എത്ര മുതലാളിമാർ തങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംഭാവന ചെയ്തിട്ടുണ്ട്? കേരളമോ അതല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനമോ കേന്ദ്ര ഗവൺമെന്റോ മുതലാളിമാരുടെ അല്ലെങ്കിൽ അതിസമ്പന്നരുടെ സമ്പത്തിൽ ചെറിയൊരു ശതമാനമെങ്കിലും പിടിച്ചെടുക്കാൻ നിയമം പാസ്സാക്കുകയോ ഓർഡിനൻസ് ഇറക്കുകയോ ചെയ്തിട്ടുണ്ടോ? എന്നിട്ടും ഒരു പ്രൈം ടൈം ചാനൽ ചർച്ചയിലും അതൊരു ചർച്ചാ വിഷയമാകാത്തതെന്താണ്? സാമൂഹ്യ മാധ്യമങ്ങളിൽ അതൊരു ചർച്ചയാകാത്തതെന്താണ്?
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതാണല്ലോ ഇപ്പോഴത്തെ ചർച്ചാ വിഷയം. പക്ഷെ ഈ നാട്ടിലെ അതിസമ്പന്നർ കോവിഡിന്റെ പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ സഹായിക്കാൻ എന്ത് സംഭാവനയാണ് നല്കിയതെന്നതും കൂടി വ്യക്തമാകേണ്ടതില്ലേ ? അവരിൽ ഒരാളെങ്കിലും അവരുടെ ഒരു മാസത്തെ വരുമാനം സംഭാവനയായി നൽകിയിട്ടുണ്ടോ? ഒരു മാസത്തെ മുഴുവൻ വേണ്ട, പകുതി പോലും വേണ്ട, ഒരു പത്ത് ശതമാനം വരുമാനമെങ്കിലും അവരിൽ ഒരാളെങ്കിലും നൽകിയതായി അറിയാമോ?
മുതലാളിവർഗ്ഗം എന്നത് യാതൊരു അദ്ധ്വാനവും ചെയ്യാതെ ചൂഷണം മാത്രം തൊഴിലാക്കിയ ഇത്തിക്കണ്ണികളും എന്നിട്ടും സർവ്വ അധ്വാനത്തിന്റെയും ഗുണഫലം ഊറ്റിയെടുക്കുന്നവരുമാണല്ലോ. കോടാനുകോടി സമ്പാദിക്കുന്ന മുതലാളിമാരെപ്പോലെയല്ലല്ലോ തൊഴിലാളികൾ. അവരുടെ അദ്ധ്വാനമില്ലെങ്കിൽ ലോകം നിശ്ചലം. മുതലാളിമാരില്ലെങ്കിൽ നഷ്ടം മുതലാളിമാർക്ക് മാത്രം. എന്നിട്ടും എന്താണ് ഈ ദുരിതകാലത്ത് അവരുടെ വരുമാനം പിടിച്ചെടുക്കണമെന്ന തരത്തിൽ ഒരു അഭിപ്രായ രൂപീകരണം നടക്കാത്തത് ? മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും അത്തരമൊരു ആവശ്യം ശക്തമായി ഉന്നയിക്കാത്തത് ? ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ 57 കോടീശ്വരന്മാരുടെ പക്കലുള്ള സമ്പത്ത് രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം ജനങ്ങളുടെ സമ്പത്തിനു തുല്യമാണ് എന്ന് 2017 ൽ ഓസ്‌ഫാം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഭീകരമായ ഈ അന്തരം ഇപ്പോൾ ഒന്നുകൂടി വർദ്ധിച്ചിരിക്കാനേ തരമുള്ളൂ. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം മനഃപൂർവം തിരിച്ചടക്കാത്തതിനാൽ രാജ്യത്തെ 50 വ്യവസായികളുടെ 68607 വായ്പ എഴുതിത്തള്ളിയ വാർത്ത ഇന്ന് നമ്മൾ വായിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് ഈ ചൂഷകരുടെ സമ്പത്ത് ഒരു പ്രതിസന്ധി കാലത്തുപോലും പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ഒരു ചർച്ചയും ഉയരാത്തത്
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അതിസമ്പന്നരുടെ ആദായനികുതി 40 % ഉയർത്താനും 4 % സെസ് ചുമത്താനുമുള്ള ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞെന്ന് മാത്രമല്ല ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും കേന്ദ്ര സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്.
സർക്കാർ ജീവനക്കാരുടെ വിഷയം നിൽക്കട്ടെ. സർക്കാർ ജീവനക്കാർക്കെതിരെ ഉറഞ്ഞുതുള്ളുന്നവരിൽ എത്രപേർ ഈ രാജ്യത്തെ മനുഷ്യരുടെ ജീവരക്തം ഊറ്റിക്കുടിക്കുന്ന ഈ സമ്പന്ന വർഗ്ഗങ്ങൾക്കെതിരെ ശബ്ദിച്ചിട്ടുണ്ട്…?
…….ചർച്ച ആ വഴിക്ക് വികസിക്കട്ടെ…(Mohanan Pc Payyappilly)