കരിങ്കിനാവുകൾ പുതച്ച
മൗനത്തിന്റെ വളവിലെവിടെയോ
മറന്ന് വച്ച മുഖമായിരുന്നു
അവന്റേത്.
കോളേജിലേക്ക് പോകുംവഴി
പതിവായ് കണ്ട്മുട്ടാറുള്ള
വെയില് കൊത്തി കരിഞ്ഞ്
വരഞ്ഞ നിഴൽചിത്രം.
ക്ലാസ്സ് കഴിഞ്ഞ്
കടമേരി യിലേക്കുള്ള
ബസ്സ് കാത്ത് നിന്ന നട്ടുച്ച.
ചാറ്റൽമഴ നനഞ്ഞ്
ആൾക്കൂട്ടത്തിനിടയിലൂടെ
ഇളംകാറ്റ് തണുത്ത കയ്യാൽ
വിരലുകളോടിച്ചു.
കലങ്ങി തിളച്ച
നോവുകൾക്കിടയിലൂടെ
ഏങ്ങലടിച്ച് വിശന്ന നിഴലുകൾ
കൊണ്ട് നട്ടുച്ചയുടെ നെഞ്ചിൽ
കുഞ്ഞ് മിഴികൾ കൊണ്ട്
ആകാശം വരയ്ക്കാൻ
ശ്രമിക്കുകയായിരുന്ന അവൻ
എന്റെ നേരെ കൈ നീട്ടി.
സ്വപ്നവും, കിനാവും,
പ്രതീക്ഷകളും ചാടിപ്പോയ
അവന്റെ കണ്ണുകളിലെ
സങ്കടത്തിന് കടലോളം ആഴം.
മുഷിഞ്ഞ് കീറിയ
കുപ്പായത്തിനുള്ളിലെ
അടക്കിപ്പിടിച്ച തേങ്ങലുകൾക്ക്
ആകാശത്തോളം ഉയരം.
എന്നെപ്പോലെ അവനും
വഴിയിലേക്ക് കണ്ണ് കോർത്ത്
കാത്തിരുന്ന് പെയ്യുന്ന
അമ്മയുണ്ടാവും.
കുഞ്ഞ് പെങ്ങളുണ്ടാവും.
ഞാനവന്
നൂറ് രൂപ കൊടുത്തു.
അവന്റെ കണ്ണിൽ നക്ഷത്രങ്ങൾ
മിന്നിമറഞ്ഞു
ചുണ്ടിൽ ചിരി വിരിഞ്ഞു.
തമിഴ് ചുവയുള്ള മലയാളത്തിൽ
അവൻ വാക്കുകൾക്ക് പരതി.
ചിത്രശലഭമായ് ചിറക് മുളച്ച്
കത്തുന്ന മഴയിലേക്കിറങ്ങി
അവൻ അടുത്ത് കണ്ട
ഹോട്ടലിലേക്കോടി…….
( ഷാജു. കെ. കടമേരി )