“ഉദാത്ത പ്രണയവും, പ്രണയ നൈർമല്യവും കുറിച്ചിടുന്ന കവേ.. കർമജീവിതത്തിലെന്തേ പുഷ്പം പോലെ എടുത്തെറിഞ്ഞുടച്ച് പ്രണയം നിരസിച്ചത്??”
ഏതൊരാൾക്കും എളുപ്പത്തിൽ എഴുതാനാവുന്ന വിഷയം പ്രണയം എന്ന് സാഹിത്യവാരഫലക്കാരൻ. ഗൃഹപാഠം ചെയ്യാതെ കോറിയിടം ഉദാത്ത പ്രണയചിന്തുകൾ..
കോളേജ് പഠനവും, അധ്യാപന പരിശീലനവും പൂർത്തീകരിച്ച നാളുകൾ. വായനശാലകളിൽ, കളി മൈതാനങ്ങളിൽ മുഴുകി അലയുമ്പോൾ അവന്റെ ഗുരുനാഥൻ അവന്റെ വഴി തിരിച്ചു. നല്ലൊരു തൊഴിൽ കിട്ടും വരെ സമാന്തര കോളേജിൽ പഠിപ്പിക്കുക. ആ നാളുകളിൽ അവൻ കണ്ടുമുട്ടിയ പുസ്തക പുഴു അവൾ. കൗതുകം അവളിൽ പ്രണയമായി… എന്നിട്ടും കാവ്യലോക ചർച്ചകൾ കിന്നാരത്തേക്കാൾ ഏറെ.
അനുരാഗം എല്ലിൽ കുത്തിയ നാളിൽ അവൾ അവനെത്തേടി എത്തി. അവന്റെ അമ്മയുടെ പ്രിയപ്പെട്ടവളായി.. ഒരു നാൾ അവൾ അവനോട് കിനാവ് വെളിപ്പെടുത്തി.. അവന്റെ വീട്ടു മുറ്റത്തെ മാവിന്കൊമ്പിൽ ഒരു ഊഞ്ഞാൽ.. കുട്ടികൾ അതിൽ ആടിത്തിമിർക്കുന്ന കാഴ്ച്ച..
അതിനവൻ മൂളി ” വീര വീരാട കുമാര വിഭോ..” അവളോട് ഉത്തരാ സ്വയംവരം കഥകളി കാണാനും നിർദ്ദേശം .
അവന്റെ മനസ്സിൽ ഭാരത പര്യടനം.
പാർത്ഥനായി അവൻ തലമാറി.
ബൃഹന്ദള വേഷം മാറി മൊഴിഞ്ഞു ശിഷ്യയോട്. ഗുരു ശിഷ്യാ ബന്ധം പവിത്രം. നിനക്കായൊരു ചാന്ദ്രപുത്രൻ.. അവനെ വരിക്കുക..
പെൺജീവിതങ്ങൾ ഏറെയും ഉത്തരക്ക് സമാനം. കൊതിച്ചത് വിട്ട് കൂട്ടിച്ചേർക്കപ്പെട്ടതിനോട് പൊരുത്തപ്പെടേണ്ട ദുര്യോഗം.
സമൂഹം എന്നും പാർത്ഥനൊപ്പം, പാർത്ഥ സാരഥിയും . പൊലിയാത്ത ധർമ്മിഷ്ട വില്ലാളി വീര പരിവേഷം.
പെണ്ണേ മറക്കുക.. പൊറുക്കുക.

By ivayana