ആയയുടെ
കൈകളിൽ നിന്ന്
വാരിയെടുത്ത്
നെറ്റിയിൽ ആദ്യമായ്
ഉമ്മ വയ്ക്കുമ്പോൾ
കടലോളം
പ്രതീക്ഷകളുടെ
നെറുകയിലാണ്
പുഞ്ചിരി പൂത്തുവിരിഞ്ഞത്!
പ്രതീക്ഷകളുടെ
സാക്ഷാത്ക്കാരം
നിറമണിയുവാൻ
ആതുരാലായത്തിൽ നിന്ന്
ഓടിത്തുടങ്ങിയ തീവണ്ടി
പിന്നൊരുനാളും
ഓട്ടം നിർത്തിയില്ല, പാളം തെറ്റിയില്ല!
റോഡുകളിൽ
കൈവണ്ടിയായും
റിക്ഷാവണ്ടിയായും
മോട്ടോർ വണ്ടികളായും
പാടത്തെ ചെളിയായും
തെരുവ് ചന്തകളിലെ
തൊണ്ട പൊട്ടുന്ന വാക്കായും
സിമൻ്റ് കാട്ടിലെ
കവർ റോളിനുള്ളിലെ
നോക്കുകുത്തിയായും
മണ്ണിലും മറുനാട്ടിലും
നെഞ്ചുവിയർത്ത്
ഉപ്പ് തുപ്പിയപ്പോളും
അവനെയാരും അവനാരെയും കണ്ടില്ല!
പത്തുമാസത്തെ
കണക്കിലൊപ്പിയ
വേദനകൾ
ആർദ്രതകളായ്
കവിതകളായ് പിറന്നപ്പോഴും
പരിഭവ ഭാവമില്ലാതെ
ഹൃദയമാകുന്ന എഞ്ചിനിൽ
സ്വയം കരിവാരിയെറിഞ്ഞ്
തീവണ്ടി ദിക്കുകൾ താണ്ടുകയായിരുന്നു!
പത്തുമാസത്തെ
ഒറ്റ കണക്ക്
കുരുക്കിട്ടപ്പോഴും
ഹൃദയത്തിൽ തീയെറിഞ്ഞ്
നെഞ്ചിൽ ചൂടെറിഞ്ഞ്
ഓടിയ തീവണ്ടി നിന്നത്
പ്രതീക്ഷകളുടെ
മധുര മുനമ്പിൽ തന്നെയായിരുന്നു!
എന്നാലവിടെയും
പ്രതീക്ഷകൾ ചേർന്ന്
കണക്കിട്ടെടുത്തത്
പത്തുമാസത്തെ കണക്കുതന്നെയാണ്!
നിർത്താതെ
ഓടിയ കാലങ്ങൾ
താണ്ടിയ ദൂരങ്ങൾ
കൊഴിഞ്ഞ ഒറ്റപ്പെടലുകൾ
തുപ്പിയ ഉപ്പുകൾ?
അവിടെ
പ്രതീക്ഷകളുടെ
പ്രതീക്ഷയില്ലാത്ത
കണക്കില്ലാത്ത കണക്ക്
കവിതകൾ പോലും
രചിക്കാതെ തൂക്കിയത്
ഒഴുകിയ ചോരയുടെ നിറത്തെയായിരുന്നു!
. ഡാർവിൻ പിറവം

By ivayana