ഒരു കളിയുറുമ്പ് കളിക്കുന്നു
പഞ്ചസാരതരിക്ക് മുകളിൽ
കൂട്ടംതെറ്റിയ ആഹ്ലാദത്തിൽ
ഒരു കളിയുറുമ്പ് കളിക്കുന്നു
ആറു് കാലുകൾ
രണ്ട് കൈ സ്പർശിക
എന്നാലും ഷട്പദങ്ങൾ
മധുരം വിത്ത്
സത്ത്പോയതെല്ലാം പഥ്യം
ചത്ത്പോയ സ്വന്തം ശരീരം
സ്വയം ഭിക്ഷയാകുന്നത്
പട്ടിണിപ്പറവയെപ്പോലെ
കിനാവുകൂട്ടത്തിലൊന്ന്
ഭൂമിയിടത്തിൽ
ഏറെ സമരസം ഉറുമ്പിന്
ഒരറ്റവുമില്ലാത്ത ഭൂമിയിൽ
ഉപ്പും മധുരവും ഉറുമ്പാണ്
ഭൂമിമണ്ണ് കടലെടുക്കുമ്പോൾ
പ്രളയമടുക്കുമ്പോൾ
ആലിലയിലും ഉറുമ്പ്
ഉറുമ്പിൻ
സമൂഹതാളത്തിലാണ്
ലോകം വിരിഞ്ഞത്
പ്രജായത്തം
വിത മാറ്റി നടീലായത്
പദാർത്ഥരസം രാസം
വേർത്തിരിവുകൾ
ഘ്രാണം ശക്തി
അതിഷട്പദീയം
ഉറുമ്പുകൾ പിണങ്ങാറില്ല
ഉറുമ്പുകൾ ഉറങ്ങാറില്ല
പരസ്പര ചുംബനം ഭാഷ
പ്രണയം ശിരസ്സുയർത്തി
വിരഹം ശിരസ്സുതാഴ്ത്തി
ഒരു ഭൂമിവട്ടം
ഉറുമ്പിന്ന് ചുമട്
പുഞ്ചിരി ഒരിക്കൽ മാത്രം
മൃതസന്ധ്യയിൽ
ചുമടിറങ്ങുമ്പോൾ
ഉറുമ്പുകൾ
പിടഞ്ഞ് പിടഞ്ഞാണ്
ആഗോളതാപനം
ശാസ്ത്രീയമായത്
ആഘോഷമായത്
ശരീരത്തേക്കാൾ
അനേകമിരട്ടികൾ
താങ്ങും ചുമടുകൾ
ആ ഭാരതാളത്തിലാണ്
ലോകം വിരണ്ടത്
വേദം വിരിഞ്ഞത്
ഉറുമ്പ് രാഗത്തിലാണ്
ഏകമാനവീയം
ദൃശിമിഴിവുകൾക്കുമാദരം
മിഴിനിറവിൽ കൺകാഴ്ച
മേൽകീഴഷ്ടദിക്കുകൾ
ഇത് മാത്രം ഈ..
സമസാർവ്വദർശിതം
കോപ്പീ പേയ്സ്റ്റ് ആയില്ല
മർത്ത്യന്
ക്ലേശമില്ല
ഉറുമ്പുനാളുകൾ
ഇനിയും ബാക്കിയില്ലേ
മർത്ത്യബാല്യവും
മനുഷ്യനിൽ നിന്നും
ഉറുമ്പിലേക്കുള്ള ദൂരം..
മുഴുവനളന്നില്ല
എന്നാലും..ഒരു ഭൂമിയോളം വരും…

ഹരിദാസ് കൊടകര

By ivayana