കാലത്തിൻ്റെ പോക്കുകളിൽ കവിതയും അകപ്പെടുന്നുണ്ട്. അതുമൂലമുള്ള മാറ്റങ്ങൾ അനുനിമിഷം കവിത പ്രകടമാക്കുന്നുമുണ്ട്.സാങ്കേതികമായ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ തന്നെ പ്രകടിപ്പിക്കുമ്പോഴും കവിത അതിൻ്റെ സ്ഥായിയിൽ നിന്നും അണുവിട വ്യതിചലിക്കുന്നില്ല.വ്യക്തിഗതയ്ക്കും ആത്മഭാഷണത്തിനുമൊക്കെ ഇപ്പോഴുമത് മികച്ച സ്ഥാനം നൽകുന്നുണ്ട് .ശ്രീമതി. ആഞ്ജലാ ലോപ്പസിൻ്റെ ‘വീണ്ടും കാണുമെന്നതിൽ സന്ദേഹമൊട്ടുമില്ല എന്ന കവിത സ്നേഹത്തിൻ്റെ ഒരു വൃത്താന്ത രൂപമാണ് കാട്ടിത്തരുന്നത്‌.ഓർമ്മയിലെ പ്രണയമാണ് അതിൻ്റെ മൂല തത്ത്വം.കാലം ഒരിക്കലും മായ്ച്ചു കളയാത്ത സ്നേഹ രൂപമാണ് പ്രണയമെന്നാണ് ഇതിൻ്റെ വിളിച്ചോതൽ.ഓർത്തെടുക്കുമ്പോൾ, പ്രണയത്തിനു കിട്ടുന്ന സുഖം കവിക്ക്; അനിർവചനീയമായ ഒരു അനുഭൂതിയാണ്;

           ”മുറ്റത്തിനപ്പുറം തൈവാഴയിലെ
            കിളുന്നിലകളെ
            മഴത്തുള്ളികൾ നനു നനെ
            തഴുകി നനയ്ക്കും”

എന്ന് വായിക്കുമ്പോൾ പ്രണയം എന്ന അമൂർത്തത, അതിൻ്റെ ഗൃഹാതുരമായ ഒരു മൂർത്ത രൂപമായിത്തന്നെ അനുഭവപ്പെടും.എത്രയോ മനോഹരമായ പ്രണയ സ്മൃതി ദൃശ്യങ്ങളാണ് ഈ കവിത കാട്ടിത്തരുന്നത്. ഒരുപക്ഷേ, ഓർമ്മ തന്നെ ഒരു മികച്ച കാഴ്ച!

           സന്തോഷ്. എസ്. ചെറുമൂട്.
……………..                                        ………………..
 
വീണ്ടും കാണുമെന്നതിൽ സന്ദേഹമൊട്ടുമില്ല 

                        ആഞ്ജലാ ലോപ്പസ്.

കടുത്തചൂടുള്ളൊരുസായന്തനത്തിലേയ്ക്ക്
ചാഞ്ഞുപെയ്തൊരുമഴ 
കുളിര്‍തൂകിയെത്തുന്നനേരം ..
പിന്നാമ്പുറത്തെ സിമന്‍റടര്‍ന്നതിണ്ണയില്‍ 
മഴയുമ്മകള്‍ക്കായികാലുകള്‍ നീട്ടി 
തൊട്ട് തൊട്ട് നമ്മളിരിക്കും ..

മുറ്റത്തിനപ്പുറം തെെവാഴയിലെ 
കിളുന്നിലകളെ 
മഴത്തുള്ളികള്‍ നനു നനെ 
തഴുകി നനയ്ക്കും 

അത്രയും പ്രണയാതുരനേരത്തും നീ  
ഗൗരവമുള്ളൊരു സാഹിത്യമോ രാഷ്ട്രീയമോ 
പറയുകയാവുമെന്നെനിക്കറിയാം 

അതിരിലെ മാങ്കൊമ്പീന്ന് 
ഉറക്കമുണര്‍ന്നൊരുകാറ്റോടിവന്ന് 
മാമ്പൂമണമുള്ളൊരുപിടി മഴനീര്
മേലാകെ കുടഞ്ഞ് തലോടി മറയും . 
ഒരുചെറുകുളിരില്‍ അറിയാതെ നാം 
വീണ്ടും ചേര്‍ന്നിരിക്കും .. 
പറഞ്ഞുവന്ന വലിയകാര്യമെല്ലാം 
മറന്നുപോകും .. 
ചുണ്ടിലുടയാനൊരുങ്ങിനില്‍ക്കുമൊരു 
ജലകണത്തില്‍ നാം മെല്ലെ .. മെല്ലെ..
നമ്മെ ചേര്‍ത്തുവെക്കും . 
വര്‍ഷചുംബനമേറ്റ് നനഞ്ഞപാദങ്ങള്‍ 
തമ്മിലുരുമ്മിയുരുമ്മി ..
മഴതോര്‍ന്ന് ….
മരം പെയ്തുതോരുവോളം  …
ഉടലിലെ കുളിരാറ്റി 
ഉള്ളിലൊരു പനിച്ചൂടുണരുവേളം 
ചേര്‍ന്നിരുന്നങ്ങനെ .. അങ്ങനെ 

ഇല്ലാ ….
വീണ്ടും കാണുമെന്നതില്‍ 
എനിക്ക് സന്ദേഹമൊട്ടുമില്ല ..
Santhosh .S. Cherumoodu

By ivayana