വൃത്തം-വിയോഗിനി
മുഴുശോകതമസ്സുമാഞ്ഞുപോയ് ,
തെളിയുംനീലനിലാവുപോലെ നീ ,
തരളാംബുജനേത്രമോടെയീ
വഴിയോരംവരികെങ്കിലോമനേ..
മമരാഗനഭസ്സുപൂത്തതാം
വരതാരാഫലവും നിറഞ്ഞുമേ
മതിമോഹവസന്തകാലമായ്
ചിരിയാകും പുതുപൂവുതേടിടാൻ.
നറുതേൻമൊഴി നിന്റെയോർമ്മയിൽ ,
മൃദുരാക്കാറ്റുമലിഞ്ഞു പാടവേ,
ഘനനീലനിലാവിനാൽ വനം
കനകാംഭോജമുയിർത്തപോലെയായ്.
നിറതാരുണി രാഗലോല നിൻ,
നിറയെപ്പൂത്ത മനോരഥത്തിലീ,
കനിവോടു വരിച്ചുചേർക്കടോ
കറകയ്ക്കും മമ നാമധേയവും.
പ്രണയാന്ധതപസ്സുചെയ്തുഞാൻ
പരമോൽകൃഷ്ടപദാന്തമെത്തുവാൻ ,
വനഭംഗിയിൽ കാമരൂപിപോൽ
മറയാനെന്തു., ? മഹാമരീചിയായ് .
നെടുതാമഴൽ സാഗരോപമം,
കൊടിപാറുന്നുയിരുണ്ടരാത്രിതൻ,
കുളിരുംനറുതിങ്കളെങ്ങുപോയ്
ഉരുകുന്നൂമമമേനിയങ്ങനെ …!
മുഴുശോകമിരുട്ടിൽമാഴ്കിടും
വിരഹാർത്തന്റെ പതിഞ്ഞപാട്ടിലായ്
നലമോടു പതിയ്ക്ക, പുണ്യമാം
വരഗംഗാനദിധാരയായി നീ …!
വിനോദ് വി.ദേവ്.