നടക്കുന്നു എന്നതിനെ
ഒരു ചെറുവിരൽ കൊണ്ടു പോലും
അടയാളപ്പെടുത്താൻ കൂട്ടാക്കാത്ത
കാലുകളുള്ള സ്ത്രീ
അവർ
പുഴയിൽ തുണിയലക്കി വിരിക്കുകയോ
കൂട്ടാൻ പാകം നോക്കുകയോ
കുഞ്ഞിന് മുലകൊടുക്കുകയോ
നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പിൽ
പണിയെടുക്കുകയോ
ചെയ്യുന്നു
എന്തായാലും
അവരുടെ കാലുകളിൽ
വിണ്ടു പൊട്ടിയ പാടുകളുണ്ടാവും
പെട്ടെന്ന്
വശങ്ങളിലേയ്ക്ക് തിരിയുമ്പോൾ
കൊളുത്തി വലിക്കുന്ന
ഒരു നടുവേദനയുണ്ടാവും
മൂക്കിന് താഴെയൊരു
മുറിവു വലുതാകുമ്പോൾ
അവൾ ചിരിക്കുന്നുവെന്ന് നിങ്ങൾ പറയും
വേദനിപ്പിക്കുന്നൊരു
കറുത്ത മറുകിനെ
ചവിട്ടി മെതിച്ചാണവർ നടക്കുക
കൈയിലെ സഞ്ചിയിൽ ,
ചെറിയൊരുണക്കമീൻ പൊതിയുണ്ടാവും
കൊതി പറഞ്ഞ കുഞ്ഞുവായ്ക്ക്
കൊടുക്കാൻ
മുറിവായ വല്ലാതെ വിടരുന്നു
ഇതിലേറെ
എങ്ങനെ ഒരുവൾക്ക്
സ്വയമടയാളപ്പെടുത്താനാവും !
വൈഗ

പ്രിയ സൗഹ്യദത്തിനു ഈവായനയുടെ ജന്മദിനാശംസകൾ.
ചിത്രം : അനൂസ് സൗഹൃദവേദി

By ivayana