ദുരന്തങ്ങളുടെ കടലിൽ
തുഴഞ്ഞ് തളരുന്നതുകൊണ്ടാകാം
വിശപ്പിന്റെ നഗ്നത
തെരുവോരങ്ങളിൽ അലയുന്നതും
ഇരുട്ടിൽ വിൽക്കപ്പെടുന്നതും
തുന്നിക്കൂട്ടിയ സ്വപ്‌നങ്ങൾ
മണ്ണിടിഞ്ഞു തകർന്നതിനാലാവാം
ഏതു പെരുമഴയിലും
കണ്ണുകൾ നനയാത്തതും
കനൽ കത്തിതെളിയുന്നതും
മധുരംകിനിയുന്ന ഓർമകൾ
പോലുമില്ലാത്തതിനാലാകാം
ഉറുമ്പുകളരിയ്ക്കാത്തതും
തെരുവോര രാത്രികളിൽ
പായ വിരിയ്ക്കാതുറങ്ങുന്നതും
ആകാശത്തിന് അതിരുകൾ
തിരിക്കാത്തതിനാലാവും
പക്ഷികൾ പട്ടിണികിടക്കാത്തതും
പട്ടയം കിട്ടാതെയും
എവിടെയും ചേക്കേറുന്നതും
വഴിമുട്ടുന്ന ചിന്തകളും
വഴിതെറ്റിയ യാത്രകളുമാകാം
ജീവിതത്തെ ഇരുട്ടിലാഴ്ത്തുന്നതും
നിശബ്ദതയുടെ അഗ്ഗാധങ്ങളിൽ
മനസ്സ് വീണുപോകുന്നതും..

വി.ജി മുകുന്ദൻ(vgm)

By ivayana