ആകാശത്തിന്
അടിയിലായ്
രാജ്യത്തിന്
വസിച്ചിടാൻ
കാറ്റെടുക്കാത്ത
മഴ കുതിർക്കാത്ത
മാംസ ദാഹികൾ
എത്തി നോക്കാത്ത
ഒരു മേൽക്കൂര
പണിയണം..
മുട്ടുപൊക്കിളി –
നിടയിലെങ്കിലും
നഗ്നത മറയുമാറുള്ള
ഉടയാട തയ്പിക്കാൻ
വലിപ്പമുള്ള
ഒരു പഴന്തുണിയെങ്കിലും
നാളെ രാജ്യത്തിനായ്
വാങ്ങണം..
കുഞ്ഞുങ്ങളുറങ്ങാൻ
പാതിരാത്രി വരെ
കഞ്ഞിക്കലത്തിൽ
കയിലിട്ടിളക്കുന്ന
അമ്മമാർക്കായ്
രാജ്യത്തിൻ്റെ വിരിമാറിൽ
ഒരു നാഴി
വിത്തിറക്കണം..
മനുഷ്യത്വത്തിന്
പൊള്ളുന്ന വിലയുള്ള
ഗ്രാമ ചന്തകൾ
രാജ്യത്തുടനീളം
സ്ഥാപിക്കണം..
അങ്ങനെ
അന്തി നേരത്തെങ്കിലും
രാജ്യമൊന്ന്
തല ചായ്ക്കണം..
നാലാളുകൾക്കിടയിലെങ്കിലും
നാണം മറച്ചു
നടക്കണം..
ഒരു നേരമെങ്കിലും
വിശപ്പിൻ വിലാപം
നിലക്കണം..
മനുഷ്യത്വത്തിനു മേൽ
കെട്ട കൈകൾ
വീഴാതിരിക്കണം..
സ്വപ്നങ്ങളുമായി
നടന്നു നീങ്ങുമ്പോഴാണ്
ഗാന്ധിയിൽ ചിലർ
തങ്ങളുടെ സ്വപ്നങ്ങൾ
നടപ്പാക്കിയത്..
മൽപിടുത്തത്തിലന്ന്
വീണു ചിതറിയ
സ്വപ്ന ശകലങ്ങളെ
തെരഞ്ഞു പിടിച്ചു
മറവു ചെയ്യുന്ന
തിരക്കിലാണിന്ന്
ഗാന്ധി ഘാതകർ..
സെയ്തലവി വിയൂർ