പൂവിലേക്കു
തനിയെ പരിണമിക്കുന്ന നിറവൈവിധ്യങ്ങൾ
വേർപെടുത്തിനോക്കൂ…
കലർപ്പില്ലാത്ത ഒന്നിലേക്കത്
വികസിക്കുന്നത് കാണാം.
വേരിൽ നിങ്ങൾ അമ്പത്തൊന്നിനം
വളങ്ങൾ ചേർത്തോളൂ…
പക്ഷെ കൂമ്പിൽ
വിഷംകലർത്തരുത്..
അതിൽ ചില ചില്ലക്ഷരങ്ങൾ
മാരകമായ സാംക്രമികരോഗങ്ങളുടെ
വൈറസ് വാഹകരാണ്..
അത് പരാഗണം ചെയ്യപ്പെടും.
കാടുകൾ ദ്രവിക്കും..
അശാന്തമായ പുഴകളെ
കടൽ റദ്ദുചെയ്യും..
സൂര്യൻ വെളിച്ചംമടക്കിവെച്ച്
രാത്രിക്ക് കൂട്ടുകിടക്കും..
ദഹനപ്രക്രിയകളിൽ
മാറ്റംസംഭവിച്ച ശലഭങ്ങൾ
വിശപ്പുപേക്ഷിച്ചു പ്യൂപ്പകളിൽനിന്നിറങ്ങാതെയാവും..
കൂട്ടത്തോടെ
ആത്മഹത്യചെയ്ത
മൊട്ടുകൾക്ക്
പൊടുന്നനെയൊരു മിന്നാമിനുങ്ങ്
ചിതകത്തിച്ച്
അകാലചരമം പ്രാപിക്കും ..
ആ ഇരുട്ടത്ത്…
ഒരുതരിവെളിച്ചംതേടി നിങ്ങളലയും.
അപ്പോഴാവും
കരയിലേക്കൊരു കടലുണരുക.

By ivayana