മരണത്തിൻ്റെ
കൈമടക്കിൽ ചുരുട്ടിവെച്ച,
ഗ്രീഷ്മത്തിൻ്റെ
ഇടത്തെ കണ്ണായിരുന്നു നീ
ഭൂമിയുടെ
ചോര പൊടിയാത്ത മുറിവുകളുടെ,
കാവൽക്കാരനായിരുന്നു നീ
ചിത്തരോഗാശുപത്രിയിലെ
ഇളംമഞ്ഞകലർന്ന ദിവസങ്ങളുടെ,
അമ്മയും,
ജയിൽ മുറ്റത്തെ
ഇരുണ്ട ഇതളുകളുള്ള പൂക്കളുടെ,
അച്ഛനും
നീ തന്നെയായിരുന്നു
മാളമില്ലാത്ത
പാമ്പായി നി ചിറകടിച്ചതും,
വെയിൽ തിന്നുന്ന
പക്ഷിയായി നി
ഇഴഞ്ഞതും,
നിന്നെ വായിച്ചു തീരാത്ത
ആഴങ്ങളുടെ
സിരകളിലായിരുന്നു
ആട്ടിൻകുട്ടിയിൽ നിന്ന്
ബുദ്ധനിലേക്കുള്ള
ബലിക്കുറിപ്പിലും,
തെറ്റിയോടുന്ന
സെക്കൻ്റ് സൂചിയുടെ
തുമ്പത്തെ,
കറുപ്പിലും,
ജീവിതത്തെ
ഒറ്റവിരലിൽ
നൃത്തം ചെയ്യിച്ചവനെ,
കൽക്കരിയുടെ
നിറമുള്ള,
കവിതകളുടെ
ഖനികളിൽ നിന്ന് ‘
മൃത്യുവിനെ
പൂപോലെയെറുത്തെടുത്ത്,
ഉള്ളം കയ്യിലെ
വഴിതെറ്റിച്ചിതറിയ
രേഖകളിൽ വെച്ച്,
കാലഘടികാരങ്ങളുടെ,
ഇടവഴികൾ താണ്ടി,
രതിയുടെയും
പ്രണയത്തിൻ്റെയും
സ്വപ്നത്തിൻ്റെയും
വിശപ്പിൻ്റെയും
തെരുവുകൾ
മുറിച്ച് കടന്നവനെ
ഇതാ
ഞങ്ങളിപ്പോഴും
നിനക്കൊരു മറയും തരാത്ത
മരങ്ങളായി നിൽക്കുന്നു
ഞങ്ങളുടെ നെഞ്ച്
തുറന്ന് സ്വീകരിക്കുക
നിനക്കുള്ള അവസാനത്തെ ഗർജ്ജനം
( ഒരു മരവും മറ തന്നില്ല – അയ്യപ്പൻ്റെ അവസാന കവിതയിലെ ഒരു വരി )

By ivayana