ഭ്രാന്തു പൂക്കും കിരാതയാമങ്ങളിൽ
ജീവനെച്ചുറ്റി നീണ്ട നേരാണവൾ….
കാത്തിരിപ്പിൻ കറുത്ത പൂവാക മേ
ലെന്നെ നോക്കിച്ചിരിച്ച നോവാണവൾ….
ഉള്ളു നീറ്റും വിരൂപതാളങ്ങളെ-
ച്ചുണ്ടു നീട്ടിത്തടുത്ത മഞ്ഞാണവൾ…..
പാപപുഷ്പങ്ങൾ മാത്രം വിരിഞ്ഞൊരെൻ
ചെമ്പകത്തിന്റെ നെഞ്ചിടിപ്പാണവൾ……
ഏറെയൊന്നും കുറിയ്ക്കുവാനില്ലെനിയ്-
ക്കെന്റെ ഗന്ധം തിരഞ്ഞു പോകട്ടെ ഞാൻ…..
ജാതകച്ചീളു ചിന്തേരിടാതെയും,
പ്രേതമൗഢ്യം വിയർക്കുന്ന കോണിലെ-
ത്തെറ്റു മൂടുന്ന തായ് വേരു തേടിയും,
വീണ്ടുമെന്നിൽ കുരുങ്ങി നിൽക്കുന്നവൾ
ശൂന്യരാവിൻ നിഴൽ നാടകങ്ങളിൽ,
വേനലെത്താത്ത കാമഗർത്തങ്ങളിൽ,
നീലയാത്ര തൻ വിസ്ഫോടനങ്ങളിൽ,
വീണ്ടുമെന്നെത്തിരഞ്ഞു പോകുന്നവൾ…
കുമ്പസാരച്ചുരുൾ നിവർത്താതെയും,
മൗനദാഹപ്പൊരുൾ വിടർത്താതെയും,
മെല്ലെയെന്നെ പ്രലോഭനത്തേരിലെ-
ച്ചോദ്യമായിപ്പകർത്തി നിർത്തുന്നവൾ….
സങ്കടക്കാതൽ തോറുമൂഷ്മാവിന്റെ
സ്പന്ദനങ്ങൾ തകർന്നടിഞ്ഞെങ്കിലും
വേദനിയ്ക്കാത്ത മോഹഭംഗങ്ങളായ്
എന്റെ ജാലകം കാത്തു വെയ്ക്കുന്നവൾ.
വക്കു പൊട്ടിച്ച വേഷപ്പകർച്ചയായ്,
താരനൊമ്പരം കാതോർത്തു നിൽക്കവേ
പങ്കുവെയ്ക്കാത്തൊരുൾപ്പൂവു കൊണ്ടെന്റെ
നേർച്ചയൊക്കെക്കടം തീർത്തു തന്നവൾ.
ബാന്ധവങ്ങൾ വെറുപ്പു കല്പിയ്ക്കവേ,
പ്രാർത്ഥനാപൂർവ്വമോർമ്മ നേദിയ്ക്കവേ,
ചീഞ്ഞു നാറുന്ന ദാഹങ്ങൾ ബാക്കിവെ-
ച്ചെന്നിലെന്തോ ചികഞ്ഞു നോക്കുന്നവൾ….
ഏറെയൊന്നും കുറിയ്ക്കുവനില്ലെനിയ്-
ക്കെന്റെ ശബ്ദം തിരഞ്ഞു പോകട്ടെ ഞാൻ……
…… ശുഭം…….
സോജാ രാജേഷ്.