ഒടുവില്‍ മുംബൈയില്‍ നിന്നും നാട്ടിലേക്കുളള വണ്ടിയില്‍ പോകാനായ് അയാളൊരു ടിക്കറ്റ് വാങ്ങി. കഴിഞ്ഞ ഇരുപത്തഞ്ച് കൊല്ലത്തോളം അയാള്‍ ജീവിച്ച നഗരമാണ് മുംബൈ. ജനങ്ങളും സംസ്കാരവുമെല്ലാം ഏറ്റവും സ്വന്തമായ ഇടം.
ആരോഗ്യപ്രവര്‍ത്തകര്‍ നല്കിയ നിര്‍ദ്ദേശങ്ങളെല്ലാം അയാള്‍ ശ്രദ്ധിച്ചുകേട്ടു. എല്ലാം അക്ഷരംപ്രതി അനുസരിച്ചോളാമെന്നയാള്‍ അവര്‍ക്ക് വാക്കുകൊടുത്തു.

വണ്ടി നീങ്ങിത്തുടങ്ങി. അയാള്‍ തന്‍റെ ചെറിയ ബാഗ് മുകളിലേക്ക് വെച്ചു. പിന്നെ സീറ്റില്‍ ചാരിയിരുന്നു. മഞ്ഞയില്‍ കറുപ്പുകൊണ്ട് മാട്ടുംഗയെന്നെഴുതിയ റെയില്‍വെ പ്ലാറ്റ്ഫോം പിന്നിലേക്ക് പാഞ്ഞുപോയി. മുന്നിലിടതുവശത്താണ് ധാരാവി. ക്രീക് ബ്രിഡ്ജ് കടന്ന് വലത്തോട്ട് തിരിഞ്ഞാല്‍ ബാന്ദ്ര കുര്‍ള കോംപ്ലക്സ് റോഡായി. അവിടെയെത്തി കുടുംബകോടതിയുടെ വരാന്തയിലേക്ക് കയറാന്‍ തുടങ്ങിയ ഓര്‍മ്മകളെ അയാള്‍ ശക്തമായിതന്നെ വിലക്കി.

‘അരുത്, ഇനിയൊരു തിരിച്ചുവരവില്ല.’
അയാള്‍ പോക്കറ്റില്‍ നിന്നും ഹെഡ്ഫോണെടുത്ത് മൊബൈല്‍ ഫോണില്‍ കുത്തി ചെവിയില്‍ വെച്ചു.
‘സിന്ദഗി തുഝ്കോ ജിയാ ഹേ
കോയി അഫ്സോസ് നഹി
സെഹ്‌റ് ഖുദ് മെനെ പിയാ ഹേ
കോയി അഫ്സോസ് നഹി’
ചിത്ര സിംഗ് പാടുകയാണ്.
തീവണ്ടി സാമാന്യം നല്ല വേഗം കൈവരിച്ചിരിക്കുന്നു. പിന്നിലേക്ക് പാഞ്ഞുപോകുകയാണ് പ്രിയപ്പെട്ട മുംബൈ. നഗരത്തിലെ റോഡുകളെ പോലെ തന്നെ അയാളുടെ ചിന്തകള്‍ ഉള്ളിലേക്കുള്ളിലേക്ക് വളര്‍ന്ന് പടര്‍ന്നുകൊണ്ടേയിരുന്നു. തിരക്കുള്ള നിരത്തുകളിലായി ട്രാഫിക് വിളക്കുകളില്‍ നിന്നും നീങ്ങിയും ഇടുങ്ങിയ ഗലികളിലൂടെയും മനസ്സതിവേഗം പാഞ്ഞുനടന്നു. ഈ നഗരം തനിക്കെത്ര പരിചിതമെന്നയാള്‍ ആശ്ചര്യപ്പെട്ടു.

മക്കള്‍ പഠിച്ചുകഴിയാറായി. രണ്ടുപേര്‍ക്കും വൈകാതെ ജോലികിട്ടും. നല്ല കോളേജുകളിലാണവര്‍ പഠിക്കുന്നതും. മിടുക്കരാണവര്‍. കിട്ടിയ ശമ്പളത്തില്‍ തന്‍റെ ചെലവിനുള്ളത് മാത്രം ബാക്കിവെച്ച് അയാളവര്‍ക്ക് അയച്ചുകൊടുത്തിരുന്നു. നഗരത്തില്‍ വെറും പന്ത്രണ്ട് കിലോമീറ്റര്‍ ദൂരത്തിലവര്‍ അമ്മയോടൊപ്പം താമസിക്കുന്ന പ്രദേശത്തെകുറിച്ച് അയാള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ഫ്ലാറ്റ് അഡ്രസ് ഒരിക്കല്‍ രേണുകയുടെ അനിയന്‍ വിളിച്ചപ്പോള്‍ അയാളോട് പറഞ്ഞിരുന്നു.

നഗരത്തിലയാള്‍ വാങ്ങിയ ഫ്ലാറ്റിന്‍റെ വാടകയും രേണുകയുടെ അവകാശമാണെന്ന കാര്യത്തില്‍ ഒരിക്കലും അയാള്‍ക്ക് മറിച്ചൊരഭിപ്രായമില്ലായിരുന്നു. എന്നാലും രേണുക വീണ്ടുമൊരാളെ കല്യാണം കഴിക്കുമെന്ന് അയാളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓണാഘോഷത്തിന്‍റെ സമയത്ത് സമാജം സെക്രട്ടറിയായ മാന്വല്‍ സര്‍ പറഞ്ഞതയാളോര്‍ത്തു.
”രേണുക ആ പഴയ ആളേയല്ല. അവരുടെ തിരക്കും ഉത്സാഹവും നിറഞ്ഞ ജീവിതം കണ്ടാല്‍ ഓര്‍മ്മകളുടെ അങ്ങയറ്റത്ത് പോലും നിങ്ങളുണ്ടാവുമെന്ന് തോന്നുന്നില്ല. ”
അത് കേട്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. അവളാഗ്രഹിച്ചത് നേടുകയാണല്ലോ.

ട്രെയിന്‍ താണെ സ്റ്റേഷനില്‍ നിര്‍ത്തി. അയാളോര്‍ത്തു, മഹാനഗരത്തിന് പുറത്തെത്തിയിരിക്കുന്നു. ഇന്നുവരെ തോന്നാത്ത ഒരു വികാരം അയാളില്‍ നിറഞ്ഞു. ഇതൊരൊളിച്ചോട്ടമാണോ ! അല്ല. അങ്ങനെ ഓടിയിരുന്നെങ്കില്‍ പണ്ടേ ഓടണമായിരുന്നു. മുമ്പ് പല സന്ദര്‍ഭങ്ങളിലും ഓടിയൊളിക്കാന്‍ തോന്നിയിട്ടുണ്ട്. ആരോടും പറയാതെ പോകാന്‍ തോന്നിയിട്ടുണ്ട്. പക്ഷെ ഇന്നലെയും മിനിഞ്ഞാന്നുമായി പരിചയക്കാരെ മിക്കവാറും എല്ലാവരേയും അയാള്‍ വിളിച്ചിരുന്നു. യാത്ര പറഞ്ഞ് സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തു.

”നാട്ടിലേക്ക് പോകുകയാണ്. അമ്മയേയും അച്ഛനെയും കാണണം.”
തിരിച്ചുവരുന്ന കാര്യം ആരുംതന്നെ അയാളോടന്വേഷിച്ചില്ല.
ഒന്നുമൊന്നും ആരുമറിഞ്ഞില്ലെങ്കിലും രണ്ട് വലിയ സമസ്യകളെ അപ്രസക്തമാക്കിയാണ് താന്‍ യാത്ര തിരിച്ചിരിക്കുന്നതെന്ന് അയാള്‍ക്കു മാത്രമറിയാം. നഗരം മുഴുവന്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചപ്പോള്‍ തൊഴില്‍ നഷ്പ്പെട്ടവരനവധിയാണ്. പക്ഷെ അയാളെപ്പോലെ മികച്ച ഒരു ഉദ്യോഗസ്ഥന് തൊഴില്‍ നഷ്ടമായത് ഒരു സാധാരണകാര്യമല്ല. അയാള്‍‍ക്കറിയവുന്നവരില്‍ ആര്‍ക്കും തന്നെ ജോലി നഷ്ടമായിട്ടില്ല. അതുകൊണ്ടുതന്നെ അയാള്‍ക്കത് താങ്ങാന്‍ കഴിയാത്ത അപമാനമായി തോന്നി.

ആറുമാസത്തോളം പലവിധത്തതില്‍ തളര്‍‍‍ന്നുകിടന്ന നഗരം അതിന്‍റെ സ്വാഭാവികതയിലേക്ക് പതുക്കെ തിരിച്ചുവരികയാണ്. ആളുകള്‍ ജോലിക്കുപോയിത്തുടങ്ങിയിരിക്കുന്നു. അവര്‍ കൃത്യമായി ശമ്പളം വാങ്ങാനും അത് പഴയതുപോലെ ചെലവാക്കാനും തുടങ്ങിയിരിക്കുന്നു. അയാള്‍ക്ക് പോകാനൊരു ജോലിയില്ലെന്ന കാര്യം പതുക്കെ ആളുകളറിഞ്ഞുതുടങ്ങി. കടം വാങ്ങിയത് തിരിച്ചു കൊടുക്കാനുളള ചിലര്‍ കാര്യങ്ങളന്വേഷിച്ച് വരികയും ചെയ്തു. ആകെ സമ്പാദ്യമായുണ്ടെന്ന് കരുതിയ ആത്മാഭിനം മുറിഞ്ഞുപോകുകയാണെന്ന തിരിച്ചറിവ് അയാളുടെ സമനില തെറ്റിച്ച ദിവസങ്ങള്‍.

പല ജോലികള്‍ക്കും അപേക്ഷിച്ചെങ്കിലും അയാള്‍ മുമ്പ് ചെയ്തിരുന്ന പോലെ ഒരുയര്‍ന്ന ജോലി കിട്ടാനുള്ള സാധ്യതകള്‍ തത്കാലമില്ലെന്ന തിരിച്ചറിവില്‍ അയാളന്വേഷണം നിര്‍ത്തി. അറിഞ്ഞവര്‍ അവര്‍ക്ക് തരപ്പെടുത്തിക്കൊടുക്കാവുന്ന ഒന്ന് രണ്ട് ചെറിയ ജോലികള്‍ ശരിയാക്കിയെങ്കിലും ഒടുവില്‍ അവര്‍ തന്നെ അയാളെ പിന്തിരിപ്പിച്ചു.
”വേണ്ട, സര്‍ ആ ജോലിക്കു പോകരുത്. നമുക്ക് വേറെ നല്ല ജോലി കണ്ടുപിടിക്കാം”
കഴിഞ്ഞപോയ നീണ്ട ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് കാലം ഒരുക്കിയെടുത്ത ഒരു വിശേഷവ്യക്തിത്വമാണയാളെങ്കിലും മാറ്റങ്ങളോട് എങ്ങിനേയും സന്ധി ചെയ്ത് മുന്നോട്ടുപോകണമെന്ന വാദം ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. എന്നാലങ്ങനെ സന്ധി ചെയ്യാനൊരു കാരണം കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.

അഞ്ചാറുമാസം കൊണ്ട് കൈയ്യിലുള്ള പൈസ തീരാറായത് അയാളറിയുന്നുണ്ടായിരുന്നു. വാടകപോലും അടുത്തമാസം പ്രശ്നമാകും. അയാള്‍ ചെറിയൊരു ഡപ്പോസിറ്റുള്ളത് പിന്‍വലിച്ചു കടം വാങ്ങിയതും പേഴ്സണല്‍ ലോണെടുത്തതും തിരിച്ചുകൊടുത്തു. വീടിന്‍റെ അഡ്വാന്‍സ് തിരിച്ചുവാങ്ങി അതിലൊരു പങ്കും കൂടി കൊടുത്തപ്പോള്‍ കടമൊന്നും ബാക്കിയില്ലാണ്ടായി. നാട്ടിലെത്തിയാലുള്ള ചെലവിന് ചെറിയൊരു തുകയേ ഇനി കൈയ്യിലുള്ളു. അങ്ങനെ അയാളുടെ ജോലി നഷ്ടപ്പെട്ട മാനഹാനിയും മുന്നോട്ടുള്ള ജീവിതത്തിനായ് കൈയ്യില്‍ പൈസയില്ലെന്ന സമസ്യയും അപ്രസക്തമാക്കിക്കൊണ്ട് മുംബൈയില്‍ നിന്നും നാട്ടിലേക്കുള്ള തീവണ്ടി കുതിച്ചുപാഞ്ഞു.

ഒരു തുലാപ്പെയ്ത്തൊഴിഞ്ഞ് മഞ്ഞവെയില്‍ ചിരിച്ചുനിന്ന മുറ്റത്തേക്കയാള്‍ പടികള്‍ കയറി. കോലായില്‍ നില്‍ക്കുകയായിരുന്ന അച്ഛന്‍ അകത്തേക്ക് നോക്കി അമ്മയെ വിളിച്ചു.
‘സാവിത്രീ, അവനിങ്ങെത്തീ’
അമ്മയുടെ കണ്ണില്‍ തിളങ്ങിനില്‍ക്കുന്നുണ്ട് രണ്ട് നീര്‍ത്തുളികള്‍. അച്ഛന്‍ അകലെ വയലിലേക്ക് നോക്കിനിന്നു.
അത്താഴം കഴിച്ചു കൈ കഴുകിയ ശേഷം കൈയ്യില്‍ കരുതിയ പൈസ അയാള്‍ അമ്മയെ ഏല്പിച്ചു. പിന്നീടയാള്‍ തന്‍റെ മുറിയിലേക്ക് പോയി.

‘അറിഞ്ഞില്ലേ കൃഷ്ണന്‍കുട്ട്യേ”
”ന്താ ശ്രീധരേട്ടാ”
”നമ്മടെ സേതു.. പോയി”
”ഏത്, ശങ്കരേട്ടന്‍റെ മോനോ ? ന്നലെ ബോംബേന്ന് വന്ന.. ”
”ഉവ്വ്, വിഷംകഴിച്ചാണത്രേ”

സേതുവിന്‍റെ ഡയറിയില്‍,
ജീവിതത്തില്‍ ചെലവു ചുരുക്കിയതിന്‍റ കണക്കുകളിലെ അവസനത്തെ വരിയില്‍ ഇങ്ങനെ എഴുതിയിരുന്നു,
മുംബൈ – കക്കാടംവയല്‍
ഫ്രീസര്‍ വാന്‍ വാടക 38000 ക..

By ivayana