ഒരു ദിവസത്തെ
അവധി കിട്ടാൻ ആർക്ക്,
അപേക്ഷ സമർപ്പിക്കണം
എന്നറിയാതെ സ്വർഗത്തിൽ
ഉലാത്തുകയായിരുന്നു
ഇപ്പോഴത്തെ ദൈവം
അദ്ദേഹം
ദൈവം ഒന്നാമന്റെ
അന്നത്തെ ഡയറിയെടുത്ത്
സസൂക്ഷ്മം വീക്ഷിക്കുന്നു
ഏഴാമത്തെ ദിവസം
ശരിക്കും വിശ്രമിച്ചതായി
അതിൽ രേഖപ്പെടുത്തിയത്
പതുക്കെ വായിക്കുന്നു.
പിന്നെയും
ഏടുകൾ മറിയ്ക്കുമ്പോൾ
മുഖ്യ ചെകുത്താനോട്
ഒരു അന്തിസൽക്കാരം
വാഗ്ദാനം ചെയ്ത്
ഇരുവരും ഒന്നിച്ചിരുന്ന്
വെള്ളം വീഞ്ഞാക്കി
ഉപചാരം ചെയ്ത്
പാനം ചെയ്തത്…..
“പ്രേരിപ്പിക്കണം
അവളെക്കൊണ്ട്
അവനെ, ആപ്പിൾ
തീറ്റിക്കണം…. !”
അങ്ങനെയൊരു കരാറിൽ
അവർ പരസ്പരം
ഒപ്പ് വച്ചത് !
[ഒരു മിസ്സിസ് ദൈവം
ആദിമുതലേ
ഇല്ലാതിരുന്നതിന്റെ
പക പോക്കിയത്
അങ്ങനെയൊക്കെ
ആയിരിക്കണം ]
ഇപ്പോൾ ദൈവത്തിന്
ഖേദപൂർവ്വം, ഇങ്ങനെ
മനസ്സിലായിക്കാണും.,
വിശ്രമം ഇല്ലാത്ത
ഒരേതരം ജീവിതം
തന്നെയാണ്, ആൺ
ദൈവത്തിന്റേതെന്ന് !!
മാത്യു വർഗീസ്