തലയിൽകെട്ടിയ പനയോല
തലയിൽ കേറിയ പനയോല
തറയും പറയും പറയുമ്മുന്നേ
തലയിലെഴുത്തിന് പനയോല
തറയിലിരുന്നു പഠിച്ചവർ നാം
വിരലുകൾ മണ്ണിലുരഞ്ഞവർ നാം
പനയോലക്കെട്ടേന്തിയ പഴമകൾ
നുണയാൻ ഭാഗ്യമെഴുന്നവർ നാം
പനയോലയിലായ് നാരായം
ഉരയും കിരുകിരു ശബ്ദത്തിൽ
അക്ഷരമങ്ങനെയേറുമ്പോൾ
പൊട്ടിക്കരയും ബാലകർ നാം
അമ്പലനടയിൽച്ചെന്നിട്ട്
അഞ്ചു പൈസയതിട്ടിട്ട്
ആശാട്ടിയമ്മ മരിക്കാനായ്
നൊന്തുകരഞ്ഞൊരു ബാലൻ ഞാൻ
പനയോലയിലായ് ചൊല്ലിയവ
മഞ്ഞളുതേച്ചു പിടിപ്പിക്കും
തിങ്കൾ ചൊവ്വാ, ബുധനും വ്യാഴോം
വെള്ളീമോർത്തു കരഞ്ഞീടും
അനുജനൊടുത്തു കളിച്ചീടാൻ
തടസ്സം നില്ക്കും പനയോല
അമ്മക്കണ്ണുകൾ കാണാതെ
അടുപ്പിലിട്ടതുമോർക്കുന്നൂ!
ഇപ്പോഴോർമ്മയിലാശാട്ടി,
ഒത്തിരിയൊത്തിരി സേ്നഹവുമായ്
നിന്നു ചിരിക്കും സ്വപ്നത്തിൽ
ഞാനോലയെഴുത്തിനിരുന്നീടും!
എൻ കെ.അജിത്ത് ആനാരി

By ivayana