ജീവിച്ചൊട്ടുമേകൊതിതീർന്നില്ല
തീരില്ലിവിടമൊരുമോഹവലയം!
പണിതീരുംമുമ്പിട്ടേച്ചുപോന്നു ഞാൻ
പണിപ്പുരയാം കാവ്യസമുച്ചയം!
ജീവിതമജ്ഞാതമനിശ്ചിതം
തിരോഭാവം സുനിശ്ചിതം!
മൃത്യുവിലുമതിജീവനകാരകം
മർത്ത്യാ! നിൻ സൽക്കർമ്മം!
ഉടവാളണിയിച്ചതും
മടുപ്പിച്ചതുവിൽപ്പിച്ചതും
മണിവീണവാങ്ങിയുരുക്കി
പൊൻതൂലികതീർത്തതും
സമരത്തീനാളങ്ങൾ നൃത്തമാടും
സർഗ്ഗഗീതികൾ പാടിച്ചതും കൈരളി!!
കൈരളിതന്നക്ഷരജാലകങ്ങൾ
തുറന്നെനിക്കായ്
ശൈലസാനുക്കളിൽ ചേക്കേറി
സാഹിതീസാഗരങ്ങൾ
നീന്തിത്തുടിച്ചെൻമനമൊരു‐
ദേശാടനപ്പക്ഷിപോൽ!
സ്വർഗ്ഗീയമാം സർഗ്ഗാമൃതം
നുകർന്നീയക്ഷരക്കളരിയിൽ!
ചൂഷണങ്ങളതിഭീഷണ‐
മാക്കിയെൻ ദർശനം
കുഞ്ഞായിഷമാർക്കായ്
കുചേലകുഞ്ഞന്മാർക്കുമാ‐
യുഴറിയെൻമനം!
ഈശ്വരൻ ജനിക്കുംമുമ്പെന്നോ
വിശ്വം ധന്യമാക്കിയ പ്രണയത്തിൻ
ജനിതകം തിരഞ്ഞെൻ കാവ്യസപര്യകൾ!!
വെള്ളിത്തിരയ്ക്കിവൻ കവിതയാം ദേവിയെ
വെള്ളിക്കാശിനൊറ്റിയെന്നോതിനാർ!
കവിതയാണെൻഗീതികളെന്നുമൽ
കവിമനം വിങ്ങിവിതുമ്പിയതോർപ്പു ഞാൻ!
മൽസ്വർഗ്ഗസങ്കൽപ്പങ്ങളത്രയും
മണ്ണടിഞ്ഞെന്നുതോന്നിയവേളയിൽ
നൊന്തുപോയെൻമനം
കനലരിക്കയോ ഉറുമ്പുകൾ?
അന്തിച്ചുപോയ് ചിത്തേ ചിന്തകൾ!
മൽക്കവിതയിൽ ശാശ്വതമൂല്ല്യം
തിരഞ്ഞുപോൽ കരകൗശലപണ്ധിതർ
അവരും നോക്കുകുത്തിയായ്
അശ്വമേധം തുടർന്നെൻ കവിതകൾ!!
നല്ലവാക്കീജനമോതുവാൻ
ഇല്ലമരണംപോൽ വരില്ലൊരവസ്ഥയും
ചത്തുവിറങ്ങലിച്ച കാതുകൾതുറ‐
ന്നെത്തില്ലപദാനങ്ങളെന്നതേ ദുഃഖം!
ഞാറ്റുവേലയ്ക്ക് തീക്കുടചൂടിയെന്തിന്
കാറ്റുംകോളുമായെത്തി
പെരുമഴക്കാലമേ…?

By ivayana