സന്യാസിയാവുക യഥാവിധിസ്നാനശേഷം
വന്നെൻ്റെ മുന്നിൽ ഗരുഡാസനനായിരിയ്ക്കൂ
ശ്രാദ്ധം മുടിച്ചുപവസിക്കുക ,സന്ധ്യയായാൽ
വീണ്ടുംജപിച്ചു,വിരജാഹവനം നടത്തൂ
ശേഷം കിഴക്കുമുഖമായി തപസ്സിരിക്കൂ
നിർനിദ്രനായിരവതിൽ നിരപായമോടെ
ഏഴെട്ടുനാഴിക പുലർച്ചെ സ്വദേഹദ്രവ്യം
പൊളളാതെകാച്ചിയതിനേകുക സ്നാനകർമ്മം *
ഗായത്രിമന്ത്രമതു വ്യാഹൃതിതന്നിലാക്കി
ഓങ്കാരമാക്കിമനതാരുമൊതുക്കിടൂ നീ
മന്ത്രങ്ങളൊക്കെ മതിയാക്കിയവബോധമായി
വസ്ത്രങ്ങൾ പൂണൂലുമഴിച്ചുജലത്തിനേകൂ
നൂൽബന്ധമറ്റുരുവിടാതവധൂതനായി
മുങ്ങിക്കരേറിയരികത്തു വരൂ തരാം ഞാൻ
സന്ന്യാസദീക്ഷയവിടുന്നതിനായൊരുങ്ങൂ
ത്യാഗാർത്ഥമാണു മകനേ തവജന്മദൗത്യം
എല്ലാം ത്യജിച്ചു ശിഖ കൂടി കളഞ്ഞു മുങ്ങി
പൊങ്ങുന്നിതാപരമഹംസ സമാധിപുൽകാൻ
നൽകുന്നു കാവി;യൊരു ദണ്ഡുമതോടു കൂടി
വീഴുന്നവൻ ഗുരുവരവരൻ്റ പദാംബുജത്തിൽ
ശ്രീരാമകൃഷ്ണപുരിയെന്നൊരു നാമധേയം
നൽകുന്നു;തത്വമസിയാ മുപദേശവാക്യം.
കർണ്ണത്തിലായതു പതിച്ചനുഭൂതിയായി
പ്രജ്ഞാനമേകമയമാത്മനിജാവബോധം
വേദാന്തവാക്യമനനം സവിശേഷമായി
ഓങ്കാരമന്ത്രജപമാണതിനായിരിക്കേ
ദേശങ്ങളറ്റപരിമേയമനന്തശക്തി
കാലങ്ങളില്ലവികലം പരിപൂർണ്ണശാന്തി.
ജന്മങ്ങളായി മനതാരിലടിഞ്ഞുവന്ന
സങ്കൽപ്പനങ്ങളവയൊക്കെയെരിഞ്ഞടങ്ങീ
ഞാനെന്നൊരുണ്മയതിലേക്കനുയാത്രചെയ്കേ
കാണുന്നതൊക്കെ ഭവതാരിണിയായിടുന്നൂ
“ആവുന്നതില്ലയതിനപ്പുറമെത്തിടാനായ്
ആകൽപ്പിതങ്ങളവളും
പലരൂപമോടേ
മുന്നിൽ നിറഞ്ഞു വിളയാടി തടഞ്ഞു മാർഗ്ഗം
ഇല്ലായെനിക്കു കഴിയില്ല മറന്നിരിക്കാൻ “
“ധിക്കാരമാണ് ! പരമാർത്ഥമതല്ല വീണ്ടും
ധ്യാനിയ്ക്ക രൂപരഹിതം
സഹജാവബോധം
ദൈവങ്ങളൊക്കെയൊരു ചിന്തയതീതമാകൂ
അദ്വൈതമെന്ന നിലയെത്തുക തന്നെ വേണം”
വീണ്ടും ശ്രമിച്ചുപലവട്ടമതൊക്കെതോൽവി
തോതാപുരിക്കുസഹിയാതെയവൻ്റെ ഭ്രൂവിൽ
കുത്തുന്നു മൂർച്ചയതു വേദനയായിടുമ്പോ
ളാബിന്ദുവിൽ പതിയെ ശ്രദ്ധയുണർന്നിടുന്നു
” ജ്ഞാനത്തിനാലെ തളിയിച്ചൊരു വാളെടുക്കൂ
സങ്കൽപ്പബിംബമതു വെട്ടിമുറിച്ചു വീഴ്ത്തൂ”
വെട്ടുന്നവന്നൊടുവിലാ
പരികൽപ്പനത്തെ
രൂപങ്ങളായപലനാമമതും തകർന്നു.
അമ്മിഞ്ഞയുണ്ടതിരുമാറുപിളർന്നിരിപ്പൂ
കെട്ടിപ്പിടിച്ചയുടലംബരമായിടുന്നൂ
ബ്രഹ്മാനുഭൂതിതികവൊത്തവതീർണ്ണമായി
സ്വച്ഛന്ദകാളിഘനശൂന്യത പൂർണ്ണമുണ്മ!
ശേഷം വിശാല ഗഗനോപമശാന്തി മാത്രം
സങ്കൽപ്പമില്ലയനുഭൂതിയവാച്യഭംഗി
ആനന്ദലീനനിവിടേവിലയിച്ചിരുന്നൂ
ഞാനെന്നജ്ഞാനമമരം
പരിപൂർണ്ണമായി.


സുദേവ്.ബി….ഭവതാരിണി .. 28

  • ഏഴു നാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റ് കാലുകഴുകിയാചമിച്ച് പടിഞ്ഞാറ് കിഴക്ക് തിരിഞ്ഞിരുന്ന്
    സർവ്വയോഗിനിയായിരിക്കുന്ന പ്രത്യഗാത്മാരണിയിങ്കൽ സർവ്വകർമ്മാംഗമായിരിക്കുന്ന അഗ്നിയെ ഹൃദയത്തുങ്കൽ ആരോ ഹന്നായിയിട്ട് ഹൃദയം കൊണ്ട് രോമം കരിയാതെ ജ്വാലമേൽ കാച്ചൂ – ക്രിയാരത്നമാല –

By ivayana