മരക്കൊമ്പുകളിൽ നിന്ന് താഴേക്ക് നീണ്ട
അവളുടെ മുടിപ്പിന്നലുകൾ, രാത്രികളിൽ കാട്ടുവള്ളികളായി നിലം തൊട്ടു.
കാലാട്ടങ്ങളിൽ മിന്നാമിന്നികൾ പൊൻതരികളായി പറ്റിച്ചേർന്നു. കാൽത്തളകളുടെ യോ കൈവളകളുടെയോ ചിലമ്പിച്ച ഒച്ചയായി ദിനരാത്രങ്ങൾ അവൾക്കു ചുറ്റും ചിതറിക്കിടന്നു.

കഥകളിലവൾക്കു ചങ്കുകീറിയെടുക്കുന്ന കോമ്പല്ലുകളും രക്തമുണങ്ങാത്ത നാവുമുണ്ടായിരുന്നു.. പ്രണയമോ മരണമോ നിർവ്വാണമോ മോഹിച്ചവർ പോലും, അതിരഹസ്യമായിരിക്കും അന്ത്യം എന്ന് ഉറപ്പുണ്ടായിട്ടും അവളുടെ ഉൾവഴികളിലേക്ക് നടന്നതേയില്ല.അതിനിഗൂഢമായതിലെല്ലാം നിധികളൊളിപ്പിച്ചിട്ടുണ്ടാവും എന്നു രണ്ടും കല്പിച്ചിറങ്ങിയ വ്യർത്ഥവ്യാമോഹികളാവട്ടെ
അവൾ കൺകെട്ടി വിട്ട കാട്ടുവഴികളിലൂടെ ദിക്കുതിരിയാതെ ഉഴറി നടന്നു.. തിരിച്ചിറങ്ങിയ ശേഷം, അവർ അവളെ ഒന്നിരിക്കാൻ മുറുക്കാൻ, കൂട്ടന്വേഷിക്കുന്ന യക്ഷിക്കഥകളിലേക്ക് കൂട്ടിക്കെട്ടി സമാശ്വസിച്ചു.

മറുപുറമെത്താൻ ഏറ്റവുമെളുപ്പം ഉൾക്കാട്ടിനുള്ളിലൂടെയാണെന്നറിയാതെ, മനുഷ്യർ കാട്ടിലേക്ക് തിരിയുന്ന സകല വഴികളുമടച്ചു.. വഴി തെറ്റിപ്പോലും ലക്ഷ്യത്തിൽ എത്താതിരിക്കാൻ, വഴിയുണ്ടെന്ന സകല തോന്നലുകളെയും ഇല്ലാതാക്കി… രക്ഷപെട്ടു നടന്നു.

അവൾക്കോ, ജന്മനാ വിശപ്പേയില്ലായിരുന്നു. ദാഹവും. എങ്കിലും ചിലപ്പോഴൊക്കെ, വിരസമായ പകലുകളിൽ തടാകത്തിനു നടുവിലേക്ക് നട്ടുച്ചക്ക് ഊളിയിട്ട് നിഴലിടുന്ന സൂര്യനെ കാച്ചിയ ചൂടു പപ്പടമെന്ന പോലെ അവൾ പൊട്ടിച്ചു തിന്നു.
എന്നിട്ടോ, ലോകമിരുട്ടിലായോ എന്ന് ഭയന്ന് താമരയല്ലികളുടെ മഞ്ഞത്തരികളും നാണവും പുരണ്ട മുഖവുമായി രാത്രിയാവും വരെ താമരമൊട്ടിലുറങ്ങുന്ന ഒരു ജലദേവതയായടിത്തട്ടിലൊളിച്ചിരുന്നു.

പഞ്ചസാരത്തരികൾ വിതറിയ പാൽക്കിണ്ണമായി രാത്രി ആകാശമവളെ കൊതിപ്പിക്കും വരെ മാത്രം നീളുന്ന ഒളിവുജീവിതം. നിലാവിൻ്റെ പാൽപ്പത തിളങ്ങുന്ന മേൽച്ചുണ്ടുമായി പനിമതിയുടെ മടിയിൽ ഉന്മത്തയായി വീണുറങ്ങുന്നിടത്ത് അത് അവസാനിക്കുന്നു. യുഗമെന്നോ കല്പാന്തമെന്നോ പറയാവുന്ന ഒരു കാലത്തേക്ക് പിന്നീടവൾക്കു വിശക്കുന്നേയില്ല…. ദാഹിക്കുന്നുമില്ല.

വിശപ്പില്ലാത്തവരുടെ വിരസത രസമാക്കുന്ന രാസവിദ്യയാണ് പാട്ടും കഥകളും എന്നറിയെ, ആ കാട് മുഴുവനുമുള്ള ചരാചരങ്ങൾ അവൾക്ക് വേണ്ടി കഥ പറച്ചിലുകാരായി. പാട്ടുകാരായി.
അവൾ കേൾവിക്കാരിയായി … ചിലപ്പോൾ കാഥികയായി..ഗായികയായി ..ഓരോന്നിലും ഇടകലർന്നു.
ആവർത്തനങ്ങളുടെ അരസികത വെറുപ്പിക്കും മുൻപ് മടുപ്പിൻ്റെയിടങ്ങളിൽ നിന്നവൾ മടികൂടാതെ പറന്നു മാറി. ചിറകില്ലാ പറക്കലുകൾ എപ്പൊഴും.

ഓർമ്മിപ്പിക്കുന്നത് ചിറകുകളെയാവും. ചിറകുകൾ ബന്ധനസ്ഥമാക്കപ്പെടാവുന്ന അഴികളെയും ഓർമ്മിപ്പിച്ചേക്കും.
അന്നേരം അവളുടെ വന്യഭാവനയിൽ ആ
കാടൊരു കൂടായി മാറും. കൂടെന്നത് കൂട്ടെന്നത്,കരുതലെന്നത്, വിട്ടു പോകലുകളില്ലാത്ത തുറന്ന തടവറയുമാണല്ലോ എന്ന് ഓർമ്മയ്ക്ക് അദൃശ്യമായ വെൺമേഘങ്ങളുടെ ചുവരുകളുണ്ടാവും.
ആ ചുവരുകളിലവൾ മഞ്ഞപ്പുള്ളികളുള്ള നീലച്ചിറകുകൾ വരക്കും. ചാരിയിരിക്കെ, ആ ചിറകുകൾ അവളുടെ പുറം വടിവിലേക്ക് പറ്റിച്ചേരും.. നഗ്നമായ ഉടലുള്ള വലിയ ചിറകുകളുള്ളൊരു നീലപ്പക്കിയായി കാടിനു മുകളിൽ വെയിലിൽ…പറന്നു നടക്കും.

By ivayana