“ടാ… ഒറ്റക്കണ്ണാ” വീട് പൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ പതിവ് പോലെ കുട്ടികളുടെ പരിഹാസം കേട്ട് ലോംഗിനോസ് തിരിഞ്ഞു നോക്കി..എന്നാലും ഒന്നും മിണ്ടാതെ അവൻ വേഗം നടന്നു .

ആദ്യമൊക്കെ തന്നെ കളിയാക്കുമ്പോൾ ഉള്ളിൽ ഒരു തരം വെറുപ്പും ദേഷ്യവും നുരഞ്ഞു പൊന്തും.. ഇപ്പൊൾ അതു വെറുമൊരു ബാലിശമായ സങ്കടമായി മാത്രം കണ്ട് മറവിയിലേക്ക് എറിയുകയാണ് പതിവ്… അതിനു കാരണമുണ്ട്.പതിനഞ്ചാം വയസ്സിൽ പട്ടാളക്കാരനായി ആദ്യം നിയമിതനായത് ഹേറോദേസ് രാജാവിന്റെ പടയിലേക്കായിരുന്നു.

അന്ന് രണ്ടു വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികളെയും കൊല്ലാൻ ക്രൂരനായ ഹേറോദേസ് രാജാവ് ഉത്തരവിട്ടപ്പോൾ കയ്യിൽ കിട്ടിയ കുരുന്നു ജീവനുകളെ മറ്റു പട്ടാളക്കാർ നിർദയം കൊല്ലുന്നത് മരവിച്ച മനസ്സോടെ കണ്ടു നിന്നിട്ടുണ്ട്.. അവരുടെ മാതാപിതാക്കളുടെ ആ നേരത്തെ അലമുറയിട്ടുള്ള കരച്ചിൽ കേട്ട് ഉള്ളുരുകി വേദനിച്ചിട്ടുണ്ട്.. അന്ന് ആരുമറിയാതെ കൈയിൽ കിട്ടിയ പിഞ്ചു കുരുന്നുകളെ ഒളിച്ചും പാത്തും നാട് കടത്തി രക്ഷിച്ചു വിട്ടിട്ടുമുണ്ട്..അന്ന് മുതൽ കുട്ടികളോട് വല്ലാത്ത വാത്സല്യമാണ് ..സ്നേഹമാണ്..ആ ഒറ്റ ദൗർബല്യം മുതലെടുത്താണ് ഈ വികൃതി കുട്ടികൾ തന്നെ കളിയാക്കുന്നത്.

മറ്റാരെങ്കിലും ആണെങ്കിൽ കള്ളന്മാരെ മുഷ്ടിയിൽ ഞെരിച്ചു കൊല്ലുന്ന പീലാത്തോസിന്റെ പടയിലെ വീരനായ ഈ ലോംഗിനോസിനോട് മുഖാമുഖം നോക്കാൻ പോലും ധൈര്യപ്പെടില്ല.എന്തിനേറെ കടലിനക്കരെ നിന്നു പോലും കളിയാക്കി ഒരു മൂളി പാട്ടു പാടാൻ നാവ് പൊന്തില്ല അവർക്ക്..കുട്ടികളെക്കുറിച്ചോർക്കുമ്പോൾ അന്ന് മുഖത്ത് തെറിച്ച ആ ചോരത്തുള്ളികളും പിടയുന്ന കുഞ്ഞു ശരീരങ്ങളും മാത്രമേ ഓർമയിൽ വരൂ..എന്നാലും ഈ ഒറ്റക്കണ്ണൻ വിളി അത്രമേൽ ഹൃദയ ഭേദകമായിരുന്നു..കുട്ടികൾ ആയിപ്പോയി..എന്താ ചെയ്യുക..? രണ്ടു ദിവസമായി ശരീരത്തിന് നല്ല സുഖമില്ല.

ആയതിനാൽ അവധിയിലായിരുന്നു. എന്നാൽ നാട് നീളെ വ്യാജ പ്രവാചകനെന്നു മുദ്ര കുത്തിയ ക്രിസ്തുവിനെ പിടി കൂടിയെന്നും ഇന്ന് ക്രൂശിൽ തറയ്ക്കുമെന്നും കുറിപ്പ് കിട്ടിയതു കൊണ്ടാണ് കൊട്ടാരത്തിലേക്ക് സ്വയമേ പോകാൻ ഇറങ്ങിയത്. അവനെ തേടി താനും നടക്കുകയായിരുന്നു. കുറിപ്പ് കിട്ടാൻ വൈകി. വേഗം ചെന്നാലെ മരിക്കുന്നതിന് മുൻപേ തന്റെ അരിശം തീർക്കാനാവൂ.. കുഷ്ഠ രോഗികൾക്കും അന്ധന്മാർക്കും അവന്റെ വസ്ത്രത്തിൽ തൊട്ടപ്പോൾ തന്നെ സൗഖ്യം കിട്ടിയത്രെ..താൻ വെറും പൊട്ടൻ..ആൾക്കൂട്ടമറിയാതെ മുഖം മറച്ചു എത്രയോ വട്ടം തൊട്ടിരിക്കുന്നു ..തന്റെ പൊട്ടക്കണ്ണിനു കാഴ്ച്ച കിട്ടുമെന്ന പ്രതീക്ഷയിൽ.. എന്നിട്ടെന്തായി..?

മുഖം മറച്ചു പോയ തന്നെ ആരൊക്കെയോ തിരിച്ചറിഞ്ഞതും ഒറ്റക്കണ്ണൻ ലോംഗിനൊസ് യേശുവിന്റെ വസ്ത്രം തൊടാൻ പോയ കഥ നാട്ടിലെങ്ങും പാട്ടായതും മിച്ചം..അന്ന് തൊട്ടേ മനസ്സിൽ അടിഞ്ഞു കൂടിയ വെറുപ്പാണ് ഉള്ളിൽ ഒരു തീരുമാനമെടുപ്പിച്ചത് ..അവനുള്ള ചാട്ടവാറടികളിൽ ഒന്നെങ്കിലും തന്റെ കൈകൾ കൊണ്ടാവണമെന്നു .. കുറിപ്പ് കിട്ടാൻ വൈകിയതിൽ ദൂതനെ മനസ്സാൽ ശപിച്ചു..ഇപ്പോൾ സായാഹ്‌നം കഴിയാറായി..മിക്കവാറും അവനെ കൊന്നു കാണും..ജീവനോടെ ഉണ്ടെങ്കിൽ തനിക്കും ചില കണക്കുകൾ വീട്ടാനുണ്ട്.. അവൻ വേഗം കുരിശ് മരണം നടത്തുന്ന ഗാഗുൽത്താ മല ലക്ഷ്യമാക്കി നടന്നു.. വഴിയിൽ വെച്ചു പാതി മുഖം മറച്ചു ഓടി വരുന്ന ഒരുത്തനെ കണ്ടു..

വരവിൽ തന്നെ ഒരു കള്ളലക്ഷണമുണ്ട്..നിമിഷ നേരം കൊണ്ട് അവനിലെ പട്ടാളക്കാരൻ ഉണർന്നു. അതു ബറാബസ് ആയിരുന്നു. വട്ടം പിടിച്ചു ബലിഷ്ഠമായ കരങ്ങളിൽ തൂക്കിയെടുക്കുമ്പോഴാണ് അവനത് മനസ്സിലായത്.. യേശുവിനെ ക്രൂശിലേറ്റുന്നതിനു പകരമായി ജനപ്രമാണികൾ വിട്ടയക്കാൻ ആക്രോശിച്ചത് ഇവന് വേണ്ടിയായിരുന്നു..പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും ക്രൂരമായി കൊന്നും കവർന്നും നടന്നവനെ എന്തടിസ്ഥാനത്തിലാണ് ജനങ്ങൾ വിട്ടയക്കാൻ പറയുന്നതെന്ന് ലോംഗിനോസിന് അത്ഭുതമായിരുന്നു.. ഒരു പക്ഷെ ക്രിസ്തു അതിലും മോശമായി അവർക്ക് തോന്നിയിട്ടുണ്ടാകും.. ആരാലും പിടി കൂടാനാവാഞ്ഞ കൊടും ക്രൂരനായ ഈ ബറാബാസിനെ ഒരിക്കൽ താൻ തന്നെയാണ് ജയിലറയ്ക്കുള്ളിൽ അടച്ചത്..

അന്ന് അവന്റെ ഓരോ അസ്ഥികളിലും തന്റെ കൈക്കരുത്തിന്റെ പാടുണ്ടായിരുന്നു..കൈയിൽ കിടന്നു പുളഞ്ഞ ബറാബാസിനെ അവൻ വെറുതെ വിട്ടു..കാരണമുണ്ട്.പീലാത്തോസിന്റെ രാജകല്പന പ്രകാരം വെറുതെ വിട്ടതാണ് അവനെ.. അവനിപ്പോൾ സ്വതന്ത്രനാണ്.. കഴുത്തിലെ പിടി ഒന്നയഞ്ഞപ്പോൾ ബറാബാസ് ലോംഗിനോസിനെ കാരുണ്യപൂർവം നോക്കി. പെട്ടെന്ന് തന്നെ മുഖത്തു ഒരു രൗദ്ര ഭാവം വരുത്തി ബറാബാസ് ഉറക്കെ അലറി:” കൊല്ലൂ..കൊന്നാലും ഈ പാപിയായ ബറാബാസിനെ..എനിക്കിനി ജീവിക്കണ്ട. എത്ര പേരെ കൊന്നിരിക്കുന്നു താൻ.. എത്രയോ സ്ത്രീകളെ പിച്ചിച്ചീന്തിയെറിഞ്ഞിരിക്കുന്നു.. അന്നൊന്നും തോന്നാത്ത ഒരു മനസ്താപം ഇന്നെനിക്കുണ്ടായി.

സ്വയം മരിക്കാനുള്ള ധൈര്യമില്ല. ദയവായി താങ്കൾ എന്നെ ഒന്ന് കൊന്നു തന്നാലും.” ചോര കണ്ടു അറപ്പു മാറാത്ത എന്തിനും പോന്ന ബറാബാസിന്റെ ദയനീയമായ നോട്ടവും നില്പും ലോംഗിനോസിനെ ചിന്താഭരിതനാക്കി…എന്തെങ്കിലും ചോദിക്കും മുൻപേ അവൻ വിക്കി വിക്കി പറഞ്ഞു:”ഇത്ര നാളും ചെയ്തത് ക്രൂരതയെന്നു എന്റെ ഉള്ളിൽ ഇന്നേ വരെ തോന്നിയിട്ടില്ല ഏമാനെ. പക്ഷേ ഇന്ന്…ഇന്ന് ഞാൻ കുരിശിലേറേണ്ട സ്ഥാനത്ത് മറ്റൊരുത്തനെ കണ്ടപ്പോൾ എന്റെ ഉള്ളം പിടഞ്ഞത് എന്തു കൊണ്ടാണെന്നു അറിയില്ല.

ക്രിസ്തു എന്ന പ്രവാചകനെയും ദൈവ പുത്രനാണെന്നുള്ള പ്രചാരണങ്ങളും തടവറയിൽ വെച്ചു കേട്ടപ്പോൾ എനിക്ക് ഉറപ്പായിരുന്നു. എന്നെക്കാൾ പഠിച്ച വേറെ ഏതോ കള്ളനായിരുന്നുവെന്നു..ഞാനുമിത് പോലെ എന്തൊക്കെ ചെയ്തിരിക്കുന്നു. എത്രയെത്ര ചെപ്പടി വിദ്യകൾ.. എന്തെല്ലാം രീതിയിൽ ..എവിടെയെല്ലാം.. അതോർത്തപ്പോൾ എന്നെക്കാൾ വിരുതനായ മറ്റൊരുത്തൻ എന്നെ നിനച്ചിരുന്നുള്ളൂ.. ഒന്നു നേരിൽ കണ്ടു ശിഷ്യപ്പെട്ടു ആ ജാലവിദ്യകൾ കൂടി പഠിക്കണമെന്ന് കൊതിച്ചിരുന്നു. കുഷ്ഠ രോഗവും രക്തസ്രാവവും വിരലാൽ തൊടുമ്പോൾ മാറുന്നു വത്രെ..

മരിച്ചവരെ ഉയിർപ്പിക്കുന്നുവത്രെ. അവനു ശിഷ്യപ്പെട്ടു ആയിരം പൊൻപണം സമ്മാനമായി നിവേദിച്ചു വിദ്യകളൊക്കെ പഠിക്കാൻ കാത്തു നിൽക്കുകയായിരുന്നു. ഒടുവിൽ എന്നെ കൊല്ലാൻ വിധിച്ച സ്ഥാനത്ത് എനിക്ക് പകരമായി അവനെ കൊല്ലാൻ ജനങ്ങളും പുരോഹിത പ്രമാണികളും തീരുമാനിച്ചപ്പോൾ താൻ മനസ്സ് കൊണ്ട് സന്തോഷിച്ചു.. കാരണം സ്വന്തം ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യമെന്ന് മാത്രമാണ് അപ്പോൾ കരുതിയത്..എന്നെ സ്വാതന്ത്രനാക്കി അവനെ ചാട്ടവാറടിക്കാൻ കൊണ്ടു പോകുന്ന കാഴ്ച കണ്ടു താൻ സന്തോഷിച്ചു. അന്നേരം അരണ്ട ആ തടവറ വെളിച്ചത്തിലാണ് ക്രിസ്തുവിന്റെ മുഖം താൻ ആദ്യമായി കണ്ടത്.

എന്റെ കണ്ണിലേക്ക് അവൻ കുറെ നേരം ഉറ്റുനോക്കി.. കള്ളനായ ഈ ബറാബാസിന് പകരം താൻ തൂക്കിലേറ്റുമെന്നറിഞ്ഞിട്ടും എന്റെ വിജയ ശ്രീലാളിതമായ ഇളിച്ച നോട്ടത്തിന് പകരം അവൻ ഒന്നു പുഞ്ചിരിച്ചു. തടവറയിലാകെ നിലാവ് പരന്ന പോലെ ആ മുഖം താൻ ഒന്നു കൂടെ തെളിഞ്ഞു കണ്ടു. അത്ര ഹൃദ്യമായിരുന്നു ആ നോട്ടം. ആ കണ്ണുകളിൽ കാരുണ്യം തുളുമ്പി നിൽക്കുന്നു…പെട്ടെന്ന് തന്നെ നോക്കി ‘മകനേ ബറാബാസെ’യെന്നവൻ നീട്ടി വിളിച്ചു.

കുട്ടിക്കാലത്തു തൊട്ട് കള്ളൻ ബറാബാസ് എന്നു മാത്രം കേട്ട എന്റെ ചെവികളിൽ ആ നാദം ഒരു കുളിർ മഴയായി പെയ്തിറങ്ങി ..എന്തിനോ അറിയാതെ കണ്ണു നിറഞ്ഞു തുളുമ്പി. എനിക്കെന്റെ അമ്മയെ ഓർമ്മ വന്നു. ഓർമ്മ വെച്ച കാലത്തെങ്ങോ അമ്മയാണ് എന്നെ ആദ്യവും അവസാനവുമായി അങ്ങനെ വിളിച്ചിട്ടുള്ളത്. ജീവിതത്തിൽ ഒരിക്കലും കരഞ്ഞിട്ടില്ലാത്ത കഠിന ഹൃദയനായ ഈ ബറാബാസ് അന്നേരം എന്തു കൊണ്ടോ കരഞ്ഞു പോയി..ഉള്ളിൽ നിന്നു തിളച്ചു പൊന്തിയ ഏതോ വികാരത്തിൽ ഞാൻ ഞാൻ പോലുമറിയാതെ അവന്റെ കാലിൽ വീണു ചുംബിച്ചു .പെട്ടെന്ന് ഒരു പട്ടാളക്കാരന്റെ ആഞ്ഞുള്ള ഒരു ചവിട്ടും ഉച്ചത്തിലുള്ള ഒരു ആട്ടും ഞങ്ങളെ പരസ്പരം അകറ്റി..

കുറെ നേരം ഞാൻ ആ തറയിൽ കിടന്നുരുണ്ടു..ഒടുവിൽ പട്ടാളക്കാർ അവനെ ചാട്ടവാറടിക്കുന്ന ഹൃദയഭേദകമായ ശബ്ദം കേട്ട് എങ്ങോട്ടെന്നില്ലാതെ ചങ്ക് പൊട്ടി ഞാൻ ഇറങ്ങി ഓടി ..വഴിയിലുടനീളം അടി കൊണ്ടു പുളയുന്ന അവന്റെ നിലവിളി എന്നെ പിന്തുടരുന്നുണ്ടായിരുന്നു.” ക്ഷമ ഇല്ലാത്തവനെങ്കിലും എന്തു കൊണ്ടോ ബറാബാസ് പറഞ്ഞത് മുഴുവനും ലോംഗിനോസ് കേട്ടു നിന്നു.

“ആഹ്”തൊട്ട് പിന്നാലെ ലോംഗിനോസിന്റെ അടിവയറിലുള്ള ഒരു ചവിട്ടിൽ ബറാബാസ് നിലത്തു വീണു പുളഞ്ഞു.മുഷ്ടി ചുരുട്ടി ലോംഗിനൊസ് ദിക്കുകൾ മുഴങ്ങുമാറു ഉറക്കെ അട്ടഹസിച്ചു.:”അത്രേം ദിവ്യനായിരുന്നു അവനെങ്കിൽ വ്യാജപ്രവാചകനെ തൊട്ട് കാഴ്ച നേടാൻ പോയ പീലാത്തോസിന്റെ ഒറ്റക്കണ്ണനായ മണ്ടൻ പട്ടാളക്കാരനെന്നു നാട്ടുകാർ എന്നെ നോക്കി അടക്കം പറയില്ലായിരുന്നു. അവൻ അത്രക്ക് മഹാനായിരുന്നുവെങ്കിൽ എന്തു കൊണ്ട് എനിക്ക് മാത്രം കാഴ്ച കിട്ടിയില്ല..” പ്രാണനെ പോലെ സ്നേഹിച്ചവൾ പോലും ഒറ്റക്കണ്ണൻ എന്നു വിളിച്ചു ഓടി പോയതും ചത്ത ഹൃദയവുമായി അന്നത്തെ നാണം കെട്ട നില്പും പൊടുന്നനെ ലോംഗിനോസിന്റെ മനസ്സിലേക്കോടിയെത്തി..

അരിശം മൂത്ത അവൻ ബറാബാസിന്റെ ശിരസ്സു കാൽ കൊണ്ടു ചെളിയിൽ ഞെരിച്ചു അവനെ കവച്ചു വെച്ചു ധൃതിയിൽ നടന്നു നീങ്ങി.നടന്നു നീങ്ങുന്ന ലോംഗിനോസിനെ നോക്കി വേദനയാൽ വിങ്ങുന്ന ശിരസ്സ് അമർത്തി പിടിച്ചു ബറാബാസ് ഉറക്കെ വിളിച്ചു പറഞ്ഞു.” ഏമാനെ.. ചില കാഴചകൾ കാണാൻ അതിന്റെതായ സമയം വരിക തന്നെ വേണം.. എന്റെ ദിവസം ഇന്നായിരുന്നു.താങ്കളുടെ എന്നാകുമെന്നു വിധി നിശ്ചയിക്കട്ടെ.” തിരിഞ്ഞു നിന്നു തുറിച്ച കണ്ണുകളോടെ കൈയിലെ കുന്തത്തിൽ ലോംഗിനൊസ് പിടി മുറുക്കിയപ്പോൾ ബറാബാസ് മൗനം ഭജിച്ചു മണ്ണിൽ തൊഴു കൈയോടെ നിന്നു.

അവനെ ഒന്നു തറപ്പിച്ചു നോക്കിയതിനു ശേഷം ലോംഗിനൊസ് ഗാഗുൽത്താ മല ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. ലോംഗിനൊസ് ഗാഗുൽത്താ മല മുകളിൽ എത്തിയപ്പോഴേക്കും യേശുവിന്റെ കുരിശുമരണം കഴിഞ്ഞിരുന്നു .രണ്ടു കള്ളന്മാരുടെ നടുവിൽ ചോരയൊലിച്ചു തൂങ്ങി കിടക്കുന്ന യേശുവിനെ അവൻ ഒന്നളന്നു നോക്കി.സ്വതവേ സംശയാലുവായ അവൻ കുരിശിനു ചുറ്റും മൂന്നു വട്ടം നടന്നു. മറ്റു പട്ടാളക്കാരും ജനങ്ങളും അവൻ മരിച്ചുവെന്നുറപ്പിച്ചു രംഗം കാലിയാക്കിയിരുന്നു.ഒരിറ്റ് ശ്വാസത്തിനായി ആ മാറിടങ്ങൾ ഉയർന്നു താഴ്ന്നുണ്ടോ എന്നറിയാൻ അവൻ കണ്ണും കാതും കൂർപ്പിച്ചു നോക്കി.

ഇല്ല.. അനക്കമൊന്നും ഇല്ല..ഒരു പക്ഷേ കുരിശിൽ നിന്നിറക്കുമ്പോൾ ശിഷ്യന്മാർ വന്നു രക്ഷപ്പെടുത്തുന്നത് വരെ മരിച്ചവനായി നടിക്കാനുള്ള കഴിവും അവനുണ്ടായിരിക്കുമെന്നു അവനിലെ പട്ടാളബുദ്ധിയിൽ ഉദിച്ചു.ആ നിമിഷം അവനു ചുറ്റും നിന്നു ആരൊക്കെയോ ഒറ്റക്കണ്ണൻ എന്നു വിളിക്കുന്നത് പോലെ അവനു തോന്നി.. അവന്റെ ശിരസ്സിൽ വൈരാഗ്യത്തിന്റെ കടന്നൽക്കൂട്ടങ്ങളിളകി..അവൻ കൈയിലെ മൂർച്ചയേറിയ കുന്തം കൊണ്ട് ക്രിസ്തുവിന്റെ വയറിൽ ആഞ്ഞു കുത്തി..ചീറിത്തെറിച്ച രക്ത തുള്ളികൾ അവന്റെ മുഖമാകെ മൂടി.. കട്ട പിടിച്ച രക്തം അവന്റെ കണ്ണുകളെ പൂർണ്ണമായും അന്ധമാക്കി.

തുടച്ചിട്ടും തുടച്ചിട്ടും ഇരു കണ്ണുകളും കാണാനാകാതെ അവൻ താഴെയിരുന്നു..തപ്പി തടഞ്ഞു വീണ അവന്റെ മുഖത്തു എങ്ങു നിന്നോ ഒരു വസ്ത്രാഞ്ചലം വന്നു തഴുകി.ചോര പുരണ്ട കണ്ണുകൾ അവൻ അതിന്റെ തുമ്പുകൾ കൊണ്ടു അമർത്തി തുടച്ചു. ആ പരുപരുത്ത വസ്ത്ര തുമ്പിന്റെ സ്പര്ശം അവനു ഏറെ പരിചിതമായി തോന്നി… അവന്റെ ഇരു കണ്ണുകളിലേക്ക് ഒരു പ്രകാശം ഒഴുകിയെത്തി.കുന്തം തുളഞ്ഞു കയറിയ ക്രിസ്തുശരീരത്തിലെ രക്ത പ്രവാഹം അവൻ ഇരു കണ്ണുകൾ കൊണ്ടും കണ്ടു.. ആ ദൃശ്യം കാണാനാകാതെ അവൻ കണ്ണുകൾ പൊത്തിപ്പിടിച്ചു.

അപ്പോൾ അകലെ നിന്നെങ്ങോ ബറാബാസിന്റെ വാക്കുകൾ ഗാഗുൽത്തായിലേക്ക് ഒഴുകിയെത്തി.. അവൻ ആ ശബ്ദത്തിനു കാതോർത്തു;” ഏമാനെ.. ചില കാഴ്‍ചകൾ കാണാൻ അതിന്റെതായ സമയം വരിക തന്നെ വേണം..” ഒരു പരുപരുത്ത വസ്ത്രാഞ്ചലം, കുരിശിനു താഴെ കമിഴ്ന്നു വീണു തേങ്ങുന്ന ലോംഗിനോസിന്റെ നെറുകയിൽ തലോടി വാനമേഘങ്ങളിലെങ്ങോ അപ്രത്യക്ഷമായി.. കർണൻ‌ @ ജിബിൽ

By ivayana