എൻ. ഗോവിന്ദൻകുട്ടിയുടെ 96-ാം ജന്മദിനം.(17-10-1924)അദ്ദേഹം ഒരു പത്രാധിപരായിരുന്നു – എത്ര പേർക്കറിയാം.
ഒരോർമ്മ – 1940-കളിൽ അന്നത്തെ പ്രതികൂല സാഹചര്യത്തിൽ പോലും, എൻ. ഗോവിന്ദൻകുട്ടി സമൂഹത്തിൽ നിലനിന്നിരുന്ന ദുഷിച്ച പ്രവണതകളെ, യാഥാർത്ഥ്യങ്ങളെ അതിശക്തമായ ഭാഷയിൽ കഥകളിലൂടെ പകർത്തികാട്ടി തൂലിക പടവാളാക്കി. ഈ യാഥാർത്ഥ്യത്തെ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ. വയലാർ രാമവർമ്മ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു – “ഒരു കഥാകൃത്ത് ദീക്ഷിക്കേണ്ട പലതുമുണ്ട്.
ഒരു കഥാകൃത്ത് കഥാകൃത്താവണമെങ്കിൽ മറ്റെന്തിനേക്കാളും അയാൾ താൻ ജീവിച്ചിരിക്കുന്ന യുഗത്തിന്റെ ധർമ്മബോധത്തെക്കുറിച്ച് ശരിക്കും പഠിച്ചറിഞ്ഞിരിക്കുക തന്നെ വേണം. ശ്രീ. ഗോവിൻകുട്ടിക്ക് അക്കാര്യത്തിൽ യാതൊരബദ്ധവും പിണഞ്ഞിട്ടില്ല. അദ്ദേഹം തന്റെ സൃഷ്ടികളിൽ കൂടി പൊതുജനങ്ങളെ എടുത്ത് പന്താടുകയല്ല, തികച്ചും അവരെ പ്രതിനിധീകരിക്കുകയാണ്. അത് അദ്ദേഹത്തിന്റെ വിജയവുമാണ്. രക്തത്തിന്റെ മണം കലർന്ന ഓരോ കഥകളും തികഞ്ഞ ആത്മാർത്ഥതയോടെ വികാരസുന്ദരമായ രീതിയിൽ അദ്ദേഹം കഥ പറഞ്ഞു പോകുമ്പോൾ നാമവയിൽ ലയിക്കുകയായി.
മർദ്ദിത വിഭാഗത്തിന്റെ മുന്നേറ്റങ്ങൾക്ക് ആവേശം നൽകുന്ന വളരെയധികം ഖണ്ഡികകൾ അദ്ദേഹത്തിന്റെ കഥകളിലുണ്ട്. തകരാൻ നിൽക്കുന്ന മുതലാളിത്തത്തിന്റെ നേർക്ക് വാളോങ്ങിയടുക്കുന്ന കഥാകാരൻ താനൊരു പടയാളിയാണെന്നുള്ള വാസ്തവം മറന്നിട്ടില്ല. ശ്രീ. ഗോവിന്ദൻകുട്ടിയുടെ ആയുധത്തിന് രൂപഭദ്രതകൂടിയിട്ടുണ്ട്. അതു ചെന്നു കൊള്ളുന്നത് ലക്ഷ്യത്തിൽ തന്നെ. ശ്രീ. ഗോവിന്ദൻകുട്ടിയോട് രണ്ടു വാക്ക്:- ‘ഇവിടുത്തെ ജീവൻമരണ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾ ശരിക്കും പഠിച്ചറിഞ്ഞിട്ടുണ്ടെന്ന് സമ്മതിക്കുന്നു. നിങ്ങളെ ഇവിടുത്തെ പൊതുജനങ്ങൾക്കാവശ്യമുണ്ട്.’ ” – ഈ പ്രസ്താവനയാകട്ടെ; 1949-ൽ എൻ. ഗോവിന്ദൻകുട്ടിയുടെ ആദ്യ കഥാസമാഹാരമായ ‘നർത്തകി’ യെക്കുറിച്ച് ദേശാഭിമാനിയിൽ അദ്ദേഹം എഴുതിയ നിരൂപണത്തിൽ ആയിരുന്നു.
അങ്ങനെ, സാഹിത്യലോകത്ത് പ്രത്യേകിച്ചും ചെറുകഥാ ശാഖയിൽ തലയെടുപ്പോടുകൂടി നിന്ന എൻ. ഗോവിന്ദൻകുട്ടി, 1950-ൽ മലയാള ചെറുകഥാ സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിന്നായി കൊച്ചിയിൽ നിന്ന് ‘കാഥികൻ’ എന്ന കഥാ മാസികയ്ക്ക് ആരംഭം കുറിച്ചു. അദ്ദേഹം അതിന്റെ സാരഥിയും മുഖ്യ പത്രാധിപരും ആയിരുന്നു. ഇതിനു മുൻപ് കൊച്ചിയിൽ നിന്നിറങ്ങിയിരുന്ന ‘യുവകേരളം’, ‘സ്വരാട് ‘ എന്നീ ആഴ്ചപ്പതിപ്പുകളിൽ സഹപത്രാധിപരായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
പിൽക്കാലത്ത് ഒരു നിയോഗമെന്നോണം ‘ഇതിലെ ഇനിയും വരൂ’ എന്ന ചിത്രത്തിൽ മുഖ്യ പത്രാധിപരായി വേഷമിടുകയും ചെയ്തു. ‘കാഥികൻ’ കഥാസാഹിത്യത്തിൽ മാത്രമല്ല; അതിന്റെ ഉള്ളടക്കത്തിലും ശൈലിയിലും നൂതനാശയങ്ങൾ, മറ്റാർക്കും അവകാശപ്പെടാനില്ലാത്ത വിധം അവലംബിച്ചിരുന്നു. മലയാള ചെറുകഥകൾക്കു പുറമെ, അന്യഭാഷകളിലെ പ്രശസ്തമായ കഥകൾക്ക് മലയാളപരിഭാഷ നൽകി. എന്തിന് സുപ്രസിദ്ധ അമേരിക്കൻ കഥാകൃത്തായ വില്യം സരോയന്റെ കഥകൾ വരെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് കാഥികനിലൂടെ പ്രസിദ്ധപ്പെടുത്തി. കൂടാതെ ചരിത്രകഥകൾ, കുട്ടികൾക്കുള്ള കഥകൾ, ആത്മകഥകൾ, ജീവിതഗന്ധിയും മറക്കാനാവാത്തതുമായ അനുഭവകഥകൾ, കവിതകൾ, പ്രേതകഥകൾ തുടങ്ങിഒട്ടേറെ പംക്തികളും കൊണ്ട് പ്രസ്തുത മാസിക സമ്പുഷ്ടമായിരുന്നു.
വിദ്യാർത്ഥികൾക്കും നവാഗത കഥാകൃത്തുക്കൾക്കും ഇതിൽ സ്ഥാനവും അർഹിക്കുന്ന പ്രധാന്യവും കൊടുത്തിരുന്നു. സ്ത്രീ എഴുത്തുകാരെ അവഗണിക്കുകയും ചെയ്തില്ല. ‘കാഥിക’ ന് കേരളത്തിന്റെ മുക്കിലും മൂലയിലും മാത്രമല്ല, ബോംബെ, കൊൽക്കത്ത, കാശ്മീർ, ഒറീസ, പൂനെ, സെക്കന്തരബാദ്, മാംഗ്‌ളൂർ, മദ്രാസ്, കോയമ്പത്തൂർ തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലും, അന്നത്തെ സിലോൺ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും പ്രധാന ഏജന്റുമാർ വരെ ഉണ്ടായിരുന്നു. കൂടാതെ ഒട്ടേറെ വരിക്കാരും.
മാസികയക്ക് അർദ്ധവാർഷിക വിശേഷാൽപ്രതിയും, കൂപ്പണിലൂടെ മാസാമാസം നറുക്കിട്ടെടുത്ത് വായനക്കാർക്ക് ‘ചെറുകഥാ സമാഹാരം’ സമ്മാനമായും നൽകിയിരുന്നു. സിനിമാക്കാരെ ഒഴിവാക്കിക്കൊണ്ട് ഉന്നത സാഹിത്യകാരന്മാരുടെ – എം.പി. പോൾ, ചങ്ങമ്പുഴ, പൊൻകുന്നം വർക്കി, പി.ജെ. ആന്റണി, ആർട്ടിസ്റ്റ് ശിവറാം തുടങ്ങിയവരെ പോലുള്ള മുഖചിത്രങ്ങളായിരുന്നു അന്ന് മിക്ക ലക്കങ്ങളിലും അച്ചടിച്ചു വന്നിരുന്നത്. ആദ്യ ലക്കം 1950, നവംബറിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ, അന്നത്തെ സാംസ്കാരിക നായകന്മാരുടെയും മാറ്റും അഭിനന്ദനപ്രവാഹമായിരുന്നു. ഡിസംബറിലുള്ള രണ്ടാം ലക്കത്തിൽ ഗോവിന്ദൻകുട്ടി ഇങ്ങനെ വിളംബരം ചെയ്തു – ”ഞങ്ങളുടെ വായനക്കാരോട് – ആദ്യ ലക്കത്തെപ്പറ്റി ഞങ്ങൾക്കു ഞങ്ങളുടെ വായനക്കാരിൽ നിന്നും ധാരാളം കത്തുകൾ വന്നുകൊണ്ടിരിക്കുന്നു.
അവയിൽ ഒന്നാംകിട സാഹിത്യകാരന്മാരുടെ കത്തുകളുണ്ട്, ഒന്നാം തരം വിമർശകന്മാരുടെ കത്തുകളുണ്ട്. തൊഴിലാളികളുടെയും തൊഴിലാളി നേതാക്കളുടെയും കത്തുകളുണ്ട്. നിർദ്ദേശങ്ങളും ഉപദേശങ്ങളും ഒരു ഭാഗത്ത്; ആസ്വാദനവും, ആശംസകളും മറ്റൊരു ഭാഗത്ത്. പിന്നെ രൂക്ഷമായ വിമർശനങ്ങളും, പുലഭ്യവർഷങ്ങളും ഉണ്ട്. പാർട്ടിയുടെ പേരിൽ കാഥികന്റെ പുറത്തു ചിലർ കുതിര കയറാൻ ഒരുങ്ങിയിട്ടുമുണ്ട്…. അങ്ങിനെ…. ന്യായമെന്നു തോന്നുന്ന നിർദ്ദേശങ്ങളേയും വിമർശനങ്ങളെയും ഞങ്ങൾ സ്വീകരിക്കുകയും മറ്റുള്ള വേണ്ടാത്ത പുരപ്പാട്ടുകളേയും ചടപടാച്ചികളേയും അവയർഹിക്കുന്ന അവജ്ഞയോടെ പുറംകാൽ കൊണ്ടു ഞങ്ങൾ തള്ളിക്കളയുകയും ചെയ്യുന്നു.
അനുവാചകലോകത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു, ഞങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടു കാഥികന്റെ ഓരോ ലക്കത്തിനും നിറവും തിറവും നൽകുവാൻ ഞങ്ങൾ യത്നിക്കുന്നുണ്ട്. ഞങ്ങളുടെ അപേക്ഷയനുസരിച്ച് തങ്ങൾ ഇഷ്ടപ്പെടുന്ന കാഥികന്മാരുടെ പേരുകൾ പലരും ഞങ്ങളെ എഴുതി അറിയിച്ചിട്ടുണ്ട്. നന്ദി. അക്കൂട്ടത്തിൽ സാഹിത്യലോകത്തിൽ ഇതേ വരെ കേട്ടുകേൾവി പോലുമില്ലാത്തവരുടെ പേരുകൾ പോലുമുണ്ട്. പ്രകാശനമർഹിക്കുന്നവയെ ഞങ്ങൾ എപ്പോഴും ആദരിക്കതന്നെ ചെയ്യും. അത്രയും നിങ്ങൾക്കുറപ്പു നൽകുന്നു. ഇവിടെ ലഭിച്ചിട്ടുള്ള കത്തുകളിൽ ചിലതെങ്കിലും പ്രസിദ്ധീകരിക്കണമെന്നു ഞങ്ങൾക്കതിയായ ആഗ്രഹമുണ്ട്.
പക്ഷെ സ്ഥലദൗർലഭ്യത്താൽ അതിനു മുതിരുന്നില്ല. പലരുടെയും കത്തുകൾക്കു ഞങ്ങൾ മറുപടി അയച്ചിട്ടുണ്ട്. എല്ലാവർക്കും കത്തയക്കുവാൻ സാദ്ധ്യമല്ലല്ലോ. കാഥികന്റെ പുരോഗതിയിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന അവരിൽ ഓരോരുത്തരോടും ഞങ്ങൾ കൃതജ്ഞതയുള്ളവരാണ്. പേജുകൾ വർദ്ധിപ്പിച്ചു കഴിഞ്ഞാൽ ഇങ്ങനെ കിട്ടുന്ന കത്തുകളിൽ ചിലതെങ്കിലും പ്രസിദ്ധപ്പെടുത്തണമെന്നു തീരുമാനിച്ചിട്ടുണ്ട്.
ഇനിയും ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കു വേണ്ടി കാത്തുനിൽക്കുന്നു!” – പത്രാധിപർ. അന്ന് അഭിനന്ദനങ്ങൾ അർപ്പിച്ചും, കഥകളും മറ്റുമെഴുതി സഹരിക്കുകയും ചെയ്ത സാഹിത്യ-സാംസ്കാരിക നായകന്മാരിൽ ചിലരാണ് – മഹാകവി ജി. ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റക്കാട്, മഹാകവി അക്കിത്തം, ഉറൂബ്, ഒളപ്പമണ്ണ, തകഴി, വയലാർ രാമവർമ്മ, വൈക്കം മുഹമ്മദ് ബഷീർ, പി. കേശവദേവ്, പൊൻകുന്നം വർക്കി,കേസരി എ. ബാലകൃഷ്ണപിള്ള, വി.കെ.എൻ, കെ. തായാട്ട്, നാഗവള്ളി ആർ.എസ്. കുറുപ്പ്, എം. ഗോവിന്ദൻ, പി.ജെ. ആന്റണി, പി.വി.കെ. വാലത്ത്, ഗോവിന്ദൻകുട്ടി നായർ (ജി.കെ.എൻ), എം. ദാമോദരൻ, ടാറ്റാപുരം സുകുമാരൻ, പി.എ. സെയ്തുമുഹമ്മദ്, ടി.കെ.സി. വടുതല, കെ.കെ. രാധാമണി, വിളാവത്തു ശങ്കരപിള്ള, കെ.എ. ജബ്ബാർ, വേട്ടൂർ രാമൻ നായർ, എരൂർ വാസുദേവ്, കെ.കെ. സരസ്വതി, ഒതയോത്ത്, എൻ.എസ്. പിള്ള, കൈപ്പട്ടൂർ നാരായണൻകുട്ടി, ഒ.പി. ജോസഫ്, സി.ഒ.ടി. ഉമ്മർ, പോട്ടയിൽ എൻ.ജി. നായർ, പോഞ്ഞിക്കര റാഫി, എം.സി. അപ്പുണ്ണി നമ്പ്യാർ, എം.ടി.എൻ. നായർ, വി.എം.എൻ. പണിക്കർ, സി. കൃഷ്ണൻ നായർ, ജേക്കബ് മഞ്ഞളി, പി.കെ. മുഹമ്മദ് കുഞ്ഞ്, സരള രാമവർമ്മ, ശങ്കരൻ കരിപ്പായി, ടി. കുഞ്ഞിരാമക്കുറുപ്പ്, ജോസ്. ജെ. ചാലങ്ങാടി, കെ.എ. അബ്ബാസ്, വേളൂർ കെ.സി. തോമസ്, സി. ദാമോദരൻ പിള്ള, എൻ. ഭാസ്കരൻനായർ, കെ.പി.ബി. പാട്യം, പി.എ. ജോസഫ്, പി.പി. ഇസ്മയിൽ, രാമുണ്ണി നായർ, എം.ജെ. ആന്റണി, കെ. ഗോപിനാഥൻ- അങ്ങനെ ഒട്ടേറെ പേർ. മഹാകവി ജി. ശങ്കരക്കുറുപ്പ് – ഗോവിന്ദൻകുട്ടിയെ പ്രിയ സുഹൃത്തേ, എന്ന് സംബോധന ചെയ്തു കൊണ്ടാണ് എഴുതിയത് – ”കാഥികനു ഏതു കുടിലിലാണ്, കൊട്ടാരത്തിലാണ് സന്തോഷപൂർവ്വമായ സ്വാഗതവും സാദരമായ ആതിഥ്യവും ലഭിക്കാതിരിക്കുക? പുതിയ രീതിയിൽ കഥ പറയുന്ന ഒരു സുമുഖനെ ആരെങ്കിലും അവഗണിക്കുമോ? നൂതനങ്ങളായ അനുഭവങ്ങളുടെ മണ്ഡലങ്ങളിലേക്ക് നൂതനങ്ങളായ സരണികളിലൂടെ കേരളീയ ഹൃദയത്തെ നയിക്കാമെന്ന വാഗ്ദ്ധാനം നിറവേറ്റു വാൻ ‘കാഥിക’നു കഴിവുണ്ടാവട്ടെ എന്നു നമുക്ക് ആശംസിക്കുക.
” മഹാകവി അക്കിത്തം – എന്റെ പ്രിയപ്പെട്ട ഗോവിന്ദൻകുട്ടി, എന്ന മുഖവുരയോടെയാണ് എഴുതിത്തുടങ്ങിയത് – ”ഈ കുറഞ്ഞ കാലത്തെ ജീവിതത്തിനിടയിൽ കുറെ നല്ല കഥകൾ പ്രസാധനം ചെയ്തു എന്ന് ‘കാഥിക’ന് അഭിമാനിക്കാം. എന്നല്ല, ‘കാഥിക’നിലെ പംക്തികളും മറ്റും തെളിയിക്കുന്നത് എഡിറ്റിംഗിൽ നിങ്ങൾക്കൊരു വ്യവസ്ഥയുണ്ട് എന്നാണ്. അതുകൊണ്ടായിരിക്കാം, ഉള്ളടക്കത്തിലും പുറം കാഴ്ചയിലും ഒരു പോലെ ‘കാഥികൻ’ ഇന്നുള്ള കഥാമാസികകളിൽ ഒന്നാം സ്ഥാനമർഹിക്കുന്നു എന്നു പറഞ്ഞാൽ, അധികമാകാത്തത്. നല്ല കഥകളുടെ മാത്രം ഒരു ഭണ്ഡാഗാരമാണ് ‘കാഥികൻ’ എന്ന പേർ വീഴണം. അതിന്നായി പരിശ്രമിക്കുമെന്ന ദൃഢവിശ്വാസത്തോടെ,” സ്നേഹമുള്ള, അക്കിത്തം എന്നു കുറിച്ചവസാനിപ്പിച്ചു. എസ്.കെ. പൊറ്റക്കാടാവട്ടെ – ”പ്രിയപ്പെട്ട മി. ഗോവിന്ദൻകുട്ടി, ‘കാഥികൻ’ എല്ലാ ലക്കങ്ങളും ഞാൻ കൗതുകത്തോടെ വായിക്കാറുണ്ട്.
ഞാൻ കഥയെഴുത്തുകാരനാണെങ്കിലും എനിക്ക് Fiction (കെട്ടുകഥ) വായിക്കുന്നതിനേക്കാൾ ഇഷ്ടം Facts (യഥാർത്ഥ സംഭവങ്ങൾ) വായിക്കാനാണ്. ഓരോ മനുഷ്യന്റെയും ജീവിതം, നൂറുകണക്കിലുള്ള ചെറുകഥകളുടെ സമാഹാരമാണ്. മറക്കാത്ത രംഗങ്ങളും അനുഭവകഥകളും മറ്റും കാഥികനിൽ തുടർച്ചയായി പ്രസിദ്ധപ്പെടുത്തിക്കാണുന്നതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. നിങ്ങളുടെ കഴിവുകളും സ്വാധീനതയും കാഥികനു വേണ്ടി ഉഴിഞ്ഞുവെക്കുന്നത് മലയാള സാഹിത്യത്തിനു തന്നെ ഒരു നേട്ടമായിരിക്കും. ‘കാഥിക’ ന് ഞാൻ എല്ലാ വിജയങ്ങളും നേർന്നു കൊള്ളുന്നു.” സ്വന്തം, എന്നെഴുതി കുറിപ്പവസാനിപ്പിച്ചു. കേസരി ബാലകൃഷ്ണപിള്ളയാവട്ടെ ഇങ്ങനെയും – ”പ്രിയപ്പെട്ട ഗോവിന്ദൻകുട്ടി, നിങ്ങൾ ഉദ്ദേശിക്കുന്ന മാസികയുടെ പ്ലാൻ കൊള്ളാം. ഒരു പുതുമയും തന്മയത്വവുമുണ്ടതിന്.
സാമ്പത്തികം, ലൈംഗികം, എന്നീ ഇരു കാര്യങ്ങളെ മുഷിപ്പിച്ചു തുടങ്ങിയിരിക്കുന്ന നമ്മുടെ കാഥികർക്ക് നിങ്ങളുടെ മാസിക പ്രസ്തുതതരം കഥയെഴുത്തിൽ മാർഗ്ഗദർശിയായി ഭവിക്കട്ടെ. ‘കാഥിക’ന് സകല വിജയങ്ങളും ആശംസിച്ചു കൊള്ളുന്നു.” പ്രമുഖ നിരൂപക സാഹിത്യകാരനായിരുന്ന ഗോവിന്ദൻകുട്ടി നായർ (ജി.കെ.എൻ) ഇങ്ങനെ കുറിച്ചിട്ടു – ”പ്രിയപ്പെട്ട ഗോവിന്ദൻകുട്ടി, ‘കാഥികൻ’ കഥാകാരന്മാരേക്കാളേറെ കഥകളെ മാനിക്കുന്നു എന്നു എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞു. ആരു പറയുന്നു എന്നല്ല എന്തു പറയുന്നു എന്നതിലാണ് താങ്കൾ ദത്തദൃഷ്ടയായിരിക്കുന്നത്. കാഥികന്റെ രണ്ടു ലക്കങ്ങളിലായി കൊടുത്തിരിക്കുന്ന ആ ആത്മകഥാകഥന മുണ്ടല്ലോ, ഊരും പേരും കൂടി അറിയാത്ത വ്യക്തിയിൽ നിന്നു ലഭിച്ചതായി നിങ്ങൾ അവകാശപ്പെടുന്നത്, മലയാളത്തിലെ മറ്റു വല്ല പ്രസിദ്ധീകരണക്കാരാണെങ്കിൽ വീണ്ടുവിചാരം കൂടാതെ ചവറ്റുകൊട്ടയിലായിരിക്കും അതിനെ നിക്ഷേപിക്കുക.
ഹാ! അങ്ങനെയാണെങ്കിൽ അത് എത്ര വലിയ ഒരു നഷ്ടമായിപ്പോകുമായിരുന്നു! എല്ലു മിടുക്കും ഇറച്ചിക്കനവുമൊക്കെ എങ്ങനെയായാലും, ശരി ആ കഥയ്ക്ക് ഒരാത്മാവുണ്ടെന്നു ഞാൻ പറയും. കാരണം, അതു അനുഭൂതിയുടെ ആവിഷ്ക്കരണമായതു തന്നെ. അനുഭൂതിയുടെ ആവിഷ്ക്കരണമാണ് കല. കലാപ്രപഞ്ചത്തിലുൾപ്പെടുന്നതു കൊണ്ട് ചെറുകഥയും മറ്റൊന്നല്ല. താങ്കളുടെ ‘നർത്തകി’ എന്ന ആ ചെറുകഥയുണ്ടല്ലോ, ഹൃദയാന്തരാളത്തെ അഭിസ്പർശിച്ച, ബോധമണ്ഡലത്തിന്റെ ഓരോ ഉള്ളറകളെയും ഇക്കിളിപ്പെടുത്തിയ, ഏതോ ഒരു അനുഭൂതിയുടെ ആവിഷ്ക്കരണമല്ലെ അത്? അനുഭവകഥകൾക്കു ‘കാഥികൻ’ നൽകുന്ന പ്രാധാന്യം അഭിനന്ദനീയമാണ്. ചെറുകഥാ മാസികകളുടെ പത്രാധിപന്മാർ ചെറുകഥാകൃത്തുക്കളാകുന്നതാണ് സാമ്പത്തിക വിദഗ്ദ്ധന്മാരോ വ്യവസായ പ്രമുഖന്മാരോ ആകുന്നതിനേക്കാൾ ഭേദം. അത്തരം പത്രാധിപന്മാർക്ക് വായനക്കാരുടെ രുചിയറിഞ്ഞു വിളമ്പാൻ കഴിയും. മാസികയുടെ സാമ്പത്തികവും വൈയവസായികവുമായ വിജയത്തിന്റെ രഹസ്യവും അതു തന്നെയാണ്. ‘
കാഥികൻ’ ഇക്കാര്യത്തിൽ തികച്ചും അനുഗ്രഹീതനാണ്. മാസികയ്ക്കു മംഗളം നേരുന്നു.” പി.എ. സെയ്തു മുഹമ്മദ്- ”പ്രിയപ്പെട്ട ഗോവിന്ദൻകുട്ടി, മലയാളത്തിലെ മറ്റു മാസികകളിൽ നിന്നു ഭിന്നമായ ഒരു നില ‘കാഥികൻ’ സ്വീകരിക്കുന്നത് സ്വാഗതാർഹമാണ്. ‘കാഥിക’നിലെ മറക്കാത്ത രംഗവും, അനുഭവകഥകളും ഹൃദയസ്പൃക്കായ രീതിയിൽ വരച്ചുവെക്കുന്ന ചിത്രങ്ങളാണ്. ‘കാഥികൻ’ ചെറുകഥാ സാഹിത്യത്തിലെ ഒരു ഗവേഷകനും പരിഷ്ക്കർത്താവുമായി കാണുവാൻ ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.” ഒരു വിദ്യാർത്ഥി കാഥികനെഴുതി- ”പ്രിയപ്പെട്ട പത്രാധിപർ, കാഥികന്റെ എല്ലാ ലക്കങ്ങളും കാത്തിരുന്നു വായിക്കാറുള്ള ഒരു അഞ്ചാം ഫോറം വിദ്യാർത്ഥിയാണ് ഞാൻ. പൊതുവെ ചെറുകഥകളോട് എനിക്ക് അതിരറ്റ ഇഷ്ടമാണ്. ചെറുകഥാ സമാഹാരങ്ങളും ചെറുകഥാ മാസികകളും കണ്ണിൽ പെടുന്നതൊക്കെ ഞാൻ വായിക്കാൻ ശ്രമിക്കാറുണ്ട്. മറ്റു പത്രമാസികകൾ കിട്ടിയാൽ ഞാൻ ആദ്യം നോക്കുന്നത് ചെറുകഥയായിരിക്കും. പൊറ്റക്കാടിന്റെയും, തകഴിയുടെയും, ദേവ്, ബഷീർ, പൊൻകുന്നം വർക്കി, പി.സി. കുട്ടികൃഷ്ണൻ, പോഞ്ഞിക്കര റാഫി, എൻ. ഗോവിന്ദൻകുട്ടി, നാഗവള്ളി എന്നിവരുടെയൊക്കെ ധാരാളം ധാരാളം കഥകൾ ഞാൻ വായിച്ചിട്ടുണ്ട്. ഏകദേശം ഒരു നല്ല വായനക്കാരന്റെ നിലയിലൂടെ നല്ല കഥകളും മോശപ്പെട്ട കഥകളും എനിക്കു വേർതിരിക്കാൻ കഴിയും. കാഥികൻ ഇപ്പോഴുള്ള കഥാ മാസികകളിൽ വെച്ച് ഒന്നാം സ്ഥാനത്തു നിൽക്കുന്നു എന്നു ഞാൻ ധൈര്യപൂർവ്വം പറയുന്നു.
ഇതിനു മുൻപും ഇത്തരം ഒരു നല്ല പ്രസിദ്ധീകരണം ഞാൻ കണ്ടിട്ടില്ല. പലപ്പോഴും ഞാൻ വിചാരിക്കാറുണ്ട് ഈ മാസിക കൃത്യം ഒന്നാം തീയതി തന്നെ ഇറങ്ങിയിരുന്നെങ്കിൽ എന്ന്. കാരണം എനിക്കും എന്റെ ചില കൂട്ടുകാർക്കും കാഥികൻ വായിക്കാനുള്ള ആഗ്രഹം അത്രയ്ക്കുണ്ട്. ഒന്നാംകിട കഥാകൃത്തുക്കളുടെ ഒന്നാം തരം കഥകൾ നിങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒന്നാം കിടക്കാരുടെ നാലാം തരം കഥകൾ പലതിലും വന്നിട്ടുണ്ടെങ്കിലും കാഥികനിൽ അങ്ങനെ കാണുന്നില്ല. എല്ലാം ശരി. പക്ഷെ നാലാംതരക്കാരുടെ ഒന്നാംതരം കഥകൾ നിങ്ങളെന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല? വളരുന്ന തലമുറയ്ക്ക് അവരർഹിക്കുന്ന പ്രോത്സാഹനം നൽകേണ്ടുന്ന ഒരു ചുമതല നിങ്ങൾക്കില്ലേ? കാഥികന് ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എഴുതി തുടങ്ങുന്ന പലരുടെയും കഥകൾ ‘ചെറുകഥ’യിലും, ‘കഥകളി’ലും, ‘ചിത്രാഞ്ജലി’യിലും നിന്നുപോയ ‘തൂലിക’ യിലും കണ്ടിട്ടുണ്ട്. അവയെല്ലാം നല്ലവയാണെന്നു ഞാൻ പറയുന്നില്ല. ഒരു കഥാകൃത്തായ താങ്കളുടെ പേനയുടെ സഹായത്തോടെ വളരുന്നവരുടെ കഥകൾക്ക് അഴകും ആരോഗ്യവും നേടാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
കാഥികന് വിജയാശംസിച്ചു കൊണ്ട്,”എൻ. എസ്. വിജയരാഘവൻകോഴിക്കോട്, 3-9-’51 ഇതിനുള്ള പ്രധാന പത്രാധിപരുടെ മറുപടി ഇങ്ങനെയും – ”വളരുന്ന തലമുറയെ പ്രോത്സാഹിപ്പിക്കണമെന്നുണ്ട്. കഴിയുന്നത്ര ചെയ്തുവരുന്നു. മാസത്തിൽ ശരാശരി 35O കഥകളോളം ഇവിടെ കിട്ടാറുണ്ടെന്നു പറയുന്നത് ഒരു പരമാർത്ഥം മാത്രമാണ്. ഇവയെല്ലാം നോക്കിയെടുത്ത് വേണ്ടത്ര തിരുത്തലുകൾ നടത്തി പ്രസിദ്ധീകരിക്കാൻ തയ്യാറാക്കുക എന്നു പറയുന്നത് കുറെ വിഷമമാണെന്നു പറയാതെ തരമില്ല. മാസിക നടന്നു പോകാ വുന്ന ഒരു ചുറ്റു പാടും, അനുവാചകർക്ക് ഇഷ്ടമുള്ളവരുടെ കഥകളും ഞങ്ങൾ നോക്കേണ്ടതുണ്ട്. ശരി, വിജയാ, ദാ, ഈ ലക്കം വളരുന്ന തലമുറയ്ക്കു വേണ്ടി വിനിയോഗിക്കുന്നു.” അങ്ങനെ കുട്ടികളെന്നോ മുതിർന്നവരെന്നോ,
പ്രമുഖരെന്നോ അപ്രമുഖരെന്നോ, കഥാകാരനെന്നോ കവിയെന്നോ വ്യത്യാസമില്ലാതെ അഭിനന്ദനങ്ങൾ അർപ്പിച്ചവരുടെ പട്ടിക നീണ്ടുനീണ്ടു പോകുകയാണ്. ആശംസകളും കഥകളും നൽകിയ ആ മഹാരഥന്മാരെക്കുറിച്ചുള്ള ഗോവിന്ദൻകുട്ടിയുടെ കാര്യമാത്രപ്രസക്തവും നർമ്മം ത്രസിക്കുന്നതുമായ പത്രാധിപക്കുറിപ്പുകളാവട്ടെ ഇപ്രകാരവും – മഹാകവി ജിയെക്കുറിച്ച് – ”കേരളത്തിന്റെ കലാ മഹിമയെ വാഴ്ത്തിപ്പാടുകയും, അതോടൊപ്പം ഇവിടുത്തെ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും നേരെ കണ്ണടയ്ക്കാതെ കലാ സൗകുമാര്യം നിറഞ്ഞ വരികളിലൂടെ ആവേശം പകർന്നു കൊടുക്കുകയും ചെയ്യുന്ന മഹാകവി ജി ഞങ്ങൾക്കു സന്ദേശം അയച്ചു തന്നു അഭിനന്ദിക്കുകയുണ്ടായി. മനുഷ്യസ്നേഹിയായ കവിവര്യൻ കാഥികനു നൽകുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും അവയർഹിക്കുന്ന ആദരവോടെ, വിലയോടെ ഞങ്ങൾ ചെവികൊള്ളുന്നു.
കഥാസാഹിത്യത്തിൽ കടന്നു പിച്ചവെച്ചു തുടങ്ങിയിരിക്കുന്ന പുതിയ തലമുറയുടെ സവിശേഷമായ ശ്രദ്ധ, കേരളത്തിന്റെ അഭിമാനഭാജനമായ നമ്മുടെ മഹാകവിയുടെ ഈ ഓരോ വരിയിലും പതിഞ്ഞു കാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് – ”ചെറുകഥകൾ പ്രസിദ്ധീകരിക്കുന്നതിൽ ഒരു പുതിയ പാത വെട്ടിത്തുറക്കേണ്ട ആവശ്യത്തെ ഊന്നിക്കാണിച്ചു കൊണ്ട്, വടക്കൻ പറവൂരുള്ള മാടവന പറമ്പിലെ ആ കൊച്ചു വീട്ടിലിരുന്ന് അദ്ദേഹം ഞങ്ങൾക്ക് ആശംസ അയച്ചിരിക്കുകയാണ്. ഈ തലമുറയുടെ മുമ്പിൽ പ്രകാശത്തിന്റെ ചിരാഗും പിടിച്ചുകൊണ്ട്,അധൃഷ്യനായി നടന്നു പോകുന്ന ഒരു വെള്ളത്താടിക്കാരനെ ഒരു മഹാസംഭവമായി ഞങ്ങൾ എണ്ണുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ആദരിക്കുന്നതോടൊപ്പം, ‘കാഥിക’ ന്റെ കാഥിക രോടും അവയെ ചെവികൊള്ളുവൻ ഞങ്ങൾ ഓർമ്മപ്പെടുത്തിക്കൊള്ളട്ടെ.” സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് – ” വൈക്കം മുഹമ്മദ് ബഷീർ എന്ന ഈ മനുഷ്യൻ നമ്മുടെ കഥാ സാഹിത്യത്തിലെ ഒരു മഹാത്ഭുതമാണ്.
മറ്റാർക്കും അനുകരിക്കാൻ അത്രയ്ക്കെയളുപ്പമല്ലാത്ത മനോഹരമായ ഒരു ശൈലിയും, മറ്റാർക്കും കാണാത്ത വല്ലാത്തൊരു ചങ്കുറപ്പും ഈ മഹാകഥാകൃത്തിന്റെ പ്രത്യേകതകളാണ്. കഷണ്ടിയും കാമുകനുമായ ഈ നല്ല മനുഷ്യനെ ഞാനും നിങ്ങളും അറിയാതെ തന്നെ സ്നേഹിച്ചു പോകുന്നു; ഇല്ലേ?” പി.സി. കുട്ടികൃഷ്ണൻ എന്ന ഉറൂബിനെക്കുറിച്ച് – ”ഒന്നാംകിട കഥാകൃത്തുക്കളുടെ പന്തിയിലിരിക്കുന്ന ഈ നല്ല മനുഷ്യൻ, മായ്ക്കാനോ മറക്കാനോ കഴിയാത്ത ധാരാളം കഥകൾ എഴുതുന്നു. പി.സി.ക്കു പിസിയുടെ മാത്രമായ ഒരു വ്യക്തിത്വമുണ്ട്. ശ്രീ എൻ.വി. കൃഷ്ണവാരിയർ പറയുന്നതു പോലെ ആർക്കും വശമില്ലാത്ത ഒരു ‘വാട്ടർ കളർ ടെക്നിക്ക് ‘. ദാ, ഈ സ്വപ്നാടനത്തിലെ മിഴിവും വടിവും ചേർന്ന ചിത്രങ്ങൾ നോക്കൂ. നമ്മെ കരുമനകൊള്ളിക്കയും കരയിക്കയും, ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നു. പി.സി.യുടെ ഓരോ പാത്രവും. എ.ഐ.ആർ (കോഴിക്കോട്) ജോലിത്തിരക്കിലും ജീവനുള്ള കഥകളെഴുതിക്കൊണ്ടിരിക്കുന്ന ഈ ‘കോന്ത്രപ്പല്ലനും സുന്ദരനു’ മായ ശ്രീമാനു നാം സലാം ചെയ്യുക.” പി. കേശവദേവ്നെക്കുറിച്ച് – ”കരളുറപ്പും കഴിവുമുള്ള ഈ മഹാ കഥാകൃത്തിന്റെ ജീവിതം എതിർപ്പിൽ കൂടിയാണ് മുന്നോട്ടു പോയിട്ടുള്ളത്; ഇപ്പോൾ പോകുന്നതും.
വെട്ടു കൊടുക്കാൻ മാത്രമല്ല വെട്ടു ഏൽക്കുവാനും തയ്യാറായെങ്കിലേ സമരം സാധ്യമാകൂ എന്ന് ഈ യോദ്ധാവ് വിശ്വസിക്കുന്നു. ആര് എന്തു തന്നെ പറയട്ടെ, ഒരു കാര്യം തീർച്ചയാണ്. ശ്രീ. പി. കേശവദേവിന്റെ കാൽപ്പാടുകൾ കേരളത്തിന്റെ മണ്ണിൽ നിന്നു മറച്ചുകളയുവാനോ, മായ്ക്കാനൊ സാധ്യമല്ല.അതിന് ആരും മിനക്കെടുകയും വേണ്ട.” പ്രശസ്ത നിരൂപകൻഗോവിന്ദൻകുട്ടി നായരെക്കുറിച്ച് – ” ഇതാ, നമ്മുടെ നിരൂപണ സാഹിത്യത്തിനു മുതൽക്കൂട്ടു വർദ്ധിപ്പിച്ച ഒരു മഹാ നിരൂപകൻ കാഥികന് ആശംസ അർപ്പിച്ചിരിക്കുന്നു. ജി.കെ.എൻ എന്ന പേരിൽ മാതൃഭൂമി, ജയകേരളം (കേരളോ പഹാരം) വിലാലകേരളം തുടങ്ങിയ പത്രങ്ങളിൽ ഗ്രന്ഥനിരൂപണങ്ങൾ ചെയ്തു കൊണ്ടിരിക്കുക്കുന്ന ഇദ്ദേഹത്തെ, പഴമ മാത്രമാണ് നല്ലതെന്നും അല്ലെങ്കിൽ പുതുമ മാത്രമാണ് സ്വീകാര്യമെന്നും കണ്ണടച്ചു പറഞ്ഞു നടക്കുന്ന ചില നിരൂപകന്മാർ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.
സൃഷ്ടിപരമായ നിരൂപണങ്ങളാണ് ശ്രീ. ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായരിൽ നിന്നു നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. അതുതന്നെയാണ് ഇന്നത്തെ തലമുറയ്ക്ക് ആവശ്യവും. സഹൃദയനും പണ്ഡിതശിരോമണിയുമായ ഇദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഞങ്ങൾ ആദരിക്കുന്നു.” പൊൻകുന്നം വർക്കി സാറിനെക്കുറിച്ച് – ” ഇയ്യിടെ ഒരു വ്യാഴാഴ്ച രാവിലെ 11 മണിക്ക് എറണാകുളം ഡർബാർ ഹാൾ റോഡിൽ വെച്ചു ഈ വർക്കിസാറിനെ ഞാൻ പിടികൂടി. എറണാകുളത്തേക്കുള്ള ഇഷ്ടന്റെ വരവും കാത്തു ഞാൻ ഇരിക്കുകയായിരുന്നു.ഇതിനു മുൻപും ശ്രീമാനെ ഞാൻ കൂട്ടിമുട്ടിയിട്ടുണ്ട് ഓഫീസിലെ മൂട്ടനിറഞ്ഞ കസേരയിൽ ഇരുത്തിയിട്ടുണ്ട്. നേരം വെളുക്കോളം ഈ ദുനിയാവിലെ മിക്ക വിഷയങ്ങളെപ്പറ്റിയും ബോറടിച്ചു കൂടിയിട്ടുണ്ട്. പറഞ്ഞു പറഞ്ഞു കടലാസും പേനയും എടുത്തു മേശപ്പുറത്തു വെക്കുമ്പോഴൊക്കെ ഇഷ്ടൻ എന്റെ ‘നിർബന്ധ’ ത്തിൽ നിന്നു ഒഴിഞ്ഞിട്ടുമുണ്ട്. മറ്റൊന്നും കൊണ്ടല്ല; കെട്ടോ.
പല ബദ്ധപ്പാടുകളുടെ ഇടയിലിരുന്നു കാര്യമായി എന്തെങ്കിലും എഴുതുകയെന്നതു ഒരു നല്ല കലാകാരനെ സംബന്ധിച്ചിടത്തോളം വിഷമമാണ്. ഇത്തവണയും ഒഴിയുമായിരുന്നു. എന്തോ ഇഷ്ടൻ ഇരുന്നു തന്നു. പിന്നെ എഴുതി- ”പ്രകടിപ്പിക്കാൻ കഴിയാത്ത ഹൃദയത്തിന്റെ ഭാവമാണ് നന്ദി. അതു പ്രകടിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.” എന്നദ്ദേഹം തന്നെ പറയാറുണ്ടെന്നു തോന്നുന്നു. അപ്പോൾ ഞങ്ങളുടെ നന്ദി രേഖപ്പെടുത്തേണ്ടതില്ലല്ലൊ?” പോഞ്ഞിക്കര റാഫിയെക്കുറിച്ച് – ”ഒരൊന്നാംകിട കഥാകൃത്തിന്റെ നിലയിലേയ്ക്ക് അസൂയാർഹമാംവണ്ണംകയറിക്കഴിഞ്ഞ ഈ റാഫി ഇപ്പോഴായി അധികമൊന്നും എഴുതാറില്ല. വളരെ ഏറെ വായനക്കാരെ സൃഷ്ടിച്ചുവിട്ടിട്ട് ഈ കൊച്ചൻ മാറിയങ്ങിനെ ഇരിക്കുന്നു. പളളിയും, പട്ടക്കാരനും, പട്ടിണിയും, പ്രേമവും എല്ലാം ഒരു വിപ്ലവകാരിയുടെ തീഷ്ണതയോടെ നോക്കിക്കണ്ടു കൊണ്ട് ഉള്ളതൊക്കെ വെട്ടിപ്പൊളിച്ച് കലാ സുഭഗതയോടെ ഇയാൾ നമ്മുടെ മുൻപിൽ നിരത്തുന്നു. ഇഷ്ട നിപ്പോൾ ഒരു വലിയ നോവലിന്റെ പണിയിലിരിക്കയാണെന്നു അറിയുന്നു.” പി.എ. സെയ്തു മുഹമ്മദ്- ”നമുക്ക് നിരൂപകന്മാർ എന്നു പറയപ്പെടുന്നവർ ധാരാളമുണ്ട്. എന്നാൽ എന്താണ് നിരൂപണ സാഹിത്യമെന്നും, ഒരു നിരൂപകന്റെ കടമകളെന്തെല്ലാമെന്നും പഠിക്കയും മനസ്സിലാക്കിക്കൊണ്ടിരിക്കയും ചെയ്യുന്നവരെ വിരലുകൾ കൊണ്ട് എണ്ണിത്തീർക്കാം. അവരിൽ മെ: എ. ബാലകൃഷ്ണപിള്ള, കുറ്റിപ്പുഴ, മുണ്ടശ്ശേരി, എം.എസ്, എസ്. ഗുപ്തൻ നായർ, ജി.കെ.എൻ, എൻ.വി, സി.ജെ തുടങ്ങിയവർ മുൻപന്തിയിൽ നിൽക്കുന്നു. നിരൂപണ സാഹിത്യത്തിനു താരും തളിരുമണിയിക്കാൻ ഇനിയും യുവനിരൂപകന്മാർ ഉദിക്കുന്നുണ്ട്.
അവരിൽ പ്രധാനിയത്രെ ശ്രീ. പി. എ. സെയ്തു മുഹമ്മദ്. ജനശക്തി ആഫീസിലെ കസേരയിൽ ചടഞ്ഞുകൂടിയിരുന്നു കൊണ്ട് ഈ കൊച്ചു മനുഷ്യൻ അയച്ചു തന്നിട്ടുള്ള വലിയ വലിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഈ സന്ദേശം ഞങ്ങൾ ചെവിക്കൊള്ളുന്നു.” – ഈ പത്രാധിപക്കുറിപ്പുകൾ ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. എന്നിരുന്നാലും, ‘ജനനമുണ്ടെങ്കിൽ മരണമുണ്ട്’ എന്നു പറയുന്നതു പോലെ, ഒരു പുരുഷായുസ്സിനുള്ളിൽ ചെയ്തെടുക്കേണ്ടതെല്ലാം മൂന്നുവർഷത്തിനുള്ളിൽ നേടിയെടുത്തു എന്നുള്ള ചാരിതാർത്ഥ്യത്തോടെ ‘കാഥിക’ ന്റെ അന്ത്യം ജ്വലിക്കുന്ന ഒരോർമ്മയായി. ”സ്നേഹത്തിനു വേണ്ടി ഇഷ്ടമില്ലാത്തതു പലതും ചെയ്യുന്നവനാണ് ഞാൻ. സ്നേഹം എന്റെ ആത്മാവിൽ ഒരു ദൗർബ്ബല്യമാണ് ” എന്ന് എൻ. ഗോവിന്ദൻകുട്ടി ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞതു ഞാൻ ഇവിടെ ഓർത്തുപോകുകയാണ്. പി.ജെ. ആന്റണിയും എൻ. ഗോവിന്ദൻകുട്ടിയും തമ്മിലുള്ള സൗഹൃദം ഏറെ ദൃഢവും, ആർക്കും തൂത്തെറിയാൻ പറ്റാത്തതുമായിരുന്നു. രണ്ടും മഹാ കലാകാരന്മാർ.
ഒരേ കളരിയിൽ അഭ്യസിച്ചവർ. പി.ജെ. ആന്റണി എഴുതി അവതരിപ്പിച്ച നാടകത്തിനു വേണ്ടി ‘കാഥിക’ ന്റെ ഫണ്ട് എടുത്തു മറിയ്ക്കേണ്ടതായി വന്നു. അങ്ങനെ എല്ലാം നഷ്ടത്തിൽ കലാശിച്ചു. തുടർന്ന് ‘കാഥിക’നെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഗോവിന്ദൻകുട്ടിക്കായില്ല. എല്ലാം ജീവിതമാകുന്ന ഒരു നാടകം. ഗോവിന്ദൻകുട്ടി സഹൃദയരോടെല്ലാം യാത്ര പറഞ്ഞു. നാടുവിട്ടു. കോയമ്പത്തൂരിൽ ചെന്നു. കോയമ്പത്തൂർ മലയാളി ക്ലബ്ബിന്റെ മാനേജരായി ജോലി നോക്കി. അവിടെ ഇരുന്നു കൊണ്ട് ആദ്യ നാടകം രചിച്ചു. ‘ജ്യേഷ്ഠൻ’. നാടകം അവതരിപ്പിച്ചു കണ്ടപ്പോൾ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു. വാനോളം പുകഴ്ത്തി. ഒട്ടേറെ സ്റ്റേജുകളിൽ അരങ്ങേറി. അങ്ങനെയിരിക്കെ ‘മാതൃഭൂമി’ അഖിലലോക അടിസ്ഥാനത്തിൽ ചെറുകഥാ മത്സരം നടത്തുന്നു എന്നറിഞ്ഞപ്പോൾ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒരു കഥയെഴുതി അയച്ചു കൊടുത്തു. അങ്ങനെ ‘അവർ ജീവിക്കുന്നു’ എന്ന ആ കഥ സമ്മാനവും നേടി.
ഇത് പിന്നീട് അതേ പേരിൽ ചലച്ചിത്രമാക്കുകയും ചെയ്തു. അധികം വൈകാതെ 1953-ൽ കോയമ്പത്തൂരിൽ നിന്ന് തന്റെ തട്ടകമായ ഫോർട്ടുകൊച്ചിയിൽ തിരിച്ചെത്തി. തുടർന്ന് നാടകരചനയും നാടകാഭിനയവും കഥാരചനയും ഒരേപോലെ കൊണ്ടു പോയി. ‘ഉണ്ണിയാർച്ച ‘യിലൂടെയും ‘ആരോമുണ്ണിയും കണ്ണപ്പുണ്ണിയും’ എന്നീ നാടക രചനകളിലൂടെ വടക്കൻപാട്ടു കഥകൾക്ക് പുതിയ മാനം പകർന്നു നൽകുകയും ചെയ്തു. ഇവിടങ്ങളിലെല്ലാം അദ്ദേഹം പ്രശസ്തിയുടെ കൊടുമുടി കീഴടക്കി. 1961-ൽ നാടകക്കളരി വിട്ട് ഗോവിന്ദൻകുട്ടി സിനിമയിലേക്ക്. അദ്ദേഹത്തിന്റെ സാന്നിധ്യം സിനിമയ്ക്കും ആവശ്യമായിരുന്നുവോ? അത് മറ്റൊരു കഥ. ‘കാഥികൻ’ നിന്നു പോയതിൽ ഏറെ ദുഃഖിച്ചിട്ടുള്ള ഒരാളാണ് നാഗവള്ളി ആർ.എസ്. കുറുപ്പ്.
അദ്ദേഹം ഗോവിന്ദൻകുട്ടിയ്ക്ക് എഴുതി – ”പ്രിയപ്പെട്ട ഗോവിന്ദൻകുട്ടി, കാഥികൻ നിന്നുപോയതിൽ ആത്മാൽത്ഥമായി ഖേദിച്ച ഒരുവനാണ് ഞാൻ. കുറച്ചു കാലം ഒരു ചെറുകഥാ മാസികയുമായി ബന്ധപ്പെട്ടു കഴിഞ്ഞ എനിക്ക് നിങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കുവാൻ മറ്റാരെയുംകാൾ കൂടുതലായി കഴിയും. ബാല്യകാലത്തെ അപകട സന്ധികൾ തരണം ചെയ്യുവാൻ കാഥികനു സാധിച്ചതിൽ അകമഴിഞ്ഞ അഭിനന്ദനം. ഗോവിന്ദൻകുട്ടിയുടെ നേതൃത്വത്തിലുള്ള ‘കാഥികൻ’ ഇനിയും വിഷമം കൂടാതെ വളരുമെന്ന് എനിക്കു വിശ്വാസം തോന്നുന്നു.” പൊൻകുന്നം വർക്കി സർ ഇങ്ങനെ എഴുതി- ”തോൽവിയുടെ ആകെ തുക ക.ണ.സ.യുടെ പുറത്തു മാത്രമാണോ നിൽക്കുക. പോകൂ സ്നേഹിതാ, മുന്നോട്ടു പോകൂ.
ഭാരം തോന്നുന്നുണ്ടായിരിക്കാം. കഴിവിന്റെ അങ്ങേയറ്റം വരെ ചുമന്നു നോക്കുക. വയ്യാത്തേടത്ത് ഇട്ടു കൊള്ളുക. ആ തോൽവിയിലുമുണ്ട് ഒരന്തസ്സ്.” – ശരിയാണ്, ആ തോൽവിയിലുമുണ്ട് ഒരന്തസ്സ്. ഗോവിന്ദൻകുട്ടിയുടെ ലക്ഷ്യം തന്നെ ചെറുകഥാ സാഹിത്യ നന്മയ്ക്കും അതിന്റെ പുരോഗതിക്കുമായിരുന്നുവല്ലോ. അത് ഒരു പരിധിയോളം വിജയം കണ്ടുവോ? പ്രശസ്തരുടെയും സഹൃദയരുടെയും സാക്ഷ്യപത്രം തന്നെയല്ലെ അതിനുള്ള ഉത്തമ ദൃഷ്ടാന്തം. ഒരിക്കൽ ശ്രീ. അക്കിത്തമദ്ദേഹത്തെ കാണാനിടവന്നപ്പോൾ അദ്ദേഹം വളരെ സ്നേഹത്തോടെ എന്നോട് പറഞ്ഞു: ”കാഥികന്റെ എല്ലാ ലക്കങ്ങളും ഏതെങ്കിലും ലൈബ്രറികളിൽ കാണാതിരിക്കില്ല എന്നാണ് എന്റെ ഒരു പ്രതീക്ഷ.” ആ പ്രതീക്ഷ ഞാനും വെച്ചു പുലർത്തുന്നു.
ഈ ലേഖനം തയ്യാറാക്കുന്ന സന്ദർഭത്തിലാണ് മലയാള മണ്ണിന്റെ മഹാകവി അക്കിത്തം അവർകൾ കാലയവനികക്കുള്ളിൽ പോയ്മറഞ്ഞ വാർത്ത അറിയുന്നത്. അദ്ദേഹവും ഗോവിന്ദൻകുട്ടിയും തമ്മിൽ വളരെ ആഴമേറിയ സൗഹൃദമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായി എനിക്ക് മുഖാമുഖം ഇരിയ്ക്കാൻ സന്ദർഭം കിട്ടിയത് 1994-ൽ അച്ഛന്റെ (എൻ. ഗോവിന്ദൻകുട്ടി) വേർപാടിനു ശേഷം അച്ഛന്റെ അപ്രകാശിത രചനയായ ‘തിടമ്പ് ‘ എന്ന നോവലിന് അവതാരിക എഴുതിപ്പിക്കാനായി കുമാരനല്ലൂർ ‘ദേവായനം’ വസതിയിൽ ചെന്നപ്പോഴാണ്. അന്നു ഞാൻ അദ്ദേഹത്തിന്റെ ഊഷ്മളമായ സ്നേഹ സൗഹൃദം അനുഭവിച്ചറിയുകയും ചെയ്തു. രണ്ടായിരാമാണ്ടിൽ അദ്ദേഹത്തിന്റെ അവതാരികക്കുറിപ്പോടൊപ്പം നോവൽ പുസ്തകമാക്കിയപ്പോൾ, അതിന്റെ പ്രകാശന കർമ്മം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വെച്ച് നിർവ്വഹിച്ചു തരുവാനും അദ്ദേഹം ഏറെ സന്മനസ്സു കാണിക്കുകയും ചെയ്തു. പിതൃതുല്യനായ അദ്ദേഹത്തിന്റെ ആ മഹാ മനസ്കതയ്ക്കും സ്നേഹമസൃണമായ പെരുമാറ്റത്തിനു മുമ്പിലും ഞാൻ പ്രണമിക്കുന്നു. ഞാനും എന്റെ കുടുംബവും വീട്ടുകാരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിനേരുന്നു. * * *