അങ്ങെനെ അപ്രതീക്ഷിതമാ യൊരു ദിവസം
എന്റെ സിദ്ധാർത്ഥൻ തിരിച്ചു വന്നു..
അവൻ പോയതിൽ പിന്നെ
എന്റെ ഇമകളിൽ നിന്നും പീലികൾ കൊഴിഞ്ഞു പോയിരുന്നു..
തുറന്നു പിടിച്ച വെളിച്ചമോ
ഇരുട്ടോ ഏതാണെന്നറിയില്ല
കണ്ണിലേക്കു തുളഞ്ഞു കയറുക പതിവായിരുന്നു..
പടിക്കപ്പുറം ഒരു നിമിഷത്തിന്റെ ശങ്ക അവനുണ്ടായിക്കാണണം..
പതിവ് പോലെ വാതിൽ പടികൾ
സ്വാഗതം പറയാൻ
മറന്നു പോയിരുന്നു..
ഞാൻ അടുക്കളയിൽ
പല നാളായി വേവിച്ചിട്ടും പാകമാവാത്ത ഒരത്താഴം
വെറുതെ തവിയിട്ടു
ഇളക്കി കൊണ്ടിരുന്നു..
അടുപ്പും ഞാനും കത്തി
ഞാൻ ചാരനിറമുള്ള പകലുകൾ ഉടുത്തു..
സിദ്ധാർത്ഥൻ ബോധിയിലകൾ കൊണ്ട്
അക്ഷമ
പടർത്തി തുടങ്ങി.
അറവുശാല പോലെ വികൃതമായ
എന്റെ ഉടലിനെ
അതിന്റെ വ്യത്യസ്തങ്ങളായ
പേരുകളെ ഞാൻ കൃത്യതയിൽ
ഓർത്തു നോക്കി..
മുറിവുകൾ കൊണ്ട് കഴുകി വെളുപ്പിച്ചു..
അനന്തരം വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.
അവന്റെ ആവശ്യം ഞാൻ മുൻകൂട്ടി കണ്ടു..
വീടിന്റെ മുക്കിലും മൂലയിലും കടുകുമണികൾ പരതാൻ തുടങ്ങി..
നിന്ന നിൽപ്പിൽ സിദ്ധാർത്ഥന്റെ കാലുകൾ ധ്യാനം ഉപേക്ഷിച്ചു..
ഉണ്ടായിരുന്നില്ല എവിടെയും അവനു നൽകാനുള്ള
കടുക് മണികൾ..
തിരിച്ചു പോകാൻ നേരം ഇടവഴിയോളം
അവനെ അനുഗമിച്ചു.. ബുദ്ധനെന്ന പേരിന്
അന്നാദ്യമായി
താങ്ങാൻ വയ്യാത്ത
ഭാരമാണ്
എന്ന്‌ എന്റെ സിദ്ധാർത്ഥൻ എന്നോട് പറഞ്ഞു.
ഒരറവു കാരിയായ ഞാൻ
അത്രയും ഭാരശൂന്യമായതിനെപ്പറ്റി
അവനോട് എങ്ങെനെ പറയാൻ.. വർഷങ്ങൾക്ക് ശേഷം
അന്നത്തെ അത്താഴം
പതിവുകൾ
തെറ്റിച്ചു
എന്റെ പാകത്തിന് രുചിപ്പെട്ടു..
അടുപ്പ് കല്ലുകളിലേക്ക്
ഒരിക്കൽ കൂടി ഞാൻ
തീ ഒഴിച്ച് കൊടുത്തു
എന്നിട്ട്
എന്റെ എന്ന പദത്തിൽ
തണുത്തു കിടന്നു.

By ivayana