ഓള് കൊണ്ടുവെച്ച പഴക്കം ചെന്ന പുട്ടിനെ ഞാൻ അമർത്തി പൊട്ടിക്കാൻ ശ്രമിച്ചു.പുട്ട് പിടിതരാതെ ഉയർന്നു പൊങ്ങിയപ്പോൾ നെറ്റികൊണ്ട് ഇടിച്ചു പാത്രത്തിലേക്ക് ഇട്ടു.
വീണ്ടും എതിർക്കുവാൻ ശ്രമിച്ചപ്പോൾ തേങ്ങാപീര മാറ്റി അതിന്റെ കണ്ണിൽ ഞാൻ കടലക്കറി ഒഴിച്ചു അന്ധയാക്കി.പിന്നെ പുട്ടിന്റെ തൊണ്ടകുഴിക്ക് മൂന്നു വിരൽ മുകളിൽ നക്ഷത്രംനോക്കി എന്നൊരു മർമ്മമുണ്ട്.അതിൽ കുത്തി മറിച്ചിട്ടു.
ഇനി മൂന്നു വിനാഴിക നേരം കഴിഞ്ഞാൽ നല്ല തലവേദനയെടുത്തു പുട്ട് മയ്യത്താവും.
ഈ മല്ലയുദ്ധത്തിനു ശേഷം കിതപ്പു മാറ്റാൻ കുറച്ചുനേരം ഇരുന്നിട്ട് ഓളെ വിളിച്ചു.
സൂറാ..
എന്തോ..
അനക്ക് ആർക്കിയോളജിക്കൽ സർവ്വേയിലോ പുരാതന വകുപ്പിലോ ജോലിക്ക് പൊയ്ക്കൂടെ ..
ഓള് തട്ടം ശരിയാക്കി അടുത്തു വന്നിരുന്നു.
അതിനുള്ള പഠിപ്പൊന്നും ഞമ്മക്കില്ലല്ലോ..ആകെ പത്താം ക്ളാസല്ലേ ഉള്ളൂ..
അതു മതി.ഈ പഴയ സാധനം ചൂടാക്കി കഴിക്കാൻ തരുന്ന എക്സ്പീരിയൻസ് പോരെ പാസ്‌മാർക്ക് കിട്ടാൻ.
പോരാത്തതിന് ഈ പുട്ട് സാക്ഷി പറയുകയും ചെയ്യും
ഓള് എഴുന്നേറ്റു.ഞാൻ തടഞ്ഞു.
കാര്യങ്ങൾ പറയുമ്പോ ഇജ്ജ് എവിടേക്കാ പോണത്..
ഇക്ക് അടുക്കളെല് നൂറുകൂട്ടം പണിണ്ട്.
അടുക്കളയിലേക്കു പോകുമ്പോള് ഓളെ മുഖത്ത് ഒരു ഗൂഢസ്മിതം വലിയ വായിൽ ചിരിക്കുന്നുണ്ടായിരുന്നു.
എന്നാ പിന്നെ അറിഞ്ഞിട്ടു തന്നെ കാര്യം.
ഇജ്ജ് ഈ പഴയ ഉണക്കപുട്ടു തന്നതിന്റെ ഇതിവൃത്തം എന്താ..
ഞാൻ വിളിച്ചു ചോദിച്ചു.
പഴയതാണ് നല്ലത് എന്നല്ലേ ഇങ്ങള് പറഞ്ഞത്..
നിഷ്കളങ്കതയിൽ കുരുമുളകിട്ടു
ഓള് അടുക്കളയിൽ നിന്നു പറഞ്ഞ മറുപടി ചെമ്പിനുള്ളിൽ തലയിട്ടിട്ടാണ് എന്നു തോന്നി.അതിൽ എക്കോ ഉണ്ടായിരുന്നു..
എപ്പോ പറഞ്ഞു.?ഞാൻ ആശ്ചര്യത്തിൽ നിന്തിരുവടിയായി
സാരിയൊക്കെ പഴയതായി പുത്യേത് വാങ്ങണമെന്ന് പറഞ്ഞപ്പോൾ..
ഇപ്പോൾ ഓളെ ശബ്ദത്തിനു എക്കോയില്ല.ചെമ്പില്നിന്നു താമസം മാറി എന്നു തോന്നുന്നു.
അപ്പോൾ അതാണ് കാര്യം.
ഓള് പകപോക്കുകയാണ്.
പാത്രത്തിൽ കിടക്കുന്ന വ്ലാഡ്മിൻപുട്ടിനെ സാക്ഷിയാക്കി ഓളെ ഞാൻ വിളിച്ചു വരുത്തി.
സൂറാ.
ഇജ്ജ് ഈ സാരിടെ പ്രശ്‌നത്തിന്റെ പേരില് പുട്ടിലൂടെ പ്രതികാരം ചെയ്യരുത്.
ഞാൻ റൂളിംഗ് ചെയ്തു.
എന്റെ കയ്യിലുള്ളത് വെച്ചല്ലേ എനിക്ക് ചെയ്യാൻ പറ്റൂ..ഓള് ഓവർ റൂളിങ് നടത്തി.
ഞാൻ ഓളെ വീണ്ടും വിളിച്ചു..
സൂറാ..
എന്തോ..
ഈ ഉണക്കപുട്ടു തൊണ്ടയിൽ കുടുങ്ങാതെ അന്നനാളം വഴി ആമാശയത്തിലെത്തേണ്ടതുണ്ട്.അവിടെ നിന്നു ചെറുകുടലിലേക്കും വൻകുടലിലേക്കും പോകുന്ന ആന്തരിക പ്രക്രിയ വേറെയുമുണ്ട്.അതിന് ഈ പഴയത് പറ്റൂല.
സാരീം അങ്ങിനെ തന്നെയല്ലേ..തലമുതല് തുടങ്ങി കാലു വരെ എത്തേണ്ട പ്രക്രിയ.അതിനിടയില് പതിനാറു ഞൊറിയും വളക്കലും ചുറ്റലും…ഓള് നെടുവീർപ്പിട്ടു.
ഞാൻ ഒതുങ്ങി. ദഹനപ്രക്രിയ സാരിയുമായി കമ്പൈർ ചെയുന്ന ഈ പൊത്തിനോട് പറഞ്ഞിട്ടെന്താ കാര്യമെന്നു വയറ്റിനുള്ളിലെ ആസ്വാരസ്യം എന്നോട് ചോദിച്ചു.അങ്ങിനെ പുതിയ സാരി വാങ്ങാം എന്ന ഒത്തുതീർപ്പിലെത്തി..
പിന്നെ ഒരു കാര്യം കൂടി പറയുവാനുണ്ട്.
പുറത്തേക്കിറങ്ങിയ എന്നെ തടഞ്ഞു നിറുത്തി ഓള് പറഞ്ഞു.ഓളിപ്പോൾ ജയിച്ചു നിൽക്കുകയല്ലേ.ചോദിച്ചോട്ടെ എന്നു ഞാനും കരുതി..
എന്തെങ്കിലും കാര്യങ്ങൾ ചോദിക്കുമ്പോ കൂർക്ക ചാക്കിൽ കെട്ടിനിലത്തടിച്ചു തോല് കളയുന്ന പോലെ മറുപടി പറയരുത്.
ഇജ്ജ് കാര്യം തെളിച്ചു പറയു സൂറ.
ഇങ്ങളോട് ഞാൻ റൂട്ട് മാപ്പ് എന്താന്നു ചോദിച്ചപ്പോൾ ഇങ്ങള് എന്താ പറഞ്ഞത്..
ഓള് ഓരോന്നും ചോദിക്കും.അപ്പപ്പോൾ തോന്നുന്ന പോലെ മറുപടിയും പറയും.ഇതിപ്പോ എന്താണാവോന്നു ആർക്കറിയാം.
എന്താ പറഞ്ഞത്..ഞാൻ ആരാഞ്ഞു.
കൊറോണ വന്ന ആള്ക്കാര് റോട്ടിലൂടെ നടന്നു എല്ലാവരോടും മാപ്പു പറയും.അതാണ് റൂട്ട് മാപ്പെന്നു.ഇങ്ങളെ വിശ്വസിച്ചു ഞാനിത് ബാപ്പാടും പറഞ്ഞു.
എടീ പോത്തെ നമ്മുടെ ദാമ്പത്യ രഹസ്യം നീയെന്തിനാ ബാപ്പാട് പറഞ്ഞത്..
റൂട്ട് മാപ്പല്ലേ ദാമ്പത്യ രഹസ്യം. ഓള് ചിറിക്കോട്ടി.
എന്നിട്ട് അന്റെ ബാപ്പ എന്താ പറഞ്ഞത്..
വരട്ടു ചൊറിയുടെ ലേഹ്യം എടുത്തു ശരീരപുഷ്ടിക്കുള്ള ആസവമാണെന്ന് കരുതി കുടിച്ചു ജീവിതം നശിപ്പിച്ചില്ലേ മോളെ എന്നു…