കടൽത്തിരമാലകളെ
മലർ വർണ്ണ മേഘങ്ങളെ
വിട്ടകന്നു പോയ നല്ല
കിനാക്കൾ നിങ്ങൾ കണ്ടുവൊ ?
പിച്ചവച്ച നാൾ മുതൽക്കെ
പറന്നു തുള്ളി നിന്നിടും
കൊച്ചു കൊച്ചു കിനാവുകൾ
എങ്ങു പോയി മറഞ്ഞുവൊ !
ചിറകടിച്ചുയർന്ന യാ
ശലഭമൊക്കെ യെങ്ങു പോയ് !
അമ്മ തന്റെ കൈ പിടിച്ചു
അമ്പലത്തിൽ പോയീടവെ
അച്ഛന്റെ ചുവടു ചേർന്ന്
ചുറ്റുപാടു മറിയവെ
അയലത്തെ കൂട്ടരുമായ്
മോടിയോടെ നടക്കവെ
ചിറകടിച്ചു പൊങ്ങിയ
ചിത്രസ്വപ്ന മെവിടെയൊ !
മിന്നി മിന്നി തിളങ്ങിയ
താരകങ്ങളണഞ്ഞുവൊ !
പറമ്പിലെ പാരിജാത
പ്പൂവിരിഞ്ഞതു കാണവെ
അരികിലെത്തി മെല്ലെയാ
പരിമളം നുകരവെ
പുത്തനാ മുടുപ്പുമിട്ടു
പഠിയ്ക്കുവാനായ് പോകവെ
പുതിയ ലോകം പുസ്തക
താളിതളിൽ കണ്ടിടവെ
ഈണമോടെ യീരടികൾ
പാടിയാടി കേട്ടിടവെ
അകലെയെങ്ങൊ യാരവം
അലയടിച്ചു കേൾക്കവെ
വിരിഞ്ഞു വന്ന കിനാക്കൾ
എങ്ങു പോയി മറഞ്ഞുവൊ !
പൂത്തുലഞ്ഞാടി നിന്നയാ
പൂമരങ്ങൾ കൊഴിഞ്ഞുവൊ !
കാല്യ സൂര്യനാളമേറ്റ്
പുളകമോടെ നില്ക്കവെ
ഉദയകാല കാന്തിയിൽ
മനമലിഞ്ഞു പോകവെ
ചന്തമേറും നാൾവഴികൾ
ചന്ദനക്കുറി ചാർത്തവെ
ചന്ദ്രകാന്തി കണ്ടുമനം
വെൺനിലാവായി മാറവെ
ചിറകടിച്ചു പൊങ്ങിയ
ചിത്രസ്വപ്ന മെവിടെയൊ !
തിരയിളക്കി നിന്നയാ
ചിത്രപീലി കൊഴിഞ്ഞുവൊ !
ചക്രവാള സീമകളെ
ചക്രവാകപക്ഷികളെ
കൂടുവിട്ടകന്നു പോയ
കിനാക്കൾ നിങ്ങൾ കണ്ടുവൊ ?
ഇതൾ വിടർത്തി നിന്നയാ
പൂക്കളൊക്കെ കൊഴിഞ്ഞുവൊ !

By ivayana