‘ആയിഷ’ ആദ്യമെത്തുന്നത് വി.സാംബശിവന്റെ ഘനഗംഭീര ശബ്ദത്തിലാണ്.കഥനവും ഗാനവും ഇടചേർത്ത് ഇരുത്തം വന്ന പിന്നണിയുടേയും പിൻ പാട്ടിന്റെയും ബലത്തിൽ.’ വയലാറിന്റെ ആയിഷ’!! കൊല്ലം ഇളമ്പള്ളൂർ ദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ (വർഷം കൃത്യമായോർമ്മയില്ല)എട്ടാം ദിവസം.

”മഞ്ഞപ്പുള്ളികളുള്ള നീല ജായ്ക്കറ്റും നീളെ
തൊങ്ങലു തുന്നിച്ചേർത്ത പാവാടച്ചുറ്റും
കൈകളിൽ പൊട്ടിപ്പൊട്ടിച്ചിരിക്കും വളകളും
കൈതപ്പൂ തിരുകിയ ചുരുളൻ മുടിക്കെട്ടും
പുഞ്ചിരിയടരാത്ത മുഖവും തേനൂറുന്ന
കൊഞ്ചലും മറക്കുമോ നിങ്ങളെന്നായിഷയെ”

എന്ന വരികളാണ് മനസ്സിൽ ആദ്യം നന്നായിത്തറച്ചത്.ശ്രദ്ധയോടെ കേട്ടിരുന്നു.’ആയിഷ’അടരടരുകളായി അടുത്തു വന്നു കൊണ്ടിരുന്നു

”അദ്രുമാൻ കൈ ചൂണ്ടിക്കൊണ്ടലറും പെണ്ണേ നിന്നെ
കത്തി കൊണ്ടരിഞ്ഞു ഞാൻ കടയിൽക്കെട്ടിത്തൂക്കും”

എന്നു കേട്ടത് ഞെട്ടലോടയാണ്.’ആയിഷ’ ഖണ്ഡ കാവ്യമാണെന്നൊന്നും അന്നറിയില്ല.ആകെയറിയുന്നത് ”സാംബന്റയിഷ”യെന്ന നാട്ടു വർത്തമാനം മാത്രം .’ആയിഷ’ വായനയുടെ വഴിയേ വന്നത് പിന്നെയും കാലങ്ങൾ കഴിഞ്ഞാണ്.’മുളങ്കാടാ’ണ് ആദ്യം വായിച്ച വയലാർ കൃതി.എങ്കിലും ഉണ്മയുടെ യഥാർത്ഥ പൊടി നെഞ്ചിൽ പൂശിയത് ‘ആയിഷ’ തന്നെയാണ്.വായനയിൽ ആ കാവ്യ സുന്ദരി കടന്നുപോയത് ഒരു മനോഹര ചലച്ചിത്രം പോലെയാണ്.യാഥാർത്ഥ്യ സ്വഭാവം പ്രകടമാക്കുന്ന ഒരു സാമൂഹ്യ വിഷയത്തിന്റെ കാല്പനിക ഭാവാർദ്രമായ ദൃശ്യവത്കൃത ഭാഷയാണ് ‘ആയിഷ’യുടെ ഏറ്റവും വലിയ ചാരുത.

”പ്രേതത്തിൻ വിളറിയ ചിരിപോൽ പല്ലും കാട്ടി
പാതിരാ മരവിച്ചു വീണ പാതയിലൂടെ
ആടിക്കാറുകൾ മാനത്തായിരം നീലപ്പഞ്ഞിക്കാടുകൾ
പറന്നു പോലലയും പ്രഭാതത്തിൽ .

ഇരുളിൻ കരിമ്പടക്കെട്ടിന്നു തീ കത്തിക്കാൻ
പിടയും പുലരി തൻ ചോരക്കുഞ്ഞിനെ നോക്കി
കൂരിരുൾക്കരടികൾ പ്രസവപ്പുരയ്ക്കുള്ളിൽ
കേറിയാ തുടു മാംസം കടിച്ചു കീറിക്കാണും”

എന്നിങ്ങനെ പ്രാരംഭ ഘട്ടത്തിൽ തന്നെ വയലാർ ‘ആയിഷ’യുടെ വായനാ പ്രതലത്തിലേയ്ക്ക് വലിച്ചിറക്കിയെന്നതാണ് സത്യം.തീർത്തും സാധാരണക്കാരിയും അതിലേറെ പ്രായം തീരെക്കുറഞ്ഞവളുമായ ഒരു പാവം മുസ്ലീം പെൺ കുട്ടിയുടെ ജീവിതത്തിൽ വിധി വൈപരീത്യങ്ങളുണ്ടാക്കുന്ന സംഭവങ്ങളുടെ നേർ ചിത്ര പ്രദർശനം.വരച്ചു ചേർക്കുന്നത് ഒരിക്കലും വിധി വിശ്വാസിയല്ലാത്തൊരു കവി.!! മലയാളക്കരയിലെ ചില സമകാലിക സംഭവങ്ങൾക്കു നേരേ തുറന്നു പിടിച്ച കണ്ണാടിയായാണ് ‘ആയിഷ’യിന്നു നിൽക്കുന്നത്.സഹിഷ്ണുതയും സഹവർത്തിത്വവും അതിന്റെ എല്ലാ പൂർണതയിലും വേരോടിയിരുന്ന ഒരു കാലത്തിന്റെ സമൂഹ പരിസരമാണിതിൽ പ്രതിഫലിക്കുന്നത്. മതം മനുഷ്യനെ മറയ്ക്കാതിരുന്നൊരു കാലം.!! അന്നത്തെ സാഹചര്യങ്ങൾ ഇന്നത്തെ സാഹചര്യങ്ങളുമായി ചേർത്തു വായിക്കുകയെന്നത് തന്നെ ശ്രമകരമായൊരു ദൗത്യം തന്നെയാണ്. അത്രയേറെ പ്രതിലോമകരമാണിന്നത്തെയവസ്ഥയെന്നിരിക്കിലും,വയലാർ രാമവർമ്മയെന്ന കവി തന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പരിപൂർണ്ണ വിജയം കണ്ടെത്തിയ കൃതിയായിത്തന്നെയാണ് ‘ആയിഷ’ വായിക്കപ്പെട്ടതും വായിക്കപ്പെടുന്നതും.നിരാലംബരുടേയും നിസ്വരുടേയും അടഞ്ഞു പോയ ശബ്ദങ്ങളെ പുറത്തെടുക്കാൻ സ്വന്തം തൂലികത്തുമ്പിൽ നട്ടെല്ലുള്ള നാവു പണിഞ്ഞു വച്ച കവിയാണ് വയലാർ.

”ആയിഷ നാടിൻ രോമാഞ്ചങ്ങൾ നീലക്കാടിന്നാ-
യിടെക്കയ്യിൽ വന്ന മഞ്ഞത്തുമ്പിയെപ്പോലെ ”
ആയിഷയെന്ന നായിക വയലാറിന്റെ മാനസ പുത്രിയാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ടാണ് കാവ്യത്തിൽ നിറയുന്നത്.

പരിവർത്തന ഘട്ടങ്ങൾ മനുഷ്യ ജീവിതത്തിലുണ്ടാക്കുന്ന ഏറ്റക്കുറിച്ചിലുകളാണ് ‘ആയിഷ’യെന്ന ഖണ്ഡ കാവ്യത്തിന്റെ ആത്മാവ്.”ഉമ്മകൾ വിരിയുന്ന ചുണ്ടുമായ് ” പതിവായി ഉമ്മറത്തെത്തുന്ന കൊച്ചു പാലു വില്പനക്കാരിയുടെ ജീവിത കഥ വിടരുകയാണിതിൽ. കൗമാരം കടക്കാത്ത അവൾ എന്നും കവിക്ക് കൗതുകമാണ്. അവളുടെ ചിരിയും കൊഞ്ചലും കുഞ്ഞു ദേഷ്യങ്ങളുമെല്ലാം പുത്രീ സഹജമായ വാത്സല്യത്തോടെ കാണുന്ന ഒരാൾ.എന്നും അവളെക്കണ്ടുകൊണ്ടേ യിരുന്നു.കുറേ ദിവസങ്ങൾ പിന്നിട്ടപ്പോൾ അവളുടെ വരവില്ലാതെയായി. പല തരത്തിലുള്ള അന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹം ആ സത്യം ഞെട്ടലോടെ തിരിച്ചറിയുന്നു. ആ പിഞ്ചു കുഞ്ഞിന്റെ വിവാഹം കഴിഞ്ഞു എന്ന സത്യം.കേവലമായൊരു വിഷാദമല്ല ആ അറിവ് കവിയുണ്ടാക്കിയത്.അതി കഠിനമായ മനോ വ്യഥയായാണ് അത് മാറിയത്.

”ആയിഷ വിതുമ്പിയാൽ വയ്യെനിക്കോർമ്മിക്കുവാൻ
ആയിളം കിളിയുടെ ചേതന ചിലമ്പിയാലെ”ന്ന് തുറന്നു പറഞ്ഞിട്ടുമുണ്ട്.”മാനവ മോചന രണാങ്കണത്തിൻ മയൂര സന്ദേശ” മെഴുതിയ ഒരു കവിക്കും ആ കവിക്കുള്ളിലെ പച്ചമനുഷ്യനും അതിനുള്ളിലെ ക്ഷിപ്ര പ്രതികരണ ശേഷിക്കും നിശബ്ദനാകാൻ കഴിയാത്ത ഒരു നെറികേടിനെതിരെയുള്ള വാങ്മയ ചിത്രങ്ങളാണ് ‘ആയിഷ’യിൽ നിരക്കുന്നത്.

”ആയിഷയുടെ കഥ കേൾക്കണോ നിങ്ങൾക്കെന്റെ
വായനക്കാരേ ഞാനും നിങ്ങളും ഞെട്ടിപ്പോകും.”

കവി,കാവ്യത്തിൽ പ്രത്യക്ഷത്തിലിടപെടുന്ന കാഴ്ചയാണിത്.ആയിടപെടലിന് സുവ്യക്തമായൊരു ലക്ഷ്യവുമുണ്ട്.ആയിഷയുടെ വിവാഹാനന്തര ജീവിതത്തിലേയ്ക്കുള്ള നടത്തമാണത്.അച്ഛനാൽ കൊല്ലപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്ന അമ്മയുടെ നഷ്ടം മൂലം ബാല്യത്തിലേ നുറുങ്ങിപ്പോയതാണ് ആയിഷയുടെ മനസ്സ്.ക്രൂരതയുടെ മൂർത്തീരൂപമായ അച്ഛൻ.ആയിഷയ്ക്കെന്നും പേടിയുടേത് മാത്രമായിരുന്നു ആ ബിംബം. അതിനെ അതിന്റെ എല്ലാ അർത്ഥത്തിലും ഭാവത്തിലും തന്നെയാണ് കവി കോറി വയ്ക്കുന്നത്.

”വക്കത്തു നിണം വാർന്നു തുളുമ്പും മാംസം
കണ്ടിച്ചൊക്കെയും കടയുടെ മുഖത്ത് കെട്ടിത്തൂക്കി
വെട്ടുകത്തിയുമായി കണ്ണുകൾ ചുവപ്പിച്ചാ
ചട്ടുകാലനാം വൃദ്ധൻ ഇരിക്കും നഗരത്തിൽ.”

അദ്രുമാന്റെ പ്രകൃതവും സ്വഭാവവും വരയ്ക്കുന്നതോടൊപ്പം;

”മുഖത്തു വസൂരിക്കുത്തുഗ്രമാം വൈരൂപ്യത്തിൻ
മുഴുപ്പെത്തിയതാണാ മാംസ വില്പനക്കാരൻ” എന്നുകൂടിപ്പറഞ്ഞാണ് അദ്രുമാനെ വായനക്കാരന്റെ മുന്നിലെത്തിക്കുന്നത്.ഭർതൃ ഗൃഹമായിരുന്നു ആയിഷയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാരാഗൃഹം.ഒന്നിലധികം ഭാര്യമാരുള്ള ഒരു വിട കേസരിയുടെ കൈകളിൽ ഞെരിഞ്ഞമരുകയായിരുന്നവൾ.ജീവിതത്തിലെ യഥാർത്ഥ യാതന.അത് കവിയുടേയും വായനക്കാരന്റെയും വേദനയായി മാറുന്നു.കവി പറഞ്ഞു;

”ആയിളം കിളിയെത്ര ചിറകിട്ടടിച്ചാലും
ആയിരുമ്പഴികളെത്തകർക്കാൻ കഴിയീല”.

കവിതാ സ്വഭാവം കൊണ്ടും കവിത്വ സിദ്ധി കൊണ്ടും ആഖ്യാന പാടവത്തിലെ ചടുലതകൊണ്ടും മലയാള ഖണ്ഡ കാവ്യ പ്രസ്ഥാനത്തിന് മുതൽക്കൂട്ടുതന്നെയാണ് ‘ആയിഷ’. മൊഴി ചൊല്ലൽ കേട്ട് പുറത്തിറങ്ങിയ ആയിഷ വന്നു വീണ ലോകം വിസ്തൃതമായിരുന്നു.അതുവരെക്കണ്ടതിൽ വച്ചേറ്റവും വിഭിന്നവും.

”പുത്തരിയല്ലീ നാട്ടിൽ മോഷണം വ്യഭിചാരം
പട്ടിണി മരണങ്ങൾ തൊഴിലില്ലൊരുത്തനും”

ഈ അവസ്ഥയിലാണ് വയറ്റിൽ കനിയുമായി അവൾ നിൽക്കുന്നത്.സമൂഹത്തിനൊരു പരിഹാസ പാത്രം കൂടിയായി.വിശപ്പു വെറും വിരുന്നുകാരനായിരുന്നില്ലവൾക്ക് സന്തത സഹചാരി തന്നെയായിരുന്നു. ഒടുവിലവൾക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചറിവ്;

”കാലണ കിട്ടില്ല പാത്രം മയക്കിയാൽ
നാലണ കിട്ടും കടക്കണ്ണനക്കിയാൽ” എന്നതായിരുന്നു.അങ്ങനെയവൾ കെട്ട കാലത്തിന്റെ വട്ടകകളിൽനിന്ന് വഴി പിഴച്ച ജീവിതത്തിലൂടെ തിരിച്ചുപിടിക്കുന്ന ജീവിതത്തിൽ നിവർന്നു നിൽക്കുന്നു.

By ivayana