നിങ്ങക്കറിയാവോന്നറിയത്തില്ല
തെയ്യാമ്മായിയെ
വീട്ടുമുറ്റത്ത് ,
കാലേ തൊടലിട്ടു കെടക്കുന്ന തെയ്യാമ്മായി
ഇച്ചമ്മച്ചീടേം
കൊച്ചുകുട്ടി മാപ്ളേടേം
ഒൻപത് മക്കളിൽ
രണ്ടാമത്തെ ത്രികോണത്തിൻ്റെ
മധ്യ കോൺ …
മനസിലായോ
അഞ്ചാമത്തേ സന്തതി
പള്ളിക്കു കൊടുത്തേക്കാവെന്ന്
കൊച്ചുകുട്ടി മാപ്ള നേർന്നത് ,
മക്കൾടെണ്ണം
കൈയിലൊതുങ്ങാതങ്ങ്
വളന്നപ്പഴാണ് .
തിന്നേം കുടിക്കേം ഒറങ്ങേം
ചെയ്യുന്നതിന്
കൊഴപ്പമൊന്നുമില്ല
കപ്പയും കാന്താരീം
മുറ്റത്തെറമ്പേ കൂട്ടിയ അടുപ്പേലിട്ട്
തെളപ്പിച്ച വെള്ളോമുണ്ടല്ലോ
പിന്നെ രണ്ടു പായ മതി ഒക്കെത്തിനും കൂടെ
പക്ഷെ ,
അതല്ലല്ലോ പ്രശ്നം
ഓരോന്നിനെയായി കെട്ടിക്കണ്ടേ
ഒള്ളതിലേഴും പെണ്ണുങ്ങളും
ഒന്നിൻ്റെയേലും ഭാരം കൊറഞ്ഞാലത്രേമായില്ലേ !
തെയ്യാമ്മ നേർച്ച കോഴിയായേൻ്റെ
രഹസ്യം മനസ്സിലായോ ?
മക്കളെല്ലാം
കളിയും ചിരിയും പട്ടിണിയും
കുരിശുവരേമായി
വളർന്നങ്ങനെ പോകുമ്പോ
ആ (സു) ദിനം വന്നു
തെയ്യാമ്മ
മoത്തീപ്പോണ ദെവസം
എട്ടെണ്ണോം മൂക്കുപിഴിഞ്ഞും
കണ്ണുതൊടച്ചും കെട്ടിപ്പിടിച്ചേങ്ങലടിച്ചും
തെയ്യാമ്മേ യാത്രയാക്കി
തെയ്യാമ്മയാകട്ടെ ,
നിർവികാരയായി ഇരുമ്പു പെട്ടീമെടുത്ത്
അപ്പൻ്റെ പിന്നാലെ നടന്നു
മoത്തിൽ കളിക്കാൻ സ്ഥലം കാണുവോ?
കൂട്ടുകാര് കാണുവോ ?
പാതിവയറിലും
കളി ചിരി കാണുവോ ?
ഇതൊക്കെയായിരുന്നു
തെയ്യാമ്മേടെ ചിന്തേല്
എടയ്ക്ക് ,
ഒറ്റച്ചവിട്ടിന് അപ്പനെ തോട്ടി തള്ളിയിട്ട്
എങ്ങോട്ടേലും
ഓടിപ്പോയാലോന്നൊരാലോചന
വന്നത്
തെയ്യാമ്മ തൊണ്ട തൊടാതെ
വിഴുങ്ങി
പോയേൻ്റെ മൂന്നാംമാസം
തെയ്യാമ്മ തിരിച്ചു വരുമ്പം
കാലേ തൊടലുണ്ടായിരുന്ന്
പള്ളീന്ന് വിളിപ്പിച്ച് ,
കൊച്ചുകുട്ടിയെ വികാരിയച്ചൻ
ഒത്തിരി വഴക്കു പറഞ്ഞു
പ്രാന്തു പിടിച്ചേനെയല്ല ,
പള്ളിക്ക് കൊടുക്കേണ്ടതെന്ന് .
കൊച്ചുകുട്ടി ഒന്നും മിണ്ടിയില്ല
മൂന്നാംപക്കം
കൊച്ചുകുട്ടിയെ പട്ടണത്തിലെ
ഏതോ ലോഡ്ജിൽ
തൂങ്ങിച്ചത്ത നിലയിൽ
പത്രങ്ങൾ ആഘോഷിച്ചു
ഇച്ചമ്മച്ചി
തെയ്യാമ്മയോട് മിണ്ടാതെയായി
പിന്നെ പിന്നെ ആരോടും
മിണ്ടാറില്ലെന്നായി
തെയ്യാമ്മ മാത്രം ഒന്നുമറിഞ്ഞില്ല
തൊടലേക്കെടന്ന് ,
ഞങ്ങള് പിള്ളേരെ
ചിരിച്ചു കാണിച്ചു
അച്ചന്മാരേം കന്യാസ്രീകളേം മാത്രം
കാണുമ്പ പ്രാന്തെളകി…
രക്ഷിക്കണേന്ന് വിളിച്ചുകൂവി
അങ്ങനെ കെടന്ന് മരിച്ച തെയ്യാമ്മായി?
നിങ്ങളറിയത്തില്ലാന്ന് തോന്നുന്നു
ഇല്ല ,
നിങ്ങളാരും ഒരിക്കലും
തെയ്യാമ്മായിയെ അറിയത്തില്ല
✍️വൈഗ