ഭൂമിയെന്ന വേദിയിൽ കിട്ടിയ വേഷം പൂർത്തിയാക്കാനാകാതെ ചമയങ്ങളെല്ലാം അഴിച്ച് സ്വപ്നങ്ങളും മോഹങ്ങളും ബാക്കിവെച്ച് കാലയവനികക്കുള്ളിൽ മറഞ്ഞു പോകുന്നവർ എത്രയുണ്ടാകും… മരണമെന്ന കോമളിയുടെ പരിഹാസവും സ്നേഹവും പലപ്പോഴും എന്നെയും തഴുകി അമ്പരപ്പിച്ചും നോവിച്ചും കടന്നു പോയിട്ടുണ്ട്…രാവും പകലും, വെയിലും മഴയും പോലെ ജനനവും മരണവും പലരും നിർവ്വചിച്ചും ന്യായീകരിച്ചും കടന്നു പോയിട്ടുണ്ടെങ്കിലും എന്നും അത്ഭുതത്തോടെയാണ് ഞാൻ നോക്കി നിന്നിട്ടുള്ളത്…

രണ്ടു മണിയായിക്കാണും വീട്ടിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് ഇറങ്ങിട്ട്… ഷോപ്പിലേക്ക് പോകുന്ന വഴി രണ്ട് പാലം കടന്നു വേണം യാത്ര തുടരാൻ…അന്ന് ഒരു പഴയ ഹീറോ ഹോണ്ട ബൈക്കാണുള്ളത്. ബൈക്ക് പിതാവിൻ്റേതാണെങ്കിലും ഓടിക്കാറുള്ളത് ഞങ്ങൾ മൂന്ന് പേരായിരുന്നു… വാരിയത്തെ പീടികയുടെ മുന്നിലെ തോടിന് മുകളിലൂടെയുള്ള പാലം കടന്ന്, റോഡിന് വലതു വശത്തുള്ള വിശാലമായ വയലിൽ നിന്നുള്ള വെള്ളം ഒഴികിപ്പോകാൻ കെട്ടിയ പാലത്തിന് മുകളിലെത്താറാകുമ്പോഴാണ് മുന്നിൽ ഒരു ബസ്സ് മണ്ണാത്തിക്കടവ് വളവ് കഴിഞ്ഞ് വരുന്നത് കണ്ടത്…

പിന്നിൽ നിന്നും ഒരു നീട്ടിയുള്ള ഹോണടിയും കൂടി കേട്ടപ്പോൾ പാലം കടന്നു പോകണോ അല്ലെങ്കിൽ ബസ്സ് രണ്ടും കടന്ന് പോയിട്ട് പോയാൽ മതിയോ എന്ന് ഒരു നിമിഷം ശങ്കിച്ചു…രണ്ട് ബസ്സുകൾ ഒരേ സമയം പാലത്തിന് മുകളിലെത്തിയാൽ പിന്നെ ഒരാൾക്ക് കഷ്ടിച്ച് കൈവരിയോട് ചേർന്ന് ജീവൻ പണയം വെച്ച്നടന്നു പോകാനുള്ള വീതിയേ ഉള്ളൂ അവിടെ…രണ്ടു ബസ്സും അടുത്തെത്താറായപ്പോൾ ഞാൻ ബൈക്കിന് സ്പീട് കൂട്ടി പാലം കടക്കാൻ ഒരു ശ്രമം നടത്തി…

എതിർ വശത്തേക്കുള്ള ബസ്സ് കടന്നു പോയതും പാലത്തിനും രണ്ടാമത്തെ ബസ്സിനും ഇടയിൽപ്പെട്ട് മുന്നോട്ട് പോകാനാകാതെ പാലത്തിൻ്റെ കൈവരിയിൽ ബൈക്കുരഞ്ഞ് ഞാൻ വീണതും ബസ്സ് കൈവരിയിൽ ഇടിച്ച് നിന്നതും ഒരേ സമയത്തായിരുന്നു..ബസ്സിൻ്റെ പിന്നിലെ വീലിന് മുന്നിൽ ബെക്കിനിടയിൽകാല് കുടുങ്ങി ഞാൻ കിടന്നു…ബസ്സിൽ നിന്നും ആളുകളുടെ ഉച്ചത്തിലുള്ള നിലവിളിയും സംസാരവും കേട്ടു…

ഇതിനിടയിലാണ് ഡ്രൈവറുടെ സമീപത്തുള്ള ഡോർ തുറന്ന് ഒരാൾ ചാടിയിറങ്ങി വയലിലേക്ക് എടുത്ത് ചാടി ഓടുന്ന തുകണ്ടത്…ഓടുന്നതിനിടയിൽ തൻ്റെ കാക്കി ഷർട്ട് ഊരി അയാൾ വലിച്ചെറിഞ്ഞു… വിളഞ്ഞു പാകമാകാറായ നെല്ലുകൾ വകഞ്ഞ് മാറ്റി ഒരു പടക്കുതിയെപ്പോലെ അയാൾ കുതിക്കുന്നത് നോക്കി ഞാൻ ബസ്സിനടിയിൽ കിടന്നു…എതിൽ വശത്തെ മുന്നിലെ ഡോറ് തുറക്കാനാകാതെ പിന്നിലെ ഡോറിൻ്റെ പകുതി തുറന്ന വിടവിലൂടെയും മറുവശത്തെ ജനലിലൂടെയും ആളുകൾ നൂണ്ടിറങ്ങി ബസ്സിനടിയിലേക്ക് നോക്കി…

ഞാൻ മരിച്ചിട്ടില്ലെന്ന് കണ്ട് രണ്ടു മൂന്ന് പേർ ബസ്സിനടിയിലേക്ക് വന്ന് ബൈക്ക് പൊക്കിയപ്പോൾ ബൈക്കിനടയിൽ കുടുങ്ങിയ കാല് വലിച്ചെടുത്ത് ഞാൻ പുറത്തു വന്നു… ടയറിന് സമീപത്ത് ത്തിന്നും ബൈക്ക് നിരക്കിയെടുത്ത് അവരും പുറത്തേക്ക് വന്നു…ക്ലീനർ ഡ്രൈവറെയും തിരഞ്ഞ് വയലിലേക്കിറങ്ങി ഓടി, കണ്ടക്ടർ എൻ്റെ അടുത്ത് വന്ന് ഒന്നും മിണ്ടാതെ നോക്കി നിന്നു…യോഗാസനം പഠിപ്പിക്കുന്ന ബാലകൃഷ്ണക്കിടാവ് വന്ന് എന്നെ ചേർത്ത് പിടിച്ചു…”നീ മരിച്ചു പോയെന്നാ മോനേ ഞാൻ കരുതിയത് “…

ബസ്സിലെ മുന്നിലെ ഡോറിന് മുൻവശത്തുള്ള പെട്ടിയുടെ മുകളിലായിരുന്നു അയാളിരുന്നത്, ഞാൻ ബസ്സിനടിയിലേക്ക് വീഴുന്നത് അയാൾ കാണുന്നുണ്ടായിരുന്നു…കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡ്രൈവറെയും കൂട്ടി ക്ലീനർ വന്നു. വയലിൽ വലിച്ചെറിഞ്ഞ ഷർട്ട് തിരെഞ്ഞെടുത്ത് ആളുകൾക്ക് നടുവിൽ നിൽക്കുന്ന എൻ്റെ സമീപത്തേക്ക് വന്ന് ഡ്രൈവർ തല ചൊറിഞ്ഞു…”നീ എന്തു പണിയാ കാണിച്ചത് “…ഞാനെന്തു കാണിച്ചു, ഞാൻ പാലത്തിന് മുകളിലേക്ക് കയറിയത് നീ കണ്ടില്ലേ, ഒന്ന് ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ ഞാൻ കടന്നു പോകുമായിരുന്നല്ലോ…

എൻ്റെ ചോദ്യത്തിന് മറുപടി പറയാതെ അയാൾ നിന്നു…കോഴിക്കോട് നിന്നും വരുന്ന ബസ്സുകൾക്ക് എൻ്റെ വീടിന് മുന്നിലുള്ള ഈർച്ചമില്ലിനടുത്തുള്ള ഇറക്കവും വളവും കഴിഞ്ഞാൽ സ്പീട് ഒന്ന് കൂടുതലാണ്…സ്റ്റാൻറിൽ ആദ്യമെത്തുന്നെ ബസ്സുകൾക്ക് ട്രോഫി കൊടുക്കുന്നുണ്ടോ എന്നാണ് ഇവരുടെ മരണപ്പാച്ചിൽ കാണുമ്പോൾ എൻ്റെ സംശയം…

പലപ്പോഴും എൻ്റെ ഷോപ്പിന് മുന്നിൽ കുതിച്ചു വരുന്ന ബസ്സിന് ബ്ലോക്കിട്ട് ഡ്രൈവറുമായി പ്രശ്നമുണ്ടാക്കുന്ന ടൂ വീലറുകാരേയും ചെറിയ വാഹനങ്ങളിലുള്ളവരെയും പലപ്പോഴും ഞാൻ കാണാറുണ്ട്… കൂടുതലൊന്നും പറയാതെ ബൈക്കെടുത്ത് ഷോപ്പിലേക്ക് വിട്ടു…കാലിന് വേദനയുണ്ട് ബൈക്കിൻ്റെ വലതുഭാഗത്തെ കണ്ണാടിയും ഇൻ്റിക്കേറും പൊട്ടിയിരിക്കുന്നു…ഷോപ്പിന് മുന്നിൽ ബൈക്ക് നിറുത്തി ഞാൻ കുറച്ചു സമയം അതിന് മുകളിൽത്തന്നെയിരുന്നു…സമയമായില്ല, ആയുസിന് കുറച്ചു കൂടി നീളമുണ്ട്… ബൈക്കിൽ നിന്നിറങ്ങി ഷോപ്പിലേക്ക് കയറുമ്പോൾ എൻ്റെ കാലനാകേണ്ട ബസ്സ് വളവ് തിരിഞ്ഞ് സ്റ്റാൻ്റിലേക്ക് പോകുന്നതു കണ്ടു…

By ivayana