എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ !
നിന്നെയെനിക്കിഷ്ട്ടമാണെന്നറിഞ്ഞതും
സത്യവും മിഥ്യയും രണ്ടെല്ലന്നറിഞ്ഞതും
സ്വപ്‌നങ്ങൾ മണ്ണിൽ പൂക്കില്ലെന്നറിഞ്ഞതും
കനിവുകൾ ആഴക്കയത്തിലെന്നറിഞ്ഞതും
വായക്കുചുറ്റും പുകയാണെന്നറിഞ്ഞതും
വായുവോന്നെന്നില്ലെന്നറിഞ്ഞതും
ഞാനറിഞ്ഞതിന്നലെയാണല്ലോ സഖേ.. !
അഞ്ചുപതിറ്റാണ്ടുകൾ തല്ലിക്കൊഴിച്ചിട്ടും
ഓരോ പതിറ്റാണ്ടിലുമൊന്നുമില്ലെന്നറിഞ്ഞതും
കഴിഞ്ഞപതിറ്റാണ്ടിലും ഞാനെന്നെയറിയാത്തതും
ലാഭവും നഷ്ടവും എന്നിലൂടെന്നറിഞ്ഞതും
എനിക്കൊന്നുമുൾക്കൊള്ളാനാവില്ലെന്നറിഞ്ഞതും
കാലത്തിൻ വിഷലിപ്തമാം പാടകൾ
എൻനാസാരന്ധ്രങ്ങളിലൂടെയകത്തേക്കടിഞ്ഞതും
തുമ്മിപ്പുറത്തേക്കുതെറിപ്പിക്കുവാനാവാതെ
എല്ലാം തൊണ്ടക്കുഴിയിൽ തടഞ്ഞതും
എല്ലാം ഞാനറിഞ്ഞതിന്നലെയാണല്ലോ സഖേ !
ഇന്നലെപകലന്തിയോളവും എന്റെ
കണ്ണിന്നറ്റത്തു വിഷാദമായും
ഇന്നലെ പുലരുമ്പോളെന്റെ മനസ്സിൽ
സർവ്വതും നീയെന്ന ചൊൽവിളിയായതും
ഇന്നലെ പകൽ മദ്ധ്യാഹ്നത്തിൽ
കറുത്തുവെളുത്തപ്പോൾ എന്മുന്നിൽ
അടർന്നുചിതറിയ കണ്ണുനീർമുത്തുക്കൾ
എനിക്കുള്ള സാന്ത്വനത്തിന്റെ
താരാട്ടായി മാറിയതും
ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ.. !
0
ബിനു. ആർ.