അവസാനത്തുടിപ്പിലെ
നിശ്വാസമായടങ്ങുമ്പോൾ
നിൻെറ കണ്ണിൽ നിന്നൊ-
രിറ്റു നീർക്കണം തുളുമ്പിയാ-
ലതെൻ ജന്മസുകൃതം.
നശ്വരമാമീ ലോകത്ത്
ജനിമൃതികളുടെയർത്ഥം
തേടിയലയുകയായിരുന്നു നാം..
വൃഥാ ചിന്തകളുള്ളിൽ
നിറച്ചു നാം മത്സരിച്ചീടുന്നു;
വൈരാഗ്യബുദ്ധിയാൽ.
വസന്തത്തിൽ തളിരിട്ട
പുതുമുകുളങ്ങളാൽ
ബാല്യവും കടന്നു നാം;
പ്രതീക്ഷകളുടെ പുതുമഴക്കാലവും,
വേനലിൽ കരിഞ്ഞുണങ്ങിയ
സ്വപ്നലോകവും താണ്ടി,
ശിശിരത്തിൽ കൊഴിഞ്ഞു
വീണൊരു പഴുത്തിലയായി
ഭൂമാറിലേക്കമരുകയാണിന്നു ഞാൻ.
ദിവ്യ സി ആർ

By ivayana