അക്ഷരങ്ങൾതന്നക്ഷയഖനിയായവളേ!
അമ്പത്താറക്ഷരസ്വരൂപിണി!
അമ്മേ!അമ്മിഞ്ഞപ്പാലമൃതായ്
നാവിൽ നർത്തനമാടിയ ദേവീ
കടലല കഴലിണതഴുകുംമൊഴിതൻ
ഉടലഴകാഴക്കടലിൽത്തെളിയും
കാടും കാറ്റും രതിമന്മഥരായ്
ആടിപ്പാടും പ്രിയമലനാടേ!
വിണാധരിയാം വാണീമണിതൻ
പ്രണവസുധാമയ മൊഴിവിസ്മയമേ!
ഭാഷാഭാഗീരഥി നീയൊഴുകി
ഹരിതമനോഹരമായീതീരം
ആത്മാവിൻ കുളിരാഴങ്ങളിലായ്
സുഖദമൊരുഷ്ണസ്പർശവുമായി
ഹർഷോന്മാദപ്പൂന്തോപ്പുകളിൽ
മുന്തിരിമുത്തുക്കുമിളകൾ പൂത്തു!
കാന്തനു ചതുരംഗജയമേകിപോലൊരു
കാന്തതൻ താരാട്ടിന്നീണം
താളമതെന്നുമീത്തീരത്തിൻ താരാട്ടായ്
കണ്ണന്മാർക്കെല്ലാമുറക്കുപാട്ടും
തത്തമ്മപ്പെണ്ണിൻ നാവിലൂടൊഴുകി
യുത്തരരാമചരിതകാവ്യം!
ചാക്യാർതൻ ഭള്ളിനെ തുള്ളിയിരിത്തി
നമ്പ്യാർതൻ രസവാണീവാഗ്വിലാസം!
ചങ്ങമ്പുഴതന്റെ കാവ്യകുമാരിമാർ
മുങ്ങിനീരാടി നിൻ പുണ്യതീർത്ഥങ്ങളിൽ!
ജനകജയിലൊരഗ്നിപർവ്വതം കാട്ടിനാൻ
ധന്യനാമാശാൻ കുമാരകവീന്ദ്രൻ!
കർണ്ണകദനം കൈരളീവ്യഥയാക്കിനാൻ
കർണ്ണഭൂഷണകാരനുള്ളൂരയ്യരും!
പാരിനു പാഠമാക്കിനാൻ വള്ളത്തോൾ
പരമേശ്വര പിതൃഗുരുസംഘർഷം!
സഹ്യപുത്രമനമനാവരണം ചെയ്താൻ
വൈലോപ്പിള്ളി!
റേഷൻക്യൂവിൽ ഗാന്ധിയെക്കണ്ടാൻ
കൃഷ്ണവാര്യരും!
കൃഷ്ണനെത്തല്ലീ വയലാറിൻ
കുചേലൻ!
ഉജ്ജയിനിയിലലഞ്ഞോയെൻവി
പാവം മാനവഹൃദയമെന്നല്ലോ
വിതുമ്പീ സുഗതതൻ മാതൃഭാവം!
അഴലകറ്റുമാനന്ദപ്രദായിനി!
വരമൊഴിയും വാമൊഴിയും നീയേ!
ചുരുളഴിയും പഴമൊഴിയും
ദേവാങ്കണപ്രിയസങ്കീർത്തനങ്ങളും
ദിവ്യമാം ഹൃദയഭാഷ്യവും നീയേ!!-

By ivayana