ഭയം നിർഭയമെൻ മനോരഥത്തിൽ
നിർദ്ദയം തേരുതെളിച്ചീടുന്നു
മരണകയക്കരെ നിർത്തി ചാരെ
നരകഗർത്തത്തെ കാട്ടിടുന്നു.
സ്വർഗ്ഗമെവിടെയെന്നെൻ മനമോതുന്നു
ശാന്തിതേടി ഞാൻ കണ്ണു യർത്തി
തലമീതെ ഡെമോക്ലെസിൻ വാളുപോലെ
ഭയം കണ്ടാത്മാവ് നടുങ്ങിടുന്നു.
റോഡുകൾ തോടുകൾ കെട്ടിടങ്ങൾ
എവിടെല്ലാം ക്രൂര മനുഷ്യരുണ്ടോ
അവിടെല്ലാം ജീർണിച്ച ഭയശവങ്ങൾ
കൊറോണയെപോലെ ഒളിച്ചിരിപ്പൂ.
ഹസ്തി പോൽ തുമ്പികൈ ഉയർത്തി
പോത്തിൻപുറമേറി വാളെടുത്തു
കത്തിയും കഠാരയും നിണമണിഞ്ഞു
വിഷസർപ്പം പോൽ ഭയംപത്തിപൊക്കി.
മലമ്പാമ്പു പോലെന്നെ ഭയം വിഴുങ്ങി
എന്റെ മൂലാദൻഡിലൂടെ ഇരച്ചുകേറി
വയറ്റിൽ അഡ്രിനാലിൽ ഉത്സര്ജിച്ചി-
ട്ടോലിയിടുന്നു ഒരു നായപോലെ.
ജീവിതം നൂൽപാല യാത്രപോലെ
നരകാഴി മേലെ മിഴിതുറിച്ചിടുമ്പോൾ
മരണം മാസ്കണിഞ്ഞ ഭയമാകുന്നു
ഭയം മഞ്ചൽപേറും മരണവുമാം.
ഭയം വന്നെന്റെഹൃദയം നുറുങ്ങി
മരിച്ചു ഞാൻ പലവട്ടമീ ഊഴിയിൽ
ഭീരുവെന്നെന്നെ പലരും ചാപ്പകുത്തി
പിന്നെയും ഭയമെൻ ശവമഞ്ചൽപേറി.
ശങ്കയും ആശങ്കയും അകറ്റിനിർത്താൻ
ആകുലമാനസം അഴകാക്കുവാൻ
ആഷാഢമാസത്തിലെ അമ്പിളി പോൽ
അകതാരിൽ ആമോദം അലയടിച്ചു.
ഭയത്തെ നേരിടാൻ പഠിച്ചമന്നൻ
വിഭ്രമിക്കാതെ നേരിൻ പാതനേടാൻ
ലക്ഷ്യമാക്കിയോൻ വൈഭവംനേടുക
അഭൂതപൂർവമീ ജഗത്തിലെങ്ങും.

By ivayana