ഇനിയുമേറെ പഠിക്കുവാനുണ്ട്.
താളുകളിനിയും മറിക്കുവാനുണ്ട്.
ഒരിക്കൽ പഠിച്ചവ, മറന്നു വെച്ചവ
ഒരുവട്ടം കൂടി ഉരുവിട്ടു നോക്കണം
കൂട്ടിക്കിഴിക്കലും ഗുണനഹരണവും
ഒരിക്കലും ചേരാകണക്കുകൾ ചേരവെ
ശിഷ്ടങ്ങളെന്നും ശൂന്യമായ് മാറും
മാന്ത്രിക ഗണിതവുമറിയുവാനുണ്ട്
ബന്ധങ്ങള്‍ ദൃഢമാകാൻ ഭാഷയറിയണം
വാക്കുകള്‍ മുറിവുകള്‍ തീർക്കുമതറിയണം
നല്ല മൊഴികള്‍ കേട്ടു പഠിക്കണം
അക്ഷരത്തെറ്റുകൾ വരുത്താതെ നോക്കണം
മുൻപേ നടന്നവര്‍ കോറിയ ചിന്തുകൾ
ചരിത്രമായ സംസ്ക്കാരചിത്തങ്ങൾ
നേർവഴിയറിയുവാൻ മനഃപാഠമാക്കണം
അടിത്തെറ്റിയാലവ കൈത്താങ്ങാകണം
വഴിവിളക്കിന്നോരത്ത് ചൊല്ലിപ്പഠിക്കണം
വഴികാട്ടുമനുഭവങ്ങളോർത്തുവെക്കണം
വീഴ്ചകൾ മറക്കണം, തെറ്റുകള്‍ തിരുത്തണം
പടവുകളോരോന്നായ് ചവിട്ടിക്കയറണം
ചോദ്യങ്ങളോരോന്നായ് കാലങ്ങള്‍ നീട്ടുമ്പോൾ
ചുണ്ടിലെപ്പുഞ്ചിരി മായാതെ കാക്കണം
ജിത്തുവെന്മേനാട്