വിവിധ രാജ്യങ്ങളിൽ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലെത്തി. റഷ്യ ഉൾപ്പടെ ചില സ്ഥലങ്ങളിൽ വാക്സിൻ പുറത്തിറക്കുകയും ചെയ്തു. അതിനിടെ അനിക ചെബ്രോലു എന്ന 14കാരി വാർത്തകളിൽ ഇടംനേടുന്നത് കോവിഡ് 19ന് പ്രതിവിധിയിലേക്ക് നയിക്കുന്ന കണ്ടെത്തൽ നടത്തിക്കൊണ്ടാണ്. അമേരിക്കയിലെ ടെക്സാസിലെ ഫ്രിസ്കോയിൽ താമസിക്കുന്ന അനിക ഇന്ത്യൻ വംശജ കൂടിയാണ്. കോവിഡിനെ സുഖപ്പെടുത്തുന്നതരത്തിലേക്കുള്ള അനികയുടെ കണ്ടെത്തലിന് 18.35 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. 2020 3എം യംഗ് സയന്റിസ്റ്റ് ചലഞ്ചിൽ പങ്കെടുത്തുകൊണ്ടാണ് അനിക കോവിഡിനെതിരെ ഫലപ്രദമായ ഒരു തെറാപ്പി ചികിത്സ നിർദേശിച്ചത്.
കോവിഡിന് കാരണമായ നോവെൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തന്മാത്രകൾ അടങ്ങിയ പ്രോട്ടീൻ സംയുക്തം വേർതിരിച്ചെടുത്താണ് അനിക ശ്രദ്ധേയയായത്. ഇത് ഫലപ്രദമായ മരുന്ന്, വാക്സിൻ എന്നിവ വികസിപ്പിക്കുന്നതിൽ ഏറെ പ്രധാനമാണ്. “കഴിഞ്ഞ രണ്ട് ദിവസമായി, എന്റെ പ്രോജക്റ്റ് ഏറെ ചർച്ചയാകുന്നുണ്ട്. ഈ മഹാമാരിക്കെതിരായ പോരാട്ടത്തിന് ഊർജ്ജം പകരുന്നതാണ് ഇത്. ഉടൻ തന്നെ ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഇത്തരം കണ്ടെത്തലുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ”അനിക പറഞ്ഞു.
ഡിസംബറിൽ ആദ്യ കോവിഡ് കേസ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്തതിനുശേഷം ആഗോളതലത്തിൽ ഇതുവരെ 11 ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗിന്റെ കണക്കുകൾ പ്രകാരം അമേരിക്കയിൽ മാത്രം 219,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ-അമേരിക്കൻ വംശജയായ അനിക എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. അതിനിടെയാണ് 2020 3എം യംഗ് സയന്റിസ്റ്റ് ചലഞ്ചിൽ പങ്കെടുത്തുകൊണ്ട് അനിക ശ്രദ്ധ നേടുന്നത്. എന്നാൽ കോവിഡിനെ പ്രതിരോധിക്കുന്നതിലായിരുന്നില്ല അനികയുടെ ആദ്യ പരീക്ഷണം. തുടക്കത്തിൽ, ഇൻഫ്ലുവൻസ വൈറസിന്റെ പ്രോട്ടീനുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു ലീഡ് സംയുക്തത്തെ തിരിച്ചറിയാൻ ഇൻ-സിലിക്കോ രീതികൾ ഉപയോഗിക്കുകയായിരുന്നു അനിക ലക്ഷ്യമിട്ടത്.1918ലെ ഫ്ലൂ മഹാമാരിയെക്കുറിച്ച് മനസിലാക്കിയ ശേഷം വാർഷിക പ്രതിരോധ കുത്തിവയ്പ്പുകളും ഇൻഫ്ലുവൻസ മരുന്നുകളും ഉണ്ടായിരുന്നിട്ടും അമേരിക്കയിൽ ഓരോ വർഷവും എത്രപേർ മരിക്കുന്നുവെന്ന് കണ്ടെത്തിയതിന് ശേഷം വൈറസുകൾക്ക് പരിഹാരമാർഗ്ഗങ്ങൾക്കായുള്ള ഗവേഷണം തനിക്ക് പ്രചോദനമായതായി അനിക പറഞ്ഞു.