ്. അത്രയ്ക്ക് കൈപ്പുണ്യമുള്ള ആ കൈകൊണ്ടു എന്ത് ചുട്ടെടുത്ത് തന്നാലും അത് അപാര രുചിയായിരിക്കും. മിക്കപ്പോഴും കപ്പ , അല്ലെങ്കില്‍ കിഴങ്ങ് അല്ലെങ്കില്‍ ചേമ്പ് കാച്ചില്‍ ഏത്തക്ക അതൊന്നുമല്ലെങ്കില്‍ ഉണക്കമീന്‍ അതുമല്ലെങ്കില്‍ പറങ്കിയണ്ടി അങ്ങിനെ എന്തെല്ലാം എന്തെല്ലാം വിഭവങ്ങള്‍ ആണ് ആ കത്തുന്ന കരിയിലയുടെ ഇടയില്‍ നിന്നും വടി കൊണ്ട് തോണ്ടി തോണ്ടി എന്റെ അരികിലേക്ക് ഇട്ടു തന്നത് . കൊച്ചപ്പച്ചിക്ക് ഏറ്റവും ഇഷ്ടവും എന്നെയായിരുന്നു , കാരണം അടുപ്പിലേക്ക് കൊതിയോടെ നോക്കി നില്‍ക്കുന്ന മഹാ വികൃതിയായ അനിയന് എന്ത് ചുട്ടു കൊടുക്കും എന്ന് ആലോചിച്ചാണ് കൊച്ചപ്പച്ചി ഓരോ ദിവസവും അടുപ്പില്‍ തീ കൂട്ടുന്നത്‌. സമയം ആവുമ്പോഴേക്കും ബലിക്കാക്ക പോലെ ഞാന്‍ അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ചുട്ടു തന്നത് തിന്നു തീര്‍ത്തു വീട്ടില്‍ എത്തുമ്പോഴേക്കും അമ്മയുടെ ചുട്ട അടി മിക്കദിവസവും കിട്ടുകയും ചെയ്യും. പക്ഷെ എത്ര അടി കിട്ടിയാലും പിറ്റേ ദിവസം തലയില്‍ വല്ലം നിറയെ കരിയിലയും ചുമന്നു പോവുന്ന കൊച്ചപ്പച്ചിയുടെ പുറകെ വീണ്ടും ഓടും. കാരണം ആ കൊച്ചപ്പച്ചി ഉണ്ടാക്കിത്തരുന്ന ഭക്ഷണത്തിന്റെ രുചി എന്റെ വലിയ ഒരു ദൌര്‍ബല്യമായി മാറിക്കഴിഞ്ഞിരുന്നു ആ വിവരിക്കാനാവാത്ത രുചി അനുഭവിക്കാന്‍ അമ്മയുടെ എത്ര അടി കൊള്ളാനും ഞാന്‍ ഒരുക്കമായിരുന്നു അച്ഛന്റെ അര്‍ദ്ധ സഹോദരങ്ങളില്‍ ഏറ്റവും ഇളയത് ആയിരുന്നു കൊച്ചപ്പച്ചി, അച്ഛന് ഒരു മകളെപ്പോലെ കാണാനുള്ള പ്രായമേ കൊച്ചപ്പച്ചിക്ക് ഉള്ളൂ. അതിനാല്‍ അച്ഛന്‍ കൊച്ച് എന്നായിരുന്നു വിളിച്ചിരുന്നത്‌. അച്ഛന്റെ സഹായത്തിലും സംരക്ഷണയിലും വളര്‍ന്നതിനാല്‍ വീട്ടില്‍ വന്നു അടുക്കള ജോലികളില്‍ അമ്മയെ സഹായിക്കുകയോ ഞങ്ങള്‍ കുട്ടികളെ നോക്കുകയോ ഒക്കെ ചെയ്യുമായിരുന്നു .

രണ്ടാമത്ത അസത്ത് ചെറുക്കനെ കൊണ്ട് നടക്കുന്നതിനു അമ്മയില്‍ നിന്നും ഇടയ്ക്കിടെ നല്ല വഴക്കും കിട്ടുമായിരുന്നു .കഷ്ടിച്ച് പത്താം തരം കടന്നു കൂടി കുറച്ചുകാലം ടൈപ്പിംഗ്‌ ഉം ഷോര്‍ട്ട് ഹാന്‍ഡ്‌ ഉം ഒക്കെ പഠിച്ചു വീണ്ടും അടുക്കളുടെ മുഴുവന്‍ ചുമതല ഏറ്റെടുത്തു എല്ലാവര്ക്കും വെച്ചും വിളമ്പിയും നടന്ന കൊച്ചപ്പച്ചി ഉണ്ടാക്കിത്തന്ന ഭക്ഷണം കഴിച്ചാണ് ഞാന്‍ ഒരു ആര്‍ത്തിപണ്ടാരമോ ശാപ്പാട്ട് രാമനോ ആയിത്തീര്‍ന്നത് എന്ന് പറയാന്‍ എനിക്ക് ഇന്ന് ഒരു മടിയും ഇല്ല . അത്രയ്ക്ക് രുചിയായി അതിനു മുന്‍പോ പിന്നീടോ ഞാന്‍ ഒന്നും കഴിച്ചിട്ടുമില്ല . പാചകം ചെയ്യാന്‍ താല്‍പ്പര്യം വന്നതും ഏറെക്കുറെ എല്ലാ കറികളും വെക്കാന്‍ പഠിച്ചതും ഒക്കെ ഈ രുചി കൂടിയ ഭക്ഷണം കഴിച്ചു വളര്‍ന്നതിനാലാണ്.

അരീക്കര പറമ്പില്‍ കിട്ടുന്ന എന്തും , ചേനത്തണ്ട്തോരന്‍ , പിണ്ടിത്തോരന്‍ , പയറിന്റെ ഇല , പറങ്കിയണ്ടി വറുത്തരച്ചത് , ഉള്ളി തീയല്‍ , മുരിങ്ങക്ക ചക്കക്കുരു കറി,മാങ്ങാ ക്കറി, കുപ്പച്ചീര തോരന്‍ , ചക്കക്കൂഞ്ഞു തോരന്‍, കടച്ചക്കകറി, അങ്ങിനെ ഒരു നൂറു തരം കറികള്‍ , മീന്‍ ഒരു നൂറു തരത്തില്‍ കറി വെച്ചും വരുത്തും ചുട്ടും ! ഇപ്പോഴും ഓര്‍ത്താല്‍ വായില്‍ കപ്പലോടിക്കാം ! എന്റെ അമ്മക്ക് അടുക്കളയില്‍ കയറാന്‍ മടിയും അതെ അടുക്കള സ്വര്‍ഗമാക്കിയ ഒരു കൊച്ചപ്പച്ചിയും !. അമ്മയെ എന്റെ ഈ കൊച്ചപ്പച്ചിയുടെ കൈപ്പുണ്യം പാടി പുകഴ്ത്തല്‍ കുറച്ചൊന്നുമല്ല ദേഷ്യം പിടിപ്പിചിട്ടുള്ളത് അതിനാല്‍ അങ്ങേതില്‍ ഇനി മേലാല്‍ കേറിപ്പോവരുത് എന്ന് വരെ വിലക്കിയിട്ടുണ്ട് അങ്ങിനെ എല്ലാവര്ക്കും വെച്ചും വിളമ്പിയും ജീവിതം ഹോമിക്കാന്‍ കൊച്ചപ്പച്ചിയെ ഇനി വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് അച്ഛന്‍ ഒരു ദിവസം എല്ലാവരെയും വിളിച്ചു കൂട്ടി കട്ടായമായി പറഞ്ഞു എല്ലാവര്ക്കും അവകാശമുള്ള ഒരു പുഞ്ചപ്പാടം വില്‍ക്കാം എന്നും അത് കൊച്ചപ്പച്ചിയെ കല്യാണം കഴിപ്പിച്ചു അയക്കാന്‍ ഉപയോഗിക്കാം എന്നും അച്ഛന്‍ തന്നെ തീരുമാനം എടുപ്പിച്ചു .

അധികം ദൂരമല്ലാത്ത കുളനടയില്‍ നിന്നും ബാലന്‍ മാമന്‍ അങ്ങിനെ കൊച്ചപ്പചിയെ കല്യാണം കഴിച്ചു കൊണ്ട് പോയി . അപ്പോഴേക്കും ഞാന്‍ വിദ്യാഭ്യാസത്തിനായി നാട് വിട്ടിരുന്നു . “ എന്റെ അനിയന്‍ മോനെ …” എന്ന് തുടങ്ങിയ ആ ഭംഗിയില്ലാത്ത മലയാളത്തില്‍ അയച്ച ഇന്‍ലാന്ഡ് കിട്ടിയതും ഞാന്‍ നാട്ടിലേക്ക് വെച്ച് പിടിച്ചു . എനിക്ക് ഒരുപാട് ചോറും കറിയും വെച്ചും വിളമ്പിയും വാരിത്തന്നും എന്റെ അമ്മയുടെ ഒപ്പമെത്തിയ കൊച്ചപ്പച്ചിക്ക് സ്വന്തമായി ഒരു ജീവിതം ഉണ്ടാകുന്നത് കണ്ടു മടങ്ങി .

പിന്നെ നാട്ടില്‍ പോകുമ്പോള്‍ ഒക്കെ കുളനടക്ക് പോവുകയോ ഞാന്‍ വന്നു എന്നറിഞ്ഞു കൊച്ചപ്പച്ചി വീട്ടില്‍ വരികയോ ചെയ്യും . ഗള്‍ഫ്‌ അവധിക്കാലത്ത്‌ ഞാന്‍ കൊച്ചപ്പച്ചിക്ക് അമ്മയറിയാതെ പണത്തിന്റെ ചെറിയ പൊതികള്‍ ഏല്‍പ്പിക്കും അത് വാങ്ങി “ എന്റെ പൊട്ടന്‍ ചെറുക്കന്‍ മറന്നില്ലല്ലോ ഈ കൊച്ചപ്പച്ചിയെ… “ എന്ന് കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തു നില്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞു , കൊച്ചപ്പച്ചിയുടെ മക്കള്‍ ഒക്കെ ഇന്ന് ഗള്‍ഫ്‌ഇല്‍ സാമാന്യം സൌകര്യങ്ങളോടെ കഴിയുന്നു .

ഞാന്‍ ഇടയ്ക്കിടെ വിളിക്കും , അങ്ങിനെ കുറച്ചു നാള്‍ മുന്‍പ് വീട്ടില്‍ ചെറിയ ഒരവധിക്ക് എത്തിയപ്പോള്‍ അമ്മയാണ് പറഞ്ഞത് “ ആ വിലാസിനിക്ക്‌ എന്തോ അസുഖം ഒക്കെ ആയിരുന്നു എന്ന് ആരോ പറയുന്നത് കേട്ടു. ഇവിടെ ആരാ പോയി തിരക്കാന്‍ ഇരിക്കുന്നെ ? .” ഞാനിപ്പോ വരാം എന്ന് പറഞ്ഞു കുളനടക്ക് പാഞ്ഞു .വീട്ടില്‍ വീട്ടില്‍ അടഞ്ഞു കിടക്കുന്ന മുന്‍ വാതിലില്‍ തട്ടി വിളിച്ചു “ കൊച്ചപ്പച്ചീ …. കൊച്ചപ്പച്ചീ ഇവിടില്ലേ ? “ വാതില്‍ തുറക്കാന്‍ കുറെ നേരമെടുത്തു ,ഒടുവില്‍ വാതില്‍ തുറന്നു . “ ഓ ഒരു കൊഞ്ഞപ്പച്ചി…. ഇവിടെങ്ങാനും കിടന്നു ചത്തു പോയെങ്കില്‍ നീ എന്തോ ചെയ്വാരുന്നു ? “കുറ്റ ബോധം കൊണ്ട് എനിക്ക് വാക്കുകള്‍ പുറത്ത് വന്നില്ല കുറച്ചു നേരം മിണ്ടാതെ നിന്നു. പിന്നെ ആ കൈ പിടിച്ചു എന്റെ നെഞ്ചില്‍ വെച്ചു“ എന്റെ കൊച്ചപ്പച്ചിക്ക് എന്താ പറ്റിയത് ?.. ആകെ കോലം തിരിഞ്ഞു പോയല്ലോ എന്റെ അപ്പച്ചീ ““ മഞ്ഞപ്പിത്തം ആരുന്നടാ .. ഒരുപാടങ്ങ്‌ കൂടിപ്പോയി .. ചത്തു പോയേനെ … നീ ഒന്ന് രണ്ടു തവണ വന്നിട്ടും ഇവിടെ കേറാതെ പോയതെന്താ …“എന്റെ കണ്ണ് നിറഞ്ഞു .

മാപ്പു തരണം ക്ഷമിക്കണം എന്നൊക്കെ നല്ല ഭംഗിയുള്ള മലയാളം പറഞ്ഞാലൊന്നും എന്റെ കൊച്ചപ്പച്ചിക്ക് മനസ്സിലാവില്ല . കൊച്ചപ്പച്ചിക്ക് മനസ്സിലാവുന്ന ഒന്നേയുള്ളൂ “ വല്ലോം താ എന്റെ കൊച്ചപ്പച്ചി…. വിശന്നു ചാവുന്നു “ അമ്മ എപ്പോഴും പറയുന്നതുപോലെ എനിക്ക് “ നാക്കേല്‍ തേക്കാന്‍ “ എന്തെകിലും തന്നു കഴിഞ്ഞപ്പോള്‍ അപ്പച്ചിക്ക് സന്തോഷം ആയി . ഇറങ്ങാന്‍ നേരത്ത് അപ്പച്ചിയുടെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു ഞാന്‍ പറഞ്ഞു “ ഈ അനിയനെ മറക്കുകയോ വെറുക്കുകയോ ശപിക്കുകയോ ചെയ്യരുത് അപ്പച്ചീ … എന്റെ ജീവിതം തവിട് പൊടി ആയിപ്പോവും “ “നീ പോടാ പൊട്ടന്‍ ചെറുക്കാ …. ! ഇപ്പോഴെങ്കിലും ഈ കൊച്ചപ്പച്ചിയെ തിരക്കി വന്നല്ലോ ! .

നിന്‍റെ കാര്യം ഞാന്‍ ഓര്‍ക്കാത്ത ദിവസമില്ല “പടിയിറങ്ങി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അപ്പച്ചിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു …. എന്റെയും ഞാന്‍ വെറുമൊരു ആര്‍ത്തി പണ്ടാരം

By ivayana