ഒരു മകന്‍റെ അമ്മയാണ് ഞാൻ …പക്ഷേ ഞാനൊരു സ്ത്രീയാണ് എന്നു പറയാനാണ് ഇഷ്ടം .ഞാൻ പ്രസവിച്ചതുകൊണ്ടാണ് സ്ത്രിയായത് എന്നല്ല …മറിച്ച് ഞാനൊരു ദലിത് സ്ത്രിയാണ് എന്നു പറയുന്നതാണ് ശരി…
ജീവിതവും സമൂഹവും രണ്ടും രണ്ടാണ് ദലിത് സ്ത്രികൾക്ക് …
കവിയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരിക്കുമ്പോഴും പലപ്പോഴുംഞാനൊരു ദലിത് സ്ത്രിയായി മാത്രം പരിഗണിക്കുന്നത് എന്തുകൊണ്ടാകാം?മകനെ പ്രസവിക്കുമ്പോൾഎന്‍റെ കാലിടുക്കുകളിൽ,ഞരമ്പുകളിൽ, അഗ്നി പടർന്നിറങ്ങിയപ്പോൾ,വേദനയുടെഭൂകമ്പം ഉരുൾപൊട്ടി വരുമ്പോൾ….മുള ചീന്തുമ്പോലൊരുകരച്ചിൽ എന്നിൽ നിന്ന് ഉയർന്നിരുന്നു…അവൻ ഭൂമിയെ തൊടുമ്പോൾ ..പെണ്ണിന്‍റെ സകലപ്രപഞ്ചവേദനയും അരക്കെട്ടിലുടെ പ്രാണൻ പിടഞ്ഞു ഒഴുകുമ്പോൾ …
പുരുഷപ്രജാപതികളുടെ വ്യാഖ്യാനങ്ങൾക്കപ്പുറത്തൊരു ലോകം സ്ത്രികൾക്കുണ്ടെന്നറിയണം…അത്ര പുളകങ്ങൾ പൂത്തു വിടരുന്ന പൂങ്കാവനങ്ങളല്ലെന്നുമറിയണം ആജീവിതം…ഹത്രാസിലെ പെൺകുട്ടിയും, ആറന്മുളയിലെ പെൺകുട്ടിയും ,ബിഹാറിലെ പെൺകുട്ടിയും, വാളയാറിലെ പെൺകുഞ്ഞുങ്ങളുമനുഭവിച്ച പ്രാണൻ പിടയുമ്പോളുളള വേദന….
മുള ചീന്തുമ്പോലൊരു കരച്ചിൽ അവരിൽ നിന്നുയർന്നത് കേൾക്കാതെ പോവരുത്….മുളന്തണ്ടിന്‍റെ കീറ് അലിഞ്ഞു പോകുമ്പോലെ വേദനകളും സങ്കടങ്ങളും ഉള്ളിലലിഞ്ഞു ചേർന്ന സ്ത്രീകളുടെ വേദനകളെ,സ്ത്രീ സമൂഹം ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണ് ?,അത് ജാതിയുടെ ശ്രേണികൃത മനോഭാവമാണെന്നു കൂടി തിരിച്ചറിയുമ്പോഴാണ്,ദലിത് സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന അനീതികളെപ്പറ്റി മനസ്സിലാകുന്നത്,നീതിയെപ്പറ്റി ചിന്തിക്കാനാവുന്നത്.
ഞങ്ങൾ സ്ത്രികളുടെ ഉള്ളിൽ നിന്നും ഉയരുന്നു മുള ചീന്തുമ്പോലൊരു രോദനം കേൾക്കാനാവണമെങ്കില്‍….അതിന് മാനവികതാബോധം ഉണ്ടാവണം….Mohanan Pc Payyappilly