ഏഴാം നില,മാളികയും
കളിചിരി,കലപിലവിട്ടും
ഇരുളിൻ്റെ മറപറ്റി
തെളിവൊളിവിൽ
പാതിരതൻ മച്ചുകളിൽ
പായാരപ്പാട്ടുകളിൽ
പെണ്ണിൻ്റെ മണമുള്ള
പകലിലും രാത്രിയിലും
പാടത്തും പറമ്പത്തും
പണിശാലയിലും,
പലനാളായ്,പലപാടും
പരതുന്നുണ്ടൊരു പൂതം!
വെറുതെയിരിക്കുമ്പോഴോ
വെയിലിൽ വിയർക്കുമ്പോഴോ
ഇരുളിൽ ചിരിക്കുമ്പോഴോ
തണുപ്പിൽ വിറയ്ക്കുമ്പൊഴോ,
ഒഴുകുന്നൊരു മിഴിയുണ്ടോ?
നനയുന്നൊരു മാറുണ്ടോ?
കുതിരുന്നൊരു തുണിയുണ്ടോ?
പരതുന്നുണ്ടത് ചുറ്റും.
പാതിരയിൽ പനവിട്ടു
മാളികയിൽ പരതീട്ടും
കരഞ്ഞിട്ടും കവിഞ്ഞിട്ടും
തീരുന്നില്ലൊരു വിഷമം.
“അമ്മേ നീ വരുമെന്ന
അതിമോദവിചാരത്താൽ
കുഞ്ഞിക്കാൽവഴികൾ
ഞാൻ മാറ്റി വരച്ചു.
അനുഭാവമൊരറിവായും
അതിലേറെയലിവായും
ഓരത്തും ചാരത്തും
കൊണ്ടന്നു ഞാൻ.
ശരികേടാണെന്നാലും
ശരിയായതു ചെയ്തുഞാൻ.
മുളചീന്തി പിളരും പോൽ
പരതിവരുന്നതു കാണാൻ
കൊതിയോടാണമ്മയെ
ഞാനും കണ്ടില്ലല്ലോ!
ഞാൻ കണ്ടിതു
വാരിയെടുത്തുമ്മ
കൊടുത്തെന്നാലും
എൻ്റേതല്ലെന്നോതും
കോപം മാത്രം.
ഓരോരോ സന്ധ്യയിലും
ഓരോരോ അമ്മമാർ
ഉണ്ണിയെ തിരികെയെടു-
ത്തതിമോദം പോകുമ്പോൾ
അവരറിയാത,റിയാതെ
അരികത്തെ
പുല്ലാഞ്ഞിക്കാട്ടിൽ
ഞാൻ ചെന്നിട്ടു മിഴികളൊപ്പി.
രാപ്പാടികളുണരുമ്പോൾ
ഇരുൾ വീർപ്പുകളലയുമ്പോൾ
പൊരിവെയിലിൽ ഉരുകുമ്പോൾ
പെരുമഴയിൽ കുതിരുമ്പോൾ
മഞ്ഞിൽ വിറകൊള്ളുമ്പോൾ
മരണം മണക്കുമ്പോൾ
എന്നമ്മേ.. പൊന്നമ്മേ ..
എന്തമ്മേ.. വന്നില്ല
ഇതുവരെ നീ … വന്നില്ല!
എന്നെ പരതി ?
ഞാനെന്നെ
തരുമമ്മേ…
എന്നമ്മേ.. പൊന്നമ്മേ ..
എന്നെ വേണ്ടേ ?”
പത്മനാഭൻ കാവുമ്പായി