ഹോ! ഈശ്വരാ! എൻറ പെമ്പ്ര ന്നോരൊരു മന്ദബുദ്ധിയായത് എൻ്റെ ഭാഗ്യം.പെണ്ണുങ്ങളായാൽ ഇങ്ങനെ മന്ദ ബുദ്ധികളാകണം, ഒട്ടും കുറയരുത്.എന്തായാലും ദൈവം അറിഞ്ഞുതന്നെയാണ് ഇങ്ങനെയൊരു പെമ്പ്രന്നോരെ തന്നത്.

ദൈവമേ കൈതൊഴാം…എൻ്റെ ഭാര്യ ഒരു മന്ദബുദ്ധിയാണെന്ന് എനിക്ക് മനസിലായത് എൻ്റെ കല്യാണം നിശ്ചയിച്ചപ്പോഴാണ്. എന്നെ കെട്ടാൻ സമ്മതിച്ചതു തന്നെ അവൾക്ക് ബുദ്ധിയില്ല എന്നതിന് ഒരു ഉത്തമദൃഷ്ടാന്തമാണല്ലോ.ഒട്ടനവധി പെണ്ണുങ്ങൾ എന്നെ കെട്ടേണ്ടി വന്നാൽ കെട്ടിത്തൂങ്ങി ചത്തു കളയുമെന്ന് സ്വരക്ഷകർത്താക്കളോട് പറഞ്ഞിട്ടുള്ളതായി എനിക്കറിയാം.

അതാണല്ലോ എൻ്റെ കല്യാണം നീണ്ടുപോയത്.ഞാനെന്തു പറഞ്ഞാലും അതപ്പടി എൻ്റെ ഭാര്യ വിശ്വസിക്കും. ഒരു സംഭവം ഞാനോർക്കുന്നു ;ഒരു ദിവസം മിസ്സ്.വനജയെയും പുറകിലുരുത്തി എൻ്റെ സൂപ്പർ ബജാജ് സ്കൂട്ടറിൽ ഒരു സിനിമ കാണാൻ പോയി.വനജയെ പുറകിലിരുത്തി കൊണ്ടുള്ള ആ യാത്ര വളരെ ആനന്ദപ്രദമായിരുന്നു, പ്രത്യേകിച്ചും സഡൻ ബ്രേക്കടിക്കുമ്പോൾ …പക്ഷേ വീട്ടിലെത്തിയപ്പോൾ സംഗതിയാകെ മാറി.

പൂമുഖവാതിലിൽ പൂതനെയെ പോലെ നിൽക്കുന്നു ശ്രീമതി!എൻ്റെ ഉള്ളൊന്ന് കാളി!അവൾ ചോദിച്ചു, കടുപ്പത്തോടെ: ഇന്ന് സ്കൂട്ടറിൽ ആരോടൊപ്പമായിരുന്നു സവാരി!എൻ്റെ നെഞ്ച് പടപടാന്ന് ഇടിച്ചു. ഞാൻ യോഗ ചെയ്യുന്നുണ്ട്. അതു കൊണ്ട് മനസിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയും.ശാന്തതയോടെ സംയമനത്തോടെ ഞാൻ പറഞ്ഞു: എൻ്റെ പൊന്നേ, നിന്നെപ്പോലെ ഇത്ര സുന്ദരിയും സുശീലയുമായ ഒരു ഭാര്യ ഉള്ളപ്പോൾഞാനെന്തിനത് ചെയ്യണം?

നല്ല കുതിരയുള്ളപ്പോൾ ആരെങ്കിലും കഴുത പുറത്ത് സഞ്ചരിക്കുമോ?എൻ്റെ ഗുരുവേ! ഞാൻ പറഞ്ഞത് അവളപ്പടി വിശ്വസിച്ചു. ‘ഓ എനിക്കപ്പോഴേ തോന്നി ആ ആനി പുളുവാസടിച്ചതാണെന്ന് ‘ആ എരുമ പറയുന്നത് വിശ്വസിക്കല്ലേ! അവൾ വിഷമാ എലിവിഷം! ഞാൻ അമറി.ആനിയെ എരുമ എന്ന് വിളിച്ചത് ഭാര്യക്ക് നന്നേ രസിച്ചു.മറ്റു പെണ്ണുങ്ങളെ സ്വഭർത്താവ് ആക്ഷേപിക്കുന്നത് ഏതൊരു ഭാര്യക്കും ഇഷ്ടമുള്ള സംഗതിയാണല്ലോ.അന്ന് രാത്രി ഒരു മണിക്കൂർ ഞാൻ കുളിമുറിയിൽ കയറിയിരുന്ന് ചിരിച്ചു. എൻ്റെ സ്വഭാവമതാണ്.

ആരെയെങ്കിലും പറ്റിച്ചാൽ രഹസ്യമായിരുന്ന് ഒരു പാട് ചിരിക്കും.വേറൊരു ദിവസം മിസിസ് .രാമചന്ദ്രൻ്റെ പെയിൻ്റിംഗ്സ് കാണാൻ പോയി. സൂപ്പർ പെയിൻ്റിങ്ങുകളാരുന്നു.അതു കഴിഞ്ഞ് വീട്ടിന് പുറത്തിറങ്ങിയപ്പോൾ എൻ്റെ ദേഹത്താകെ മിസിസ് രാമചന്ദ്രൻ്റെ ദേഹത്തിൻ്റെ വാസനയും അവരുടെ മുഖത്ത് ഒരു കള്ള പുഞ്ചിരിയും!വീട്ടിലെത്തിയപ്പോൾ ഭാര്യ എൻ്റെ ശരീരമാകെ ഒന്ന് ഘ്രാണിച്ചു!ഇന്നെന്താ ഒരു പ്രത്യേക മണം? അവൾ ചോദിച്ചു.

എൻ്റമ്മോ! ഈ മിണ്ടാപ്രാണികൾക്ക് ഒടുക്കത്തെ ഘ്രാണശക്തി തന്നെ!എടീ ഞാനിന്നൊരു തിരക്കുള്ള ബസിൽ കയറി.ഓ! ആകദുർഗന്ധം! ഞാൻ വിക്കി വിക്കി ഒരുമാതിരിയൊരു വിക്കിപീഡിയനായി നിന്ന് കിതച്ചു.പക്ഷേ അവളത് വിശ്വസിച്ചു.മന്ദബുദ്ധി!ഞാനന്നും കുളിമുറിയിൽ കയറി ഒരുപാട് ചിരിച്ചു..!പിന്നെയെത്രയെത്ര തവണ അവളെ പറ്റിച്ചിരിക്കുന്നു.

അതൊക്കെ ഓർത്താൽ ചിരിച്ച് ചിരിച്ച് ചാവും.ഇന്നും വളരെ വൈകി.രാജേന്ദ്രൻ ഇന്ന് രാവിലെ ഡൽഹിക്ക് പോയി. അതു കൊണ്ട് അവൻ്റ ഭാര്യ സിന്ധുവിന് ഒരു കമ്പനി കൊടുത്തു. സിന്ധുവിനും അതൊരു ചെയ്ഞ്ചായെന്ന് തോന്നുന്നു!ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോഴുണ്ട് വീടിന് പുറക് വശത്ത് ഭയങ്കര ഒച്ച കേട്ടു, ആരോ ഓടുന്നത് പോലെ.ഞാൻ ധൈര്യം സംഭരിച്ച് വീടിന് പുറക് വശത്തേക്ക് പാഞ്ഞു. എനിക്കാരെയും കാണാൻ കഴിഞ്ഞില്ല.പക്ഷേ വീടിന് പിറകിലെ വേലി പൊളിഞ്ഞു കിടക്കുന്നതായി കണ്ടു.

ആരാണീവേലി പൊളിച്ചത്? വല്ല കള്ളൻമാരും…? അതോ…?കൂടുതൽ നേരം അവിടെ ഒറ്റക്ക് നിന്നാൽ എനിക്ക് പേടിയാകും. അതു കൊണ്ട് വേഗം ഞാൻ ഭാര്യയെ ഉറക്കെ വിളിച്ചു: എടീ കവിതേ ….ധൃതി പിടിച്ച് അവളിറങ്ങി വന്നു. അവളുടെ മുഖത്ത് പരിഭ്രമം: എന്താ ചേട്ടാ…?എടീ … ആരാ ഇപ്പോഴിവിടെ നിന്നിറങ്ങി ഓടിയത്? ഒരു ഭർത്താവിൻ്റെ ആദി പുരാതനമായ സംശയത്തിൻ്റെ മുള്ള് ഞാനവൾക്ക് നേരെ എറിഞ്ഞു. എന്നിട്ടവളുടെ കണ്ണിലേക്ക് തുറിച്ചു നോക്കി. പെണ്ണിൻ്റെ കള്ളംകണ്ണിലറിയാം …

പക്ഷേ അവളുടെ കണ്ണിൽ ഒരു രണ്ട് രണ്ടര കിലോ നിഷ്കളങ്കതയല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല.’ഓ അത് വല്ല പട്ടിയോ മറ്റോ ആയിരിക്കും’ അവൾ നിസാരമട്ടിൽ പറഞ്ഞു.ഞാൻ ആലോചിച്ചു ‘ഒരു പട്ടിക്ക് വേലി ഇങ്ങനെ മുച്ചൂടും നശിപ്പിക്കാൻ പറ്റുമോ?’ഓ! ഈപ്പാൾ പെണ്ണുങ്ങൾ വിമാനം പറത്തുന്നു, പിന്നാ ഒരു പട്ടിക്ക് ഈ ചെറിയ വേലി ….നാളെ തന്നെ കുറച്ച് വിഷം വാങ്ങി കൊണ്ട് വരാം, എല്ലാ പട്ടികളേം കൊല്ലണം! എന്ന് പറഞ്ഞ് ഞാനാ അധ്യായത്തിന് വിരാമമിട്ടു.അതിനു ശേഷം ഭാര്യ നിർബന്ധിച്ചു വിളമ്പിത്തന്ന ഒന്നരക്കിലോ അരിയുടെ ചോറ് അവളുടെ നിർബന്ധത്തിന് വഴങ്ങി കഴിക്കുന്നു എന്ന നാട്യത്തിൽ വെട്ടി വിഴുങ്ങിയതിനു ശേഷംസുഖകരമായ ഒരു മൂത്രം മുട്ടലിൻ്റെ ലഹരിയിൽ വെളിയിലേക്കിറങ്ങിയപ്പോൾ കുളിമുറിക്കുള്ളിൽ നിന്നും അവളുടെ പൊട്ടിപൊട്ടിയുള്ള ചിരി കേട്ടു .. ..!

😃

ശിവൻമണ്ണയം

By ivayana