“സർഗ്ഗസംഗീതം” പൊഴിച്ച പുല്ലാങ്കുഴൽ
കൊണ്ടുപോയ് നീ സ്വർഗ്ഗലോകത്തിലെങ്കിലും
ദിവ്യാക്ഷരങ്ങളായ് നീ വിതച്ചിട്ടതി-
ക്കാവ്യലോകത്തിന്റെ സ്വർണ്ണമഞ്ചാടികൾ
കൈരളിയ്ക്കെത്ര നൈവേദ്യങ്ങളാണു നീ
ആത്മാവു തോറും വരച്ചിട്ട വാക്കുകൾ
പറയൂ മഹാകവേ, കാലത്തിനപ്പുറം
“രാജഹംസം” നീ പുനർജനിച്ചീടുമോ?
ഗന്ധർവ്വഗായകാ, തൂലികത്തുമ്പിനാൽ
നീ കുറിച്ചിട്ട നിൻ മന്ത്രാക്ഷരങ്ങളെ
മന്ദഹാസങ്ങളായ് നെഞ്ചേറ്റി ഞങ്ങളി-
ന്നർപ്പിച്ചതത്രേ നിനക്കായൊരഞ്ജലി
“നോവുമാത്മാവിനെ സ്നേഹിച്ചു” തീരാതെ
നീ പെയ്തു തീർത്ത നിൻ രാഗങ്ങളൊക്കെയും
ഹേ മഹായോഗി, നീ ഭാഷയ്ക്കു പൂത്താലി
കോർക്കാനെടുത്ത പൊൻ നക്ഷത്രമൊട്ടുകൾ
നീ പാടിയേൽപ്പിച്ച വിപ്ലവക്കാറ്റുകൾ
കാത്തുവെയ്ക്കും ഞങ്ങളീയുഗാന്ത്യം വരെ
വാക്കുകൾ കൊണ്ടു നീ തീർത്ത മായാജാല
മുദ്രകൾക്കൊപ്പം നടന്നു നാം നീങ്ങവേ,
അഗ്നി ചാലിച്ച നിന്നക്ഷര ക്കൂട്ടുകൾ
തോറുമാദ്യന്തം പ്രദക്ഷിണം വെയ്ക്കവേ,
കണ്ടെടുത്തീടാം നമുക്കു പണ്ടെപ്പൊഴോ
കൈവിട്ടു പോയൊരാ നിൻ “കളിപ്പമ്പരം”!!!
…….ശുഭം…….
സോജാ രാജേഷ്

By ivayana