രണ്ടുപ്രാവശ്യം അവധിക്ക് വെച്ച
പ്രമാദമായ ഒരു കേസിന്റെ അന്തിമ വിധി പ്രഖ്യാപന ദിവസമാണിന്ന്.
എന്റെ ‘മനസ്സാക്ഷി’യാണ് കോടതിമുറി…
ന്യായാധിപൻ ആയി ‘തലച്ചോറ്’ തന്റെ നീതിപീഠത്തിൽ ഇരുന്നു കഴിഞ്ഞു.
എന്റെ ഹൃദയത്തിൽ അതിക്രമിച്ചുകയറി എന്ന കുറ്റം ആരോപിച്ച് അവിടെ വിചാരണ തടവുകാരനായി കഴിയുന്ന ‘നീ’യാണ് ‘പ്രതി’
എന്റെ മനസ്സിലെ ചിന്തകൾ തന്നെ ‘വാദി’യായ എനിക്ക് വേണ്ടിയും, പ്രതിയായ നിനക്ക് വേണ്ടിയും ‘വക്കീൽ ‘ വേഷമണിഞ്ഞു തയ്യാറായി.
ശരീരത്തിലെ ജീവന്റെ ഓരോ കണികയും വിധി കേൾക്കുന്നതിനായി കോടതി മുറിക്കും, പുറത്തുമായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
തങ്ങൾ കണ്ടതും, കേട്ടതും മാത്രം ബോധ്യപ്പെടുത്താമെന്നും, തെറ്റിദ്ധരിപ്പിക്കുയില്ലായെന്നും കോടതി മുമ്പാകെ സത്യം ചെയ്തു കൊണ്ട് എന്റെ ‘കണ്ണുകളും, കാതുകളും’ ‘സാക്ഷി’കളായി എത്തി.
നീതിപീഠത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വാദിക്കു വേണ്ടിയും, പ്രതിക്കുവേണ്ടിയും ഒരേ സാക്ഷികൾ തന്നെ ഹാജരായത്തിലുള്ള ഔചിത്യം കോടതി ചോദ്യം ചെയ്തുവെങ്കിലും വാദിക്കും, പ്രതിക്കും സമ്മതം ആയതിനാൽ വിചാരണ തുടങ്ങി…
ശക്തമായ വാദപ്രതിവാദങ്ങൾ കൊണ്ട് കോടതിമുറി പ്രകമ്പനംകൊണ്ടു.
അവസാനം…….
വിധി പ്രഖ്യാപനത്തിനായി ന്യായാധിപൻ, തന്റെ പോയിന്റുകൾ ക്രോഡീകരിക്കുന്ന നിമിഷങ്ങൾ……
ഒന്നുകിൽ…..
വാദി കണ്ടെത്തിയ തെളിവുകൾ തെറ്റാണെന്നും, ശക്തമായ തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി വെറുതെ വിടുന്നുവെന്നും പറയാം…..
അല്ലെങ്കിൽ വാദിയുടെ തെളിവുകൾ ശരിയാണെന്നും ശക്തമാണെന്നും പറഞ്ഞ്, കോടതി പ്രതിക്ക് തൂക്കു കയർ വിധിച്ചേക്കാം…
ഉദ്ധ്യേകഭരിതമായ അന്തരീക്ഷം….
പെട്ടെന്നാണ് കോടതി മുറിയിലേക്ക് ‘അമിക്കസ്ക്യൂറി’
കയറിവന്നത്.
-വാദിയോ, പ്രതിയോ അറിയാതെ കോടതി ഏർപ്പെടുത്തിയ ‘പ്രത്യേക നിരീക്ഷകൻ’.
അദ്ദേഹം ഒരു മുദ്രവെച്ച കവർ ന്യായാധിപന്റെ കൈകളിലേക്ക് കൊടുത്തു.
അത് പൊട്ടിച്ചു വായിച്ച അദ്ദേഹത്തിന്റെ മുഖത്തു പെട്ടെന്ന് ഗൗരവം നിറഞ്ഞു.
കനത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ട് ആ സ്വരം മുഴങ്ങി…..
“വാദിയും ‘പ്രതിയും നിരത്തിയ തെളിവുകൾക്ക് അതീതമാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന അമൂല്യമായ ഈ തെളിവ്.
‘വിധി വിളക്കിച്ചേർത്ത ചങ്ങലക്കണ്ണികൾ’ ആണ് വാദിയും പ്രതിയും…!!! അതുകൊണ്ടുതന്നെ കോടതിയിൽ കള്ളക്കേസ് ചമച്ച വാദിയേയും, പ്രതിയേയും ഒരേപോലെ ശിക്ഷിക്കാൻ പോകുന്നു.”
“പ്രതിക്ക് ഏഴു പ്രാവശ്യം ജീവപര്യന്തം വിധിക്കുന്നു..!!!”
വിചിത്രമായ കോടതിവിധിയിൽ അത്ഭുതം കൂറിയവർ ചോദ്യങ്ങൾ എറിഞ്ഞു….
“രണ്ടുപേർക്കും ശിക്ഷയുണ്ടെന്നല്ലേ പറഞ്ഞത്…?
എന്നിട്ട് പ്രതിക്ക് മാത്രം ശിക്ഷ വിധിച്ചത്…!!?
പിന്നെ ഈ ഏഴു പ്രാവശ്യം ജീവപര്യന്തം എന്നൊക്കെ പറഞ്ഞാൽ…………!!!???”
ഒരു പുഞ്ചിരിയോടുകൂടി ന്യായാധിപൻ ആ സംശയങ്ങക്കുള്ള ഉത്തരം നൽകി…
“ഈ ജന്മത്തിൽ മാത്രമല്ല, ഇനിവരും ജന്മങ്ങളിലെല്ലാം വാദിയുടെ ഹൃദയത്തിലെ തടവുകാരൻ ആയിരിക്കും പ്രതി….
ഒരേ സ്ഥലത്തുതന്നെ തടവ് കിടക്കേണ്ടി വരുന്നതും, ഒരേയാളെ തന്നെ തടവുകാരനാക്കേണ്ടിവരുന്നതും ഒരുപോലെ തന്നെയാണ്……… രണ്ടുപേരും അനുഭവിക്കട്ടെ….അല്ല പിന്നെ… കോടതിയോടാണോ കളി… !!!”
✍️ സുനി ഷാജി