ഷവറിനടിയിൽ നനഞ്ഞുനില്ക്കുമ്പോൾ
എന്നുമവനെ ഓർത്തുപോകുന്നു.
നിരാസത്തിൻ കറുത്തബലിക്കത്തിയാഴ്ത്തി
പ്രണയദേഹിയെ രക്തബലികൊടുത്തു നീ,
നിന്റെ കാമസൗധത്തിൻ താഴികക്കുടത്തിലെ
കറുത്തപിതാക്കളെ സംപ്രീതരാക്കുവാൻ.
ഞാനിന്നു മൃതിമണ്ഡപത്തിലെ പഞ്ജരം.
സിതോപലത്തിലെ ഹിമശീതനദികൾപോൽ
വിഷാദ;സജലനയനങ്ങൾ വിറങ്ങലിച്ചൊഴുകുന്നു.

ചിത്രകാരിയെങ്കിലും വരയ്ക്കുവാനാകുന്നീല,
എന്റെ ദുഃഖവിചാരധാരാ ഫലകങ്ങളിലൊന്നിലും
നിൻനാമചിത്രസഹിതസ്മൃതികളില്ലാതെപോയ്!
മോഹംചുഴികുത്തും ചാരക്കണ്ണുകളല്ലാതെ
പാരുഷ്യമാർന്നയന്നത്തെ മുഖഭാവങ്ങളൊന്നുമേ
എഴുതുവാനാകുന്നില്ല തപ്തചായങ്ങളാൽ,
നശിപ്പിച്ചു വലിച്ചെറിഞ്ഞെത്ര ചിത്രലേഖിനികളെ,
കുറ്റമീ പ്രകമ്പിത;സങ്കടഹൃദന്തത്തിന്റെതെങ്കിലും!

പ്രസരിപ്പിൻ പുണ്യതൈലങ്ങളുഴിയും
സ്നാനത്തിൽ, ഓർമ്മതൻ ഗർഭനാളിയിൽ
പൊരുളായ്ത്തെളിഞ്ഞൊരു വെളുത്തതൂവാല.
പാപവൈപുല്യത്തിൽ, ആറാംതിരുമുറിയിലെന്റെ
നഖമുനയാൽ മുറിഞ്ഞ നിൻമുഖമൊപ്പിയ,
വിയർപ്പും ചോരയും നഷ്ടരേതസ്സും കലർന്ന
ശാപത്തിൻ മുദ്രമോതിരമുറങ്ങും കൈത്തുണി!

ഷവറടയ്ക്കാതെ, കുളിമുറിവാതിൽതുറന്ന്
‘യുറീക്ക’വായിക്കും മകൾക്കു മുന്നിലൂടെ,
ഇളയമകന്റെ കളിപ്പാട്ടക്കാറിൻ വേഗത്തെ
വെട്ടിയൊഴിഞ്ഞ്, നഗ്നയായതിദ്രുതമോടി
ഭർത്താവിന്റെ ഓഹരിക്കാട്ടിലെ
കരടികൾക്കു പിടികൊടുക്കാതെ,
അയാളുടെ കാളകളുടെ കുത്തേല്ക്കാതെ
ഞാനെന്റെ വരപ്പുമുറിയുടെ ബന്ധനസ്ഥയായി.

അലമാരയുടെ അതിരഹസ്യസ്ഥാനത്തൂന്ന്
നാളിതുവരെയുമെടുക്കാതെ, മടക്കിവച്ചിരുന്ന
ആ പട്ടുതൂവാലയെടുത്തു നിവർത്തി,
മൂക്കിലെ അതിസൂക്ഷ്മരന്ധ്രങ്ങളെല്ലാംതുറന്ന്
ഞാനതിലേക്കു കൂപ്പുകുത്തി, കഴുകാത്ത,
കറപിടിച്ചയാഴങ്ങളിലെ അതാര്യതകളിലേക്ക്.
അവിടുത്തെ പ്രേതപ്രഭകളിൽ ജീവിച്ച്
ഞാനറിയാതവനെ വരച്ചുതുടങ്ങുന്നു.
ആത്മബലിയുടെ നഗ്നസൃഷ്ടിപ്പിൻ
അവസാന ഈറ്റുനോവിൽ ചുവന്ന്
സ്രഷ്ടാവായ ഞാൻ ചുരന്നൊഴുകുന്നു..!

✍️ ദിജീഷ് കെ.എസ് പുരം.

By ivayana