ഇന്നലെ കണ്ട ആകാശത്തിൻ്റെ വെളുപ്പ്
ഭൂമിയുടെ പകലിൻ്റെ നിറം
ഇന്നലെ ചരിഞ്ഞ ആനയ്ക്ക്
കാടിൻ്റെ നിറം
മാവിൻ്റെ വേരുകൾ
ഭൂമിയെ പ്രാപിച്ചതിനെക്കാൾ
എത്രയോ വേഗത്തിലാണ് ഇത്തിളുകൾ
വേരുകളാഴ്ത്തിയത്
ഉരിയാടാനാവാത്തവരുടെ
പാട്ടിൻ്റെ ഭംഗി എത്ര പറഞ്ഞാലും തീരില്ല.
ഉടമസ്ഥരില്ലാത്ത പറമ്പുകൾ
പട്ടികൾ പ്രസവിക്കാൻ തെരഞ്ഞെടുക്കുന്നു.
കീരികൾ പാമ്പിനെയന്വേഷിക്കുന്നു.
ചിലയിടത്ത് ചീട്ടുകളി
ചിലയിടത്ത് കൈയ്യേറ്റം
മകുടിയുമായി രണ്ടു പാമ്പാട്ടികൾ
കച്ചേരി പാടുന്നു
ആടിയ പാമ്പ് കൂടയിൽ വിശ്രമിക്കുന്നു.
‘ഇവിടെ മൂത്രം ഒഴിക്കരുത് ‘
എന്ന ബോർഡിനു താഴെ മാത്രമൊഴിക്കുന്ന
ഒരു പറ്റം ജനത നിയമങ്ങൾ തെറ്റിക്കുന്നു.
അവരെല്ലാക്കാലവും മാറി മാറി ഭരണത്തിലെത്തുന്ന
കക്ഷിക്കാരാണെന്ന്കണ്ടാലറിയാം.
നിസംഗമായ ഒരു ചിരിയുമായി
ഉളി രാകുന്ന ചെരുപ്പുകുത്തി
വഴിയാത്രക്കാരെ നോക്കിയിരുന്നു
ശവപ്പെട്ടിക്കട നിറയെ ആളായിരുന്നു.
അവിടെയും പുതിയൊരു ബോർഡു പൊങ്ങി
ഒന്നെടുത്താൽ ഒന്നു ഫ്രീ
…………. താഹാ ജമാൽ